1 GBP = 129.60

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും..

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും..

 ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: മനുഷ്യവംശത്തിന്റെ പാപമോചനത്തിനായി സ്വയം ബലിയായി കുരിശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ദൈവപുത്രനായ ഈശോയുടെ മഹാത്യാഗത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് ലോകം വിശുദ്ധവാരത്തിലേക്ക് കടക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം ആദ്യമായി വരുന്ന വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതയുടെ കത്തീഡ്രലായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

ഓശാന ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ വി. കുര്‍ബ്ബാനയും കുരുത്തോല വെഞ്ചെരിപ്പും ഈശോയുടെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കുരുത്തോലകളുമേന്തി പ്രദക്ഷിണവും നടക്കും. അന്ന് ഉച്ച കഴിഞ്ഞു 2.30ന് കവന്‍ട്രിയില്‍ നടക്കുന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കും മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ‘വലിയ ബുധന്‍’ എന്നറിയപ്പെടുന്ന പെസഹാ വ്യാഴത്തിന്റെ തലേദിവസം വൈകീട്ട് 5.30ന് പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വി. കുര്‍ബാനയും വി. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷകള്‍ വൈകീട്ട് 6 മണിക്ക് ആരംഭിക്കും. കാലു കഴുകല്‍ ശുശ്രൂഷയും അപ്പം മുറിക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് നടക്കും. ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ 10 മണിക്കും ദുഃഖശനിയുടെ ശുശ്രൂഷകള്‍ രാവിലെ 9.3നുമാണ് ആരംഭിക്കുന്നത്. ഉയിര്‍പ്പു തിരുന്നാളിന്റെ വിജില്‍ മാസ് വൈകീട്ട് ഏഴ് മണിക്കും ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ 9 മണിക്കും ഉയിര്‍പ്പിന്റെ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും ആഘോഷമായ വി. ബലിയര്‍പ്പണവും നടക്കും.

കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷനൊപ്പം വികാരി ജനറല്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍, സീറോ മലബാര്‍ സഭാ ഫിനാന്‍സ് ഓഫീസര്‍ (മൗണ്ട് സെന്റ് തോമസ്, കാക്കനാട്), റവ. ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

കത്തീഡ്രലില്‍ ദേവാലയത്തിനു പുറമെ രൂപതയുടെ എട്ടു റീജിയനുകളിലുള്ള എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

മിക്കയിടങ്ങളിലും നോമ്പുകാല ഒരുക്ക ധ്യാനങ്ങളും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകളും മറ്റു ആത്മീയ ഒരുക്കങ്ങളുമായി നോമ്പുകാലത്തിന്റെ ആരംഭം മുതല്‍ തന്നെ ഈ ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു ഒരുങ്ങി വരികയായിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more