1 GBP = 127.71
breaking news

മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു

മ്യാൻമറിൽ വൻ സ്ഫോടനം: ആറ് കുട്ടികളടക്കം 50ലധികം പേർ കൊല്ലപ്പെട്ടു

യാംഗൂൺ: വടക്കുകിഴക്കൻ മ്യാൻമറിൽ ഉഗ്രസ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 50 ലധികം പേർ കൊല്ലപ്പെട്ടു. ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നാംഖാം ടൗൺഷിപ്പിലെ കൗങ്തുപ് ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. അപകടത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായിപരിക്കേറ്റതായും നൂറിലധികം വീടുകൾ തകർന്നതായും പ്രാദേശിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാറിനെതിരെ പോരാടുന്ന തആങ് നാഷനൽ ലിബറേഷൻ ആർമി (ടി.എൻ.എൽ.എ) എന്ന വംശീയ സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. സംഭവസ്ഥലത്തുനിന്ന് കുട്ടികളടക്കമുള്ള മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

തങ്ങളുടെ ഇക്കണോമിക് ഡിപ്പാർടുമെന്റ് ഖനന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ‘ജെലിഗ്നൈറ്റ്’ എന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് ടി.എൻ.എൽ.എ പ്രസ്താവനയിൽ സമ്മതിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അവർ അറിയിച്ചു. കാലപ്പഴക്കം ചെന്നതോ ശാസ്ത്രീയമല്ലാത്ത രീതിയിൽ സൂക്ഷിച്ചതോ ആയ ജെലിഗ്നൈറ്റ് വലിയ രീതിയിൽ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2021 ഫെബ്രുവരി ഒന്നിന് ആങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതു മുതൽ മ്യാൻമറിൽ ആഭ്യന്തര കലഹമാണ് നടക്കുന്നത്. സൈനിക ഭരണത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന സഖ്യത്തിലെ പ്രധാന ഗ്രൂപ്പായ ടി.എൻ.എൽ.എ, കഴിഞ്ഞ ഒക്ടോബറിൽ ചൈനയുടെ മധ്യസ്ഥതയിൽ സൈന്യവുമായി താൽക്കാലിക വെടിനിർത്തൽ ഒപ്പുവെച്ചിരുന്നെങ്കിലും പ്രദേശത്ത് ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more