1 GBP = 129.69
breaking news

ജാദവിന്റെ കൈവശം മുസ്ലീം പേരിലുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായി പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍

ജാദവിന്റെ കൈവശം മുസ്ലീം പേരിലുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായി പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍

ഹേഗ്: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ നാടകമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. അതേസമയം, ജാദവിന്റെ കുറ്റസമ്മത വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന് കോടതി അനുമതി നല്‍കിയില്ല. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ അടിയന്തരമായി റദ്ദാക്കണമെന്ന് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുവാദത്തിനെത്തിയ പാക് അഭിഭാഷകനാണ് കോടതിയില്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇന്ത്യ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. പാകിസ്ഥാന് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം ലഭിച്ചതാണെന്നും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പാക് അഭിഭാഷകന്‍ ഖവാര്‍ ഖുറേഷി പറഞ്ഞു. പിടിയിലാകുമ്പോള്‍ ജാദവിന്റെ കൈവശം മുസ്ലീം പേരിലുള്ള ഒരു പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതായും എന്നാല്‍ ഇതിനെ പറ്റി ഇന്ത്യ ഒന്നും വിശദീകരിക്കുന്നില്ലെന്നും ഖുറേഷി ആരോപിച്ചു. ജാദവിന് കോണ്‍സുലാര്‍ ബന്ധം അനുവദിക്കാനാവില്ല. ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തതായി ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയതായും പാകിസ്ഥാന്‍ കോടതിയില്‍ വാദിച്ചു.

നേരത്തെ , ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യ ജാദവിനെ അനധികൃതമായി തടവില്‍ വച്ചിരിക്കുന്നത് വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നും വാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്റായി ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ വാദം. മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടയുകയായിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more