കേംബ്രിഡ്ജ്: വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും ക്രൈസ്തവ വിശ്വാസമൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും കുട്ടികൾക്ക് അവസരമൊരുക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര കത്തോലിക്കാ മിഷനും ഇപ്‌സ്വിച്ച് മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ്–2026 ശ്രദ്ധേയമായി.
കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ഏകദിന ക്യാമ്പിൽ കേംബ്രിഡ്ജ്, ഇപ്‌സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.
തുടർന്ന് ബൈബിൾ പഠനം, തിരുവചന വിചിന്തനം, ബൈബിൾ കഥകളുടെ അവതരണം, ബൈബിൾ ക്വിസ്, ആക്ഷൻ സോങ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികൾ നടന്നു. ദൈവവചനത്തോടുള്ള സ്നേഹവും പ്രാർത്ഥനാജീവിതവും ക്രൈസ്തവ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് ക്രമീകരിച്ചത്.
മിഷൻ വികാരി ഫാ. ജോർജ് വലിയപറമ്പിലും ഔർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ ദൈവാലയ വികാരി ഫാ. ജോൺ മിൻഹും ക്ലാസുകൾ നയിച്ചു. കുട്ടികളുടെ വിശ്വാസരൂപീകരണത്തിൽ കുടുംബത്തിന്റെയും ഇടവക സമൂഹത്തിന്റെയും പങ്ക് നിർണായകമാണെന്നും ദൈവവചനം ജീവിതത്തിന്റെ യഥാർത്ഥ വഴികാട്ടിയാകണമെന്നും അവർ ഓർമിപ്പിച്ചു.
ക്യാമ്പ് കോർഡിനേറ്റർ സുബീഷ് ജോസിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ പ്രദീപ് മാത്യു, വർഗീസ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചൻ, സേഫ്‌ഗാർഡിംഗ് ലീഡ് അജു വർഗീസ് എന്നിവർ ക്യാമ്പിന്റെ ഏകോപനത്തിന് നേതൃത്വം നൽകി. ഗ്ലോബി മാത്യു, ദീപ്തി ജോമോൻ, റേച്ചൽ ജേക്കബ്, ബിനിത വർഗീസ്, ലിജി വർഗീസ്, സീനിയ ജോസഫ്, ലിഷ കിളീക്കൽ സാമുവൽ, മിനി ഷിനു എന്നിവരുള്‍പ്പെടെയുള്ള കാറ്റെക്കിസം അധ്യാപകരും നിരവധി മാതാപിതാക്കളും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസരൂപീകരണത്തിനും ഇത്തരത്തിലുള്ള സംരംഭങ്ങൾ വലിയ പ്രചോദനമാണെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
click on malayalam character to switch languages