കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയൊഴിയുന്നില്ല. തൃശൂർ പീച്ചി സ്വദേശിയായ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജനയുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിയായ അനിലയെ (32) മിൽപീറ്റസ് പൊലീസ് പിടികൂടിയിട്ടുണ്ട്. മക്കൾ ഉറ്റസൃഹൃത്തിനാൽ കൊല്ലപ്പെട്ട
അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇരുവരുടെയും കുടുംബങ്ങൾ. ഇതു സംബന്ധിച്ച് കാലിഫോർണിയയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിക്കാത്തതും കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു. കുറ്റകൃത്യം സംബന്ധിച്ച് മറ്റ് കൂടുതൽ വിവരങ്ങളും കുടുംബത്തിന് ലഭിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ 10നാണ് അഞ്ജനയ്ക്ക് പരിക്കേറ്റെന്ന് നാട്ടിൽ വിവരം പൊലീസിന് ലഭിച്ചത്. പിന്നീട് മരിച്ചെന്നും വിവരം ലഭിച്ചു. നാലുവർഷം മുമ്പാണ് അഞ്ജന നാട്ടിൽ വന്ന് മടങ്ങിയത്. പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല. കൊലപാതകമായതുകൊണ്ട് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടുകിട്ടുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. അതിന് ശേഷം മാത്രമേ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയൂ എന്നും കാലതാമസത്തിനിടയാക്കിയേക്കാമെന്നും അദ്ദേഹം അറിയിച്ചു.
ആനും ഭർത്താവും അഞ്ചു വർഷം മുമ്പാണ് യു.എസിലേക്ക് പോയത്. ജൂണിൽ നാട്ടിലെത്തി മടങ്ങിയതാണ് ആൻ. പിതാവ് മത്തായിയുടെ ജന്മദിനാഘോഷത്തിനായിരുന്നു ആൻ അവസാനമായി വീട്ടിലെത്തിയത്. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ചിങ്ങവനത്താണ് ആനിന്റെ ഭർത്താവിന്റെ വീട്. അഞ്ജന നാലു വർഷം മുമ്പാണ് നാട്ടിൽ വന്നത്.
കൊല്ലപ്പെട്ട യുവതികളും പ്രതിയും കുടുംബസമേതം ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. ദിവസങ്ങൾക്കു മുമ്പ് മൂന്നുപേരും ഒന്നിച്ച് ഓണം ആഘോഷിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ വച്ച് അഞ്ജന ഹരിയെ അനില കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആൻ മേരിയുടെ മൃതദേഹം അപ്പാർട്ട്മെന്റിനുള്ളിൽ കുത്തേറ്റ നിലയിലായിരുന്നു.
സോഫ്റ്റ്വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ഇവർക്ക് ആറുവയസ്സുള്ള മകളുണ്ട്. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു അഞ്ജന. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരിയെ അപ്പാർട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചിങ്ങവനം സ്വദേശിയുടെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. രണ്ട് കുട്ടികളാണ് ആനിനുള്ളത്. ഇവരുടെ സുഹൃത്താണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള അനിലയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
click on malayalam character to switch languages