1 GBP = 128.57
breaking news

ഇസ്രായേൽ നിലപാടുകളോടുള്ള വിയോജിപ്പ്: പുതിയ അംബാസഡർക്ക് അനുമതി നിഷേധിച്ച് ക്രൊയേഷ്യൻ പ്രസിഡന്റ്

ഇസ്രായേൽ നിലപാടുകളോടുള്ള വിയോജിപ്പ്: പുതിയ അംബാസഡർക്ക് അനുമതി നിഷേധിച്ച് ക്രൊയേഷ്യൻ പ്രസിഡന്റ്

സാഗ്രെബ്: നിലവിലെ ഇസ്രായേൽ ഭരണകൂടത്തിന്റെ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പിനെ തുടർന്ന് ഇസ്രായേലിന്റെ പുതിയ അംബാസഡർക്ക് പദവി നൽകാൻ വിസമ്മതിച്ച് ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലാനോവിച്ച്. ഇസ്രായേൽ നിർദേശിച്ച പുതിയ അംബാസഡർക്ക് പ്രസിഡന്റിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും ഇനി ലഭിക്കുകയുമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന്റെ കടുത്ത വിമർശകനാണ് പ്രസിഡന്റ് സോറൻ മിലാനോവിച്ച്.

സാധാരണയായി ഇത്തരം നയതന്ത്ര തീരുമാനങ്ങൾ പരസ്യപ്പെടുത്താറില്ലെങ്കിലും, ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പുതിയ അംബാസഡറുടെ പേര് ഇസ്രായേൽ പ്രഖ്യാപിച്ചതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇസ്രായേൽ നയതന്ത്ര മര്യാദകൾ ലംഘിച്ചതായി മിലാനോവിച്ച് കുറ്റപ്പെടുത്തി. അതേസമയം ക്രൊയേഷ്യയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ക്രൊയേഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് വിദേശ അംബാസഡറുടെ നിയമനം നിരസിക്കുന്നത്.

ഗസ്സയിലെയും മിഡിൽ ഈസ്റ്റിലെയും ഇസ്രായേൽ സൈനിക നടപടികളെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഇസ്രായേൽ കാറ്റിൽപ്പറത്തുകയാണെന്നാരോപിച്ച് ഇസ്രായേൽ സൈന്യവുമായി ക്രൊയേഷ്യൻ സൈന്യം ഒരു തരത്തിലുമുള്ള സഹകരണത്തിനും മുതിരില്ലെന്ന് ഫെബ്രുവരിയിൽ മിലാനോവിച്ച് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇറാനെതിരെയുള്ള ഇസ്രായേൽ-യു.എസ് നീക്കങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചിരുന്നു.

നിലവിലെ അംബാസഡർ ഗാരി കോറന്റെ കാലാവധി മെയ് മാസത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിസ്സാൻ അംദൂറിനെ പുതിയ അംബാസഡറായി ഇസ്രായേൽ നിർദേശിച്ചത്. പ്രസിഡന്റിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രത്തലവന്റെ അനുമതി ആവശ്യമില്ലാത്ത ‘ചാർജ് ഡി അഫയേഴ്‌സ്’ പദവി നൽകി അംദൂറിനെ ക്രൊയേഷ്യയിലേക്ക് അയക്കാനാണ് ഇസ്രായേലിന്റെ നീക്കം.

2020 മുതൽ ക്രൊയേഷ്യൻ പ്രസിഡന്റ് പദവിയിലുള്ള സോറൻ മിലാനോവിച്ച് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണ്. ഇസ്രായേലിനെ അനുകൂലിക്കുന്ന ക്രൊയേഷ്യയിലെ തീവ്ര വലതുപക്ഷ സർക്കാരുമായി പല കാര്യങ്ങളിലും മിലാനോവിച്ച് നേരത്തെയും വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. പരിമിതമായ അധികാരങ്ങൾ മാത്രമാണുള്ളതെങ്കിലും, വിദേശ അംബാസഡർമാരുടെ നിയമനത്തിൽ അന്തിമ അനുമതി നൽകാനുള്ള അധികാരം ക്രൊയേഷ്യൻ ഭരണഘടനയനുസരിച്ച് പ്രസിഡന്റിൽ നിക്ഷിപ്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more