ലണ്ടൻ: ഇന്ത്യയ്ക്കുള്ള വിസ നിയമങ്ങളിൽ യുകെ ഇളവ് വരുത്തില്ലെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. യുകെ നിക്ഷേപം വർദ്ധിപ്പിക്കാനും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനും ശ്രമിക്കുന്നതിനിടയിൽ, പ്രധാനമന്ത്രി നൂറിലധികം സംരംഭകർ, സാംസ്കാരിക നേതാക്കൾ, സർവകലാശാല വൈസ് ചാൻസലർമാർ എന്നിവരുടെ ഒരു സംഘത്തെ നയിച്ചുകൊണ്ടാണ് ദ്വിദിന ഇന്ത്യ സന്ദര്ശനത്തിനെത്തിയിരിക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാപാര, സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിന് വലിയ അവസരങ്ങൾ ഉണ്ടെന്ന് സർ കെയർ പറഞ്ഞു. എന്നാൽ ഇന്ത്യൻ തൊഴിലാളികൾക്കോ വിദ്യാർത്ഥികൾക്കോ കൂടുതൽ വിസ റൂട്ടുകൾ തുറക്കാൻ പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിസിനെസ്സ് ഇടപെടലിനെക്കുറിച്ചും, നിക്ഷേപത്തെക്കുറിച്ചും, തൊഴിലവസരങ്ങളെക്കുറിച്ചും, യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് വരുന്ന സമൃദ്ധിയെക്കുറിച്ചുമാണ് ചർച്ചകൾ അല്ലാതെ വിസകൾ സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചകൾ പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജൂലൈയിലാണ് ഇന്ത്യയുമായുള്ള യുകെയുടെ വ്യാപാര കരാർ ഒപ്പുവച്ചത്. മൾട്ടി ബില്യൺ പൗണ്ടിന്റെ വ്യാപാര വർദ്ധനവിന്റെ ഭാഗമായി യുകെ കാറുകളും വിസ്കിയും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യൻ തുണിത്തരങ്ങളും ആഭരണങ്ങളും യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതും കുറഞ്ഞ താരിഫിലാകുമെന്നാണ് സൂചന. ഹ്രസ്വകാല വിസകളിൽ യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാർ നൽകുന്ന സാമൂഹിക സുരക്ഷയ്ക്ക് മൂന്ന് വർഷത്തെ ഇളവ് ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് മന്ത്രിമാർ തറപ്പിച്ചു പറഞ്ഞു. ലേബർ സർക്കാർ യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാൻ ശ്രമിക്കുകയാണ്, കഴിഞ്ഞ ആഴ്ച പാർട്ടിയുടെ സമ്മേളനത്തിൽ സെറ്റിൽമെന്റ് സ്റ്റാറ്റസ് സംബന്ധിച്ച് കർശനമായ നയം പ്രഖ്യാപിച്ചിരുന്നു.
click on malayalam character to switch languages