ലണ്ടൻ: ലേബര്‍ ഗവണ്‍മെന്റിന്റെ പുതിയ മൈഗ്രേഷന്‍ സിസ്റ്റത്തിന്റെ ടെക്‌നിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും, വര്‍ഷാവസാനത്തോടെ അന്തിമ നയപ്രഖ്യാപനം ഉണ്ടാകുമെന്നും കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റിയെ അറിയിച്ച് ഹോം സെക്രട്ടറി. ബ്രിട്ടനില്‍ എത്തിയ കുടിയേറ്റക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് പുതിയ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍.
അതേസമയം കുടിയേറ്റ നിയമങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള മാറ്റങ്ങളിൽ ഇളവ് വരുത്തണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. യുകെയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നത് വിദേശ തൊഴിലാളികൾക്ക് കൂടുതൽ പ്രയാസകരമാക്കുന്ന തരത്തിലുള്ള കുടിയേറ്റ നിയമങ്ങളിലെ നിർദ്ദിഷ്ട മാറ്റങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രേഡ് യൂണിയനുകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത്. ഈ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചാൽ, സ്ഥിരതാമസത്തിന് അർഹത നേടുന്നതിന് ഭൂരിഭാഗം കുടിയേറ്റക്കാർക്കും നിലവിലുള്ള അഞ്ച് വർഷത്തിന് പകരം 10 വർഷം കാത്തിരിക്കേണ്ടി വരും. അതേസമയം, ആരോഗ്യ-സാമൂഹിക സേവന (health and social care) വിസയിലുള്ള വിദേശ തൊഴിലാളികൾക്ക് 15 വർഷത്തെ കാത്തിരിപ്പ് നേരിടേണ്ടി വരും. പുതിയ പ്രധാനമന്ത്രി ആൻഡി ബർണമിന് കീഴിലും അതേ പദവിയിൽ തുടരുന്ന ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദാണ് കഴിഞ്ഞ വർഷം ഈ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. യുകെയിൽ ഇതിനകം ജോലി ചെയ്യുന്ന തൊഴിലാളികളെ ബാധിക്കുന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ട്രേഡ് യൂണിയൻ കോൺഗ്രസ് (TUC) പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ സർക്കാർക്കാരിന്റെ ഇമ്മിഗ്രെഷൻ നയങ്ങളിലെ വിശദവിവരങ്ങള്‍ 2027 ഫെബ്രുവരിക്ക് മുന്‍പ് പുറത്തുവിടുമെന്ന് ഷബാന മഹ്മൂദ് അറിയിച്ചു. 2022 വിസ സിസ്റ്റം വഴി യുകെയില്‍ എത്തിയവരുടെ കാലാവധി അഞ്ച് വര്‍ഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം ഉണ്ടാകുക. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവ് പത്ത് വര്‍ഷമായി വര്‍ദ്ധിക്കുമോയെന്നതാണ് പ്രധാന ചോദ്യം.
ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയില്‍ എത്തിയവര്‍ക്ക് ഐഎല്‍ആറിന് 15 വര്‍ഷവും, 12 മാസത്തില്‍ കൂടുതല്‍ ബെനഫിറ്റ് നേടിയവര്‍ക്ക് 20 വര്‍ഷവും കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ യുകെയിലുള്ളവര്‍ക്ക് ഇതില്‍ ഇളവ് നല്‍കുമോയെന്നും കുടിയേറ്റക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സോഷ്യല്‍ കെയറില്‍ ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്ന തരത്തില്‍ പദ്ധതികളുമായി മുന്നോട്ട് പോകരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാറ്റങ്ങള്‍ കുടിയേറ്റ നഴ്‌സിംഗ് ജീവനക്കാരെ ചതിക്കുന്നതിന് തുല്യമാകുകയും, നാഷണല്‍ കെയര്‍ സര്‍വ്വീസ് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിരുദ്ധമായി മാറുകയും ചെയ്യുമെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു.
യുഎസും, ഓസ്‌ട്രേലിയയിലും രജിസ്‌റ്റേഡ് നഴ്‌സുമാര്‍ക്ക് ഉടന്‍ പെര്‍മനന്റ് റസിഡന്‍സി അനുവദിക്കുമ്പോള്‍ യുകെയില്‍ സെറ്റില്‍മെന്റിന് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുന്നതായി ആര്‍സിഎന്‍ ചൂണ്ടിക്കാണിച്ചു. കാനഡയില്‍ 16 മാസത്തിനുള്ളിലും, ന്യൂസിലാന്‍ഡിലും, അയര്‍ലണ്ടിലും രണ്ട് വര്‍ഷത്തിലും, ജര്‍മ്മനിയില്‍ മൂന്ന് വര്‍ഷത്തിലും സെറ്റില്‍മെന്റ് നല്‍കുന്നുണ്ട്.
click on malayalam character to switch languages