1 GBP = 127.90
breaking news

ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി, സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം

ഓർമ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മൻ; ഐ ഒ സി (യു കെ) കവൻട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി, സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന് തുടക്കം

റോമി കുര്യാക്കോസ്

കവൻട്രി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ കവൻട്രി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് & ഗ്രീറ്റ് വിത്ത് ഡോ. മറിയ ഉമ്മൻ” പരിപാടി ശ്രദ്ധേയമായി. വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തവും സജീവമായ സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.

യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അശ്വിൻ രാജ് നന്ദി രേഖപ്പെടുത്തി. ട്രഷറർ ജയ്മോനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപേഷ് സ്കറിയയും പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സിറ്റിസൺസ് ഗൈഡൻസ് ഹബ്ബിന്റെ ഉദ്ഘാടനം ഡോ. മറിയ ഉമ്മൻ നിർവഹിച്ചു. പ്രവാസി സമൂഹത്തിനും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാർഗനിർദേശവും സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹബ്ബ് പ്രവർത്തനം ആരംഭിക്കുന്നത്. ഹബ്ബിന്റെ സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കവൻട്രി യൂണിറ്റ് വനിതാ വിങ് പ്രതിനിധി ജോസ്ഫൈൻ, ഡോ. മറിയ ഉമ്മന് യൂണിറ്റിന്റെ ഉപഹാരം സമർപ്പിച്ചു.

യു കെയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഷൈജുമോൻ മോഡറേറ്റ് ചെയ്ത സംവാദത്തിൽ രാഷ്ട്രീയം, സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ മേഖല, പ്രൊഫഷണൽ ജീവിതം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. പങ്കെടുത്തവർക്ക് ഡോ. മറിയ ഉമ്മനുമായി നേരിട്ട് ആശയവിനിമയം നടത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ലഭിച്ചു.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമ്മകൾ ഡോ. മറിയ ഉമ്മൻ പങ്കുവെച്ചത് സദസ്സിനെ വികാരഭരിതമാക്കി. ജനങ്ങളോടൊപ്പം ജീവിച്ച നേതാവിന്റെ സേവനപാതയും ജീവിതമൂല്യങ്ങളും അവർ അനുസ്മരിച്ചത് ശ്രോതാക്കളുടെ മനസിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.

സമൂഹസേവനത്തിനും പൊതുപ്രവർത്തനത്തിനും പുതിയ പ്രചോദനവും ദിശാബോധവും പകരുന്ന വേദിയായാണ് പരിപാടിയെ പങ്കെടുത്തവർ വിലയിരുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more