1 GBP = 129.65
breaking news

ഹുർമുസ് തുറന്നാൽ ഉപരോധത്തിൽ നിന്നും ഇളവ് നൽകാമെന്ന് യു.എസ്

ഹുർമുസ് തുറന്നാൽ ഉപരോധത്തിൽ നിന്നും ഇളവ് നൽകാമെന്ന് യു.എസ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുകയും മേഖലയിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ ആക്രമണം അവസാനിപ്പിക്കുകയും ചെയ്താൽ രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാൻ അമേരിക്ക തയാറാണെന്ന് റിപ്പോർട്ട്. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയാണ് ഈ വാർത്ത പുറത്തുവിട്ടത്. തെഹ്റാനിൽ നടന്ന ചർച്ചകൾക്കിടെ പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ വഴിയാണ് വാഷിങ്ടൺ ഈ നിർദേശം ഇറാൻ അധികൃതർക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇറാനുമേൽ അമേരിക്ക കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നയതന്ത്ര നീക്കം. ഇറാൻ ഭരണകൂടത്തെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന 60 സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവർക്കും എണ്ണ വരുമാനത്തിനും പുറമേ, ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് നിർണായക മേഖലകൾക്കുമെതിരെ യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തെഹ്റാനുമായി തുടർന്നും വ്യാപാരബന്ധം പുലർത്തുന്ന വിദേശ സർക്കാരുകൾക്കും കമ്പനികൾക്കും എതിരെയും കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് വാഷിങ്ടൺ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹുർമുസ് തുറന്ന് കൊടുക്കുകയാണെങ്കിൽ ഈ പുതിയ സാമ്പത്തിക നടപടികളും ഉപരോധങ്ങളും പിൻവലിക്കാമെന്നാണ് യു.എസ് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ, അമേരിക്കൻ നിർദേശത്തിൽ കൃത്യമായ മറുപടി നൽകുന്നതിന് മുൻപായി രാജ്യത്തിനകത്ത് കൂടുതൽ കൂടിയാലോചനകൾ തുടരുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മുഹ്സിൻ റെസായി വ്യക്തമാക്കി. മേഖലയിൽ വീണ്ടുമൊരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനും കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുമായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ആസിം മുനീർ തെഹ്റാൻ സന്ദർശിച്ചത്. സന്ദർശനം മികച്ച നയതന്ത്ര പുരോഗതിയുണ്ടാക്കിയതായി ഇറാനിയൻ അധികൃതർ വിശേഷിപ്പിച്ചപ്പോൾ, മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിലും അന്താരാഷ്ട്ര സമുദ്രപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലൂന്നിയുമാണ് ചർച്ചകൾ നടന്നതെന്ന് പാകിസ്താനും വ്യക്തമാക്കി.

ഇതിനുപുറമേ, ഹുർമുസ് കടലിടുക്കിലൂടെ താത്കാലികമായി ഒരു സംയുക്ത കപ്പൽ പാത സ്ഥാപിക്കുന്നതിനായുള്ള ഘട്ടംഘട്ടമായുള്ള ചട്ടക്കൂടിനെക്കുറിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര പുനഃസ്ഥാപിക്കുന്നതിനായി വിവിധ തലങ്ങളിൽ ശക്തമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ആഗോള ഊർജ്ജ വിതരണത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന സമുദ്രപാതയായതിനാൽ തന്നെ, യുദ്ധത്തിന്റെ തുടക്കം മുതലേ ഹുർമുസ് കടലിടുക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ കേന്ദ്രബിന്ദുവായി തുടരുകയാണ്. നിലവിലെ സംഘർഷങ്ങളെ തുടർന്ന് ഇതുവഴിയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇത് ക്രൂഡ് ഓയിൽ കയറ്റുമതിയെയും അന്താരാഷ്ട്ര ഇന്ധന വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ആഗോളതലത്തിൽ ശക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more