അരുൺ വർഗ്ഗീസ്
യുകെ വാൽസിംഗ്ഹാം : മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോക്യൻ ആരാധനാപാരമ്പര്യത്തിന്റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയൻ സംഘടിപ്പിക്കുന്ന വാർഷിക വാൽസിംഗ്ഹാം മരിയൻ മഹാതീർഥാടനം ആഗസ്റ്റ് 29ന് നടക്കും. ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ റോമൻ കാത്തലിക് നാഷനൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമാണ് വേദി.
‘Mary, Cause of Our Joy’ എന്ന ആപ്തവാക്യത്തിൽ നടക്കുന്ന തീർഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.
യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്ന് വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ വാൽസിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
രാവിലെ 10.30ന് പ്രാരംഭ പ്രാർഥനയോടെ തീർഥാടനത്തിനു തുടക്കമാകും. 11ന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. ഉച്ചയ്ക്ക് 12ന് ഭക്ഷണത്തിനുള്ള ഇടവേളക്ക് ശേഷം
1.30ന് ആഘോഷപൂർവമായ വിശുദ്ധ കുർബാന യൂറോപ്പിന്റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. യുകെ റീജിയണിലെ വൈദികർ സഹകാർമികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്റെ സൗന്ദര്യവും സുറിയാനി പ്രാർഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന വി കുർബാന തീർഥാടനത്തിന്റെ മുഖ്യ ആകർഷണമാകും.
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളർച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാർഥനകൾ നടത്തും. പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകർന്നുനൽകാനുള്ള സഭാസമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീർഥാടനം മാറും.
വൈകിട്ട് 5ന് സമാപന പ്രാർഥനയോടെ പരിപാടികൾ അവസാനിക്കും.
യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളിൽനിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജിയണൽ കോർഡിനേറ്റർ വന്ദ്യ.ഡോ.ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പോ,യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ റോണി വർഗീസ് എന്നിവർ അറിയിച്ചു.
click on malayalam character to switch languages