കാഠ്മുണ്ടു: നേപ്പാളിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500-ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 14 ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യചിച്ചതായി നേപ്പാൾ സൈന്യം അറിയിച്ചു. കാണാതായവരിൽ 517 പേർ വിദേശികളാണ്. കാണാതായവരിൽ 288 ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 33 മലയാളികളുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു.100 ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദുരന്തത്തെ നേരിടുന്ന ഇന്ത്യ നേപ്പാളിന് അടിയന്തര സഹായങ്ങൾ എത്തിച്ചു. സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ടിബറ്റിന് അതിർത്തിയിലുള്ള നിരവധി പദ്ധതി പ്രദേശങ്ങൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബീജിങ്ങിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
നേപ്പാളിന് സാധ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിച്ചു. ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യയുടെ സഹായ വാഗ്ദാനത്തിനും സഹാനുഭൂതിക്കും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തസമയത്ത് ഇന്ത്യ നേപ്പാളിനൊപ്പം നിൽക്കുമെന്നും 10 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അറിയിച്ചു. ദുരന്തബാധിതരായ പൗരന്മാരുടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നേപ്പാൾ സർക്കാറുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി
click on malayalam character to switch languages