1 GBP = 127.50
breaking news

യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….

യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….

കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്‌മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്‌ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്‌ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ ഷീ ലീഡ്സ്’ മത്സരത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ജൂൺ 20 ന് മുൻപായി അപേക്ഷിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. 

കേരളത്തിൻ്റെ പ്രൌഢമായ സംസ്‌കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൌന്ദര്യവും ഉത്സവാന്തരീക്ഷത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 12 പേർക്കാണ് അവസരമൊരുങ്ങുന്നത്. 

മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്‌തനാണ്. യുക്മ വൈസ് പ്രസിഡൻ്റ് സ്‌മിത തോട്ടം, യുക്മ ഷീ ലീഡ്സിൻ്റെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി റെയ്‌മോൾ നിധീരി എന്നിവർ ഓണച്ചന്തം സീസൺ രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഓണച്ചന്തം സീസൺ 1 കാണികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളീയ സംഗീതവും, നൃത്തങ്ങളും, തിരുവാതിരയും, തെയ്യവും, ചെണ്ടമേളവും നിറഞ്ഞാടിയ വേദിയിൽ ഫാഷൻ ഷോ മത്സരാർത്ഥികളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്. 

കേരളത്തിൻ്റെ കലാ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഷോ രണ്ട് റൌണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൌഢിയും സൌന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൌണ്ടുകളും.

റൌണ്ട് 1 – പ്രൌഢ വേഷം | ഓണം പുനരാവിഷ്ക്കരണം

യുക്മ തെരേസാസ് ഓണച്ചന്തം സീസൺ 2 ന്റെ ആദ്യ റൌണ്ട് ഓണത്തിന്റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാർത്ഥികൾ കേരളത്തിന്റെ വിളവെടുപ്പ്, സംസ്കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങൾ എന്നിവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുള്ള മാതൃകകൾ അവതരിപ്പിക്കും.

ഈ റൌണ്ട് കേരളീയ സൌന്ദര്യബോധത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നൂതന സ്റ്റൈലിങ്ങ് പ്രോത്സാഹിപ്പിക്കുന്നു. കസവിൻ്റെ ആധുനിക പ്രൌഢി, ചുവർചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കഥകളി ഘടകങ്ങൾ, പൂക്കൾ, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് – പന, കേരളീയ ഛായാരൂപങ്ങൾ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാർത്ഥികൾ ആധുനിക ഫാഷൻ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.

റൌണ്ട് 2 – സമ്പന്നമായ കേരള തനിമ റൌണ്ട് – സ്പോൺസേർഡ് ബൈ തെരേസാസ് ലണ്ടൻ 

രണ്ടാമത്തെ റൌണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്റെയും പൈതൃകത്തിന്റെയും കാലാതിവർത്തിയായ സൌന്ദര്യത്തിലേക്ക് മത്സരാർത്ഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടൻ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്‌കൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മത്സരാർത്ഥികൾ ക്ലാസിക് മലയാളി സ്റ്റൈലിന്റെ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്സ്, പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, ക്ഷേത്രാഭരണങ്ങൾ, മുല്ല പൂക്കൾ, കരകൌശല വസ്തുക്കൾ എന്നിങ്ങനെ കേരളത്തിന്റെ രാജകീയ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് ആശയമുൾക്കൊണ്ട് ഉത്സവാന്തരീക്ഷം പുന: സൃഷ്‌ടിക്കപ്പെടുന്ന അവതരണം ഈ റൌണ്ടിൻ്റെ പ്രത്യേകതയായിരിക്കും.

കേരളീയ ഓണ – ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാൻ ഓണച്ചന്തം സീസൺ 2 അണിയറയിൽ ഒരുങ്ങുകയാണ്. സൌന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾ ജൂൺ 15 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യുക്‌മ – തെരേസാസ് ലണ്ടൻ ഓണച്ചന്തം സീസൺ 2 സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

കമൽ രാജ് മാണിക്കത്ത് – +44 7774966980

റെയ്‌മോൾ നിധീരി – +44 7789149473

സ്‌മിത തോട്ടം – +44 7450964670

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more