1 GBP = 127.90
breaking news

വിജയത്തോളം തിളക്കമുള്ള മടക്കം; ഇറാന്‍ ടീം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് കളം നിറഞ്ഞാടിയ ശേഷം

വിജയത്തോളം തിളക്കമുള്ള മടക്കം; ഇറാന്‍ ടീം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് കളം നിറഞ്ഞാടിയ ശേഷം

ഭൗമരാഷ്ട്രതന്ത്രത്തിന്റെ കരിനിഴലുകള്‍ വീണ മണ്ണില്‍ നിന്ന്, ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് അവര്‍ വന്നത്. അമേരിക്കന്‍ മണ്ണില്‍, ലോകഫുട്‌ബോളിന്റെ ആ മഹാമേളയിലേക്ക് ഇറാന്‍ ചുവടുവെച്ചത് വെറുമൊരു കളിസംഘമായല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായിട്ടായിരുന്നു. മത്സരത്തിന് വെറും 24 മണിക്കൂര്‍ മുന്‍പ് മാത്രം വീസ അനുവദിച്ച അമേരിക്കന്‍ നടപടി, കളിക്കളത്തിലും അവര്‍ നേരിട്ട വിവേചനത്തിന്റെ നേര്‍സാക്ഷ്യമായി.

വിശ്രമമില്ലാത്ത പകല്‍വഴികളും ഉറക്കമില്ലാത്ത രാവുകളും ചുറ്റും നയതന്ത്ര പ്രതിസന്ധികളുടെ കനലുകള്‍ എരിഞ്ഞിട്ടും അവര്‍ പതറിയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനോടും ബെല്‍ജിയത്തോട് ചോര ചിന്തി പൊരുതി നേടിയ സമനിലയുടെ കോട്ടകെട്ടി അവര്‍ ലോകത്തെ അത്ഭുതപ്പെടുത്തി. ബെല്‍ജിയവുമായുള്ള മത്സര ശേഷം ഡ്രെസ്സിങ് റൂമില്‍ എഴുതിവെച്ച കത്ത് ഏറെ വൈകാരികമായിരുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന പേര്‍ഷ്യ മുതല്‍ ഇന്നത്തെ ഇറാന്‍ വരെ, ഇറാന്റെ വീര്യം സജീവവും ദൃഢവുമായി നിലനില്‍ക്കുന്നു.
അഭിമാനത്തോടെയാണ് ലോസ് ആഞ്ചലസിലേക്ക് ഞങ്ങള്‍ എത്തിയത്. ലോസ് ആഞ്ചലസ് നല്‍കിയ ആതിഥ്യമര്യാദയ്ക്ക് നന്ദി.

മാന്യതയോടെ മത്സരിച്ചു, അന്തസ്സോടെ മടങ്ങുന്നു. ഇറാനു വേണ്ടി ഹൃദയവും ശബ്ദവും ആത്മാവും നല്‍കിയ ഓരോ ഇറാനിക്കും നന്ദി. എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും ബഹുമാനവും സൗഹൃദവും നിലനില്‍ക്കട്ടെ. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു. ഇറാന്റെ മിനാബ് നഗരത്തിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 168 പിഞ്ചോമനകളുടെ ജീവനാണ് പൊലിഞ്ഞത്.കത്തില്‍ ആ ഹാഷ്ടാഗ് ഉള്‍പ്പെടുത്തി ലോകത്തെ അവര്‍ വീണ്ടും അത് ഓര്‍മ്മിപ്പിച്ചു.

കാല്‍പ്പന്ത് കളിയുടെ വിധിപുസ്തകം ഇറാന് വേണ്ടി തുറന്നിട്ടത് മറ്റൊരു അധ്യായമായിരുന്നു. സിയാറ്റിലിന്റെ പുല്‍മൈതാനത്ത്, ശ്വാസമടക്കിപ്പിടിച്ച ഇഞ്ചുറി ടൈമില്‍ ഷുജാ ഖലീല്‍സാദെ വലകുലുക്കിയപ്പോള്‍ ഒരു രാജ്യം മുഴുവന്‍ ആനന്ദക്കണ്ണീരോടെ കെട്ടിപ്പിടിച്ച് കരഞ്ഞതാണ്. എന്നാല്‍, സാങ്കേതികതയുടെ ഇഴകീറി പരിശോധനയില്‍ ആ സ്വപ്നം ഒരു ഓഫ്സൈഡ് വിധിയില്‍ ഒടുങ്ങിയപ്പോള്‍ അവിടെ തകര്‍ന്നുവീണത് ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളായിരുന്നു. കന്‍സാസ് സിറ്റിയില്‍ ഓസ്ട്രിയയും അള്‍ജീരിയയും സമനിലയില്‍ പിരിഞ്ഞതോടെ, കേവലം ഒരൊറ്റ ഗോളിന്റെ അകലത്തില്‍ ആ ചരിത്ര നോക്കൗട്ട് നേട്ടം ഇറാന്റെ കൈത്തുമ്പില്‍ നിന്നും നഷ്ടമായി. ഒരു ടീമിന് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനായേക്കും. എന്നാല്‍ നീതിയും അന്തസ്സും കൊണ്ട് മാത്രമേ ചരിത്രത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനാകൂ!’തോറ്റ് മടങ്ങുമ്പോഴും, സിയാറ്റിലിന്റെ ഡ്രസിങ് റൂമിലെ ആ ശൂന്യതയില്‍ അവര്‍ എഴുതിവെച്ച വാക്കുകള്‍ ഫുട്‌ബോള്‍ ചരിത്രത്തിന്റെ നെഞ്ചിലാണ് ആഴ്ന്നിറങ്ങിയത്. വീര്‍പ്പുമുട്ടിച്ച ഉപരോധങ്ങള്‍ക്കും അനീതികള്‍ക്കും മുകളിലേക്ക് ആത്മാഭിമാനത്തിന്റെ കൊടിപാറിച്ച്, തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയ ഇറാന്‍ സംഘം ഈ ലോകകപ്പ് കണ്ട ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more