യുക്മ കേരളപൂരത്തിന് ആവേശം പകരാൻ സ്വാഗതഗാനം പുറത്തിറക്കി; ദേവലാൽ സഹദേവൻ ചിട്ടപ്പെടുത്തിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
Jul 15, 2026
സ്വന്തം ലേഖകൻ
ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളിയ്ക്ക് ആവേശം പകരാൻ സ്വാഗത ഗാനവും. കേരളപ്പൂരം… കേരളപ്പൂരം… യുക്മയുടെ അഭിമാന കേരളപ്പൂരം…നെഞ്ചിലേറ്റിയ… ഒരൊറ്റ മനസ്സുമായ്…അന്യനാട്ടിൽ… മാന്വേഴ്സിൽ… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയനാണ് സ്വാഗതഗാനം പുറത്തിറക്കിയത്.
യുക്മ സഹയാത്രികനും ആദ്യ യുക്മ ദേശീയ കലാമേളയുടെ കോർഡിനേറ്ററുമായ ദേവലാൽ സഹദേവനാണ് ഗാനം രചിച്ച് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗാനം രൂപകല്പന ചെയ്തത്. പൂരാവേശത്തിന് മാറ്റുകൂട്ടാൻ സ്വാഗതഗാനവുമെത്തുന്നതോടെ എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ഹിറ്റായി മാറുകയാണ് കേരളപൂരം സ്വാഗതഗാനവും…
മാൻവേഴ്സ് തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലാണ്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന മാൻവേഴ്സിൽ വള്ളംകളിയും ഓണച്ചന്തം സീസൺ 2 സുന്ദരി മത്സരവും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
പതിനായിരത്തിലേറെ മലയാളികൾ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളും വേദിയിൽ അരങ്ങേറും.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages