1 GBP = 130.29
breaking news

ആവേശം വിതറി എൽ.കെ.സി ‘ധ്വനി കലോത്സവം 2026’ സമാപിച്ചു; രേവതി അജീഷ് കലാതിലകം, ആദവ് ദാസ് കലാപ്രതിഭ.

ആവേശം വിതറി എൽ.കെ.സി ‘ധ്വനി കലോത്സവം 2026’ സമാപിച്ചു; രേവതി അജീഷ് കലാതിലകം, ആദവ് ദാസ് കലാപ്രതിഭ.

ലെസ്റ്റർ: ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തിൽ അതീവ ഗംഭീരമായി സംഘടിപ്പിച്ച ‘ധ്വനി കലോത്സവം 2026’ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയകരമായി സമാപിച്ചു. യുക്മ റീജിയണൽ-നാഷണൽ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, കുട്ടികളുടെയും മുതിർന്നവരുടെയും വൻ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പരിപാടികൾ അരങ്ങേറിയത്. വിവിധ സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ കൊച്ചു കലാകാരന്മാർ തീപ്പൊരി പ്രകടനങ്ങളുമായി മാറ്റുരച്ചപ്പോൾ കലോത്സവ നഗരി ഉത്സവലഹരിയിലായി. മത്സരങ്ങളുടെ ആവേശത്തിനൊപ്പം രുചികരമായ ഭക്ഷണവും നിറഞ്ഞതോടെ പങ്കെടുത്തവർക്കെല്ലാം കലോത്സവം വേറിട്ടൊരു അനുഭവമായി മാറി. സമാപന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും വ്യക്തിഗത ചാമ്പ്യന്മാരെയും അനുമോദിച്ചു.

കിഡ്സ് വിഭാഗത്തിൽ ആദവ് ദാസ്, സബ് ജൂനിയർ വിഭാഗത്തിൽ രേവതി അജീഷ്, ജൂനിയർ വിഭാഗത്തിൽ ഗോഡ്‌വിൻ ജോർജ് സജായ്, സീനിയർ വിഭാഗത്തിൽ നീതു ഷാജൻ, സൂപ്പർ സീനിയർ വിഭാഗത്തിൽ വീണ കെ. വർഗീസ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

കലോത്സവത്തിലെ പ്രധാന പുരസ്കാരങ്ങളായ കലാതിലകം പദവി രേവതി അജീഷും കലാപ്രതിഭ പദവി ആദവ് ദാസും സ്വന്തമാക്കി. മലയാള ഭാഷാ കേസരി പുരസ്കാരത്തിന് സ്റ്റെഫി ഹർഷൽ അർഹയായി.

പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എൽ.കെ.സി ഭാരവാഹികൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കുട്ടികളെ കൃത്യസമയത്ത് ഒരുക്കി, സ്റ്റേജിന് പിന്നിലും മുന്നിലും സജീവമായി നിന്ന മാതാപിതാക്കളുടെയും, കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കിയ അധ്യാപകരുടെയും കഠിനാധ്വാനമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് ഭാരവാഹികൾ പറഞ്ഞു.
കലോത്സവത്തിന്റെ നട്ടെല്ലായി സാമ്പത്തിക ഭദ്രത നൽകി താങ്ങിയ മുഖ്യ പ്രായോജകരായ ലൈഫ്‌ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ട്ഗേജ് സർവീസസ് (Lifeline Insurance and Mortgage Services), കലോത്സവനഗരിയിൽ എത്തിയവർക്ക് വയറും മനസും നിറയുന്ന രുചികരമായ വിഭവങ്ങൾ ഒരുക്കിയ കിസ്മത്ത് (Kismath) ഫുഡ് ടീം, ലൈറ്റ് ആൻഡ് സൗണ്ട് നൽകിയ ഡ്രീംസ് ഇവൻ്റസ് എന്നിവർക്ക് എൽ.കെ.സി ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു.

കൗണ്ടറുകളിലും സ്റ്റേജിലുമായി ശ്വാസം വിടാൻ പോലും സമയമില്ലാതെ ഓടിനടന്ന് പരിപാടി ഉഷാറാക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും അണിയറ പ്രവർത്തകരുടെയും അർപ്പണബോധമാണ് ധ്വനി 2026-നെ ഇത്ര വലിയ വിജയത്തിലെത്തിച്ചത്. ചെറിയ ഓട്ടപ്പാച്ചിലുകൾക്കിടയിലും ഒത്തൊരുമയോടെ കൂടെനിന്ന ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും എൽ.കെ.സി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ശ്രീ വരുൺ സത്യബാബുവും സെക്രട്ടറി ശ്രീ പ്രിൻസ് ഉലഹന്നാനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more