സ്വന്തം ലേഖകൻ
ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്‌സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു.
‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന് കരുത്തും, സജീവ പങ്കാളിത്തവും നിറസാന്നിദ്ധ്യവും പകർന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ശ്രദ്ധേയമായി. ഈസ്റ്റ് ആംഗ്ലിയായുടെ വിവിധ മേഖലകളിൽ നിന്നും കോച്ചുകളിലും , കാറുകളിലുമായി നിരവധി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കു ചേർന്നത്.
യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി , ജെയ്സൺ ചാക്കോച്ചൻ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, വൈസ് പ്രസിഡന്റ് ആർച്ച അജിത് , സിബി ജോസഫ് എക്സിക്യു്ട്ടീവ് കമ്മിറ്റി മെമ്പറും നേഴ്സസ് പ്രതിനിധിയുമായ എലിസബത്ത് സണ്ണി അടക്കം നിരവധി അംഗങ്ങൾ ഈസ്റ്റ് ആംഗ്ലിയായെ പ്രതിനിധീകരിച്ചെത്തിയിരുന്നു.
അക്കാദമിക് സെഷനുകൾ, ചർച്ചകൾ, മികച്ച നേഴ്‌സുമാർക്കുള്ള അംഗീകാര വിതരണം, പോസ്റ്റർ മത്സരങ്ങൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ അടക്കം ഏറെ ആകർഷകമായ പരിപാടികൾ കോർത്തിണക്കി ഒരുക്കിയ നേഴ്സസ് ദിന ആഘോഷത്തിന്റെ സമസ്ത മേഖലകളിലും യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജന്റെ കരസ്പർശം ഏറെ ശ്രദ്ധേയമായി.
യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം അതിനാൽത്തന്നെ വിലപ്പെട്ടതായി. ആരോഗ്യരംഗത്തിന്റെ അടിത്തറയായ നഴ്‌സുമാരുടെ പ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണെന്നും, അതിൽ മലയാളി നേഴ്‌സുമാരുടെ തിളക്കമാർന്ന പരിപാലനം എങ്ങും പ്രശംസിക്കപ്പെടുന്നുണ്ടെന്ന് യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റിയൻ പറഞ്ഞു. നാഷണൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതവും ബിജു പീറ്റർ കൃതജ്ഞതയും അർപ്പിച്ചു . നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം, യു എൻ എഫ് ട്രെയിങ് ലീഡ് സോണിയ ലൂബി ,തുടങ്ങിയവർ നേതൃത്വം വഹിച്ചു.
click on malayalam character to switch languages