1 GBP = 128.57
breaking news

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് ഒരു മാസം കൂടി സമയം

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് ഒരു മാസം കൂടി സമയം

വാഷിങ്ടൺ: റഷ്യക്കെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിച്ച് അമേരിക്കൻ ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രിൽ 17നോ അതിന് മുമ്പോ കടലിൽ യാത്ര തിരിച്ചിട്ടുള്ള റഷ്യൻ എണ്ണക്കപ്പലുകളുടെ ഇടപാടുകൾ വരും ഒക്ടോബർ വരെ തടസ്സമില്ലാതെ തുടരാനാണ് പുതിയ ഉത്തരവ്. ജൂൺ 17 വരെയാണ് ഈ താല്കാലിക ഇളവ് നിലനിൽക്കുക.

അമേരിക്കൻ ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ഇത് സംബന്ധിച്ച പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. മുമ്പുണ്ടായിരുന്ന ജനറൽ ലൈസൻസ് 134B-ക്ക് പകരമായി, കൂടുതൽ വ്യവസ്ഥകളോടെയുള്ള ജനറൽ ലൈസൻസ് 134C നിലവിൽ വന്നതായി അധികൃതർ വ്യക്തമാക്കി. ഉപരോധം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ റഷ്യയിൽ നിന്നും പുറപ്പെട്ട എണ്ണക്കപ്പലുകൾ വാങ്ങിയ രാജ്യങ്ങൾക്കും കമ്പനികൾക്കും വലിയ ആശ്വാസം പകരുന്നതാണ് യു.എസിന്റെ ഈ താല്കാലിക തീരുമാനം.

ഊർജ്ജ സുരക്ഷയും കുറഞ്ഞ വിലയും മുൻനിർത്തി സമീപകാലത്തായി ഇന്ത്യ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വൻതോതിൽ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ഇന്ത്യക്ക് ലഭിച്ച ഇളവുകൾ അവസാനിക്കാനിരിക്കെയാണ് അമേരിക്ക ഒരു മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇതോടെ ജൂൺ പകുതി വരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു.എസ് ഉപരോധമില്ലാതെ ഈ എണ്ണ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കും.

അതേസമയം ഇറാൻ, ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായോ, യുക്രെയ്നിലെ തർക്ക പ്രദേശങ്ങളുമായോ ബന്ധമുള്ള വ്യക്തികൾക്കോ കമ്പനികൾക്കോ ഈ ഇളവുകളുടെ ആനുകൂല്യം ലഭിക്കില്ലെന്നും ട്രഷറി വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള ഊർജ്ജ വിപണിയും പ്രമുഖ എണ്ണ ശുദ്ധീകരണ കമ്പനികളും ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് യു.എസിന്റെ ഈ പുതിയ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more