ലെസ്റ്റർ കേരള കമ്മ്യൂണിറ്റി കലോത്സവം 2025-26 വിജയകരമായി സമാപിച്ചു; പ്രതിഭകളെ അനുമോദിച്ചു.
Jul 06, 2025
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ 2025-26 വർഷത്തെ കലോത്സവം ജൂൺ 28-ന് സെഡാർസ് സ്കൂൾ അക്കാദമിയിൽ വെച്ച് വിജയകരമായി നടന്നു. ആവേശകരമായ മത്സരങ്ങൾക്ക് വേദിയായ കലോത്സവത്തിൽ കുട്ടികളും മുതിർന്നവരുമടക്കം നിരവധി മത്സരാർത്ഥികൾ രണ്ട് സ്റ്റേജുകളിലായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.
ഓണം, ക്രിസ്മസ് പോലുള്ള പ്രധാന ആഘോഷങ്ങൾ മാത്രം നടത്തുന്ന മറ്റ് പല സംഘടനകളിൽ നിന്ന് വ്യത്യസ്തമായി, എല്ലാ ബുദ്ധിമുട്ടുകളെയും അവഗണിച്ച് കലോത്സവം, കായികമേള തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി മുന്നോട്ട് പോകുന്നത് ഏറെ അഭിനന്ദനാർഹമാണ്. പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനും, കൂടാതെ കലാപരവും അല്ലാത്തതുമായ വിവിധ മേഖലകളിൽ കഴിവുകളുള്ള എല്ലാവർക്കും അവസരങ്ങൾ നൽകുന്നതിനും വേണ്ടിയാണിതെന്ന് സംഘാടകർ അറിയിച്ചു.
ലെസ്റ്ററിലും പരിസരങ്ങളിലുമുള്ള നിരവധി ഡാൻസ് സ്കൂളുകളിലടക്കം കലാകായിക വിദ്യകളഭ്യസിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വലിയൊരു വേദിയായി ഈ പരിപാടികൾ മാറിയതിൽ കമ്മ്യൂണിറ്റിക്ക് ചാരിതാർത്ഥ്യമുണ്ട്. തിരക്കിനിടയിലും സംഘടനാ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തി ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന ഒരുപിടി സുമനസ്സുകളുടെ ശ്രമഫലമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം പരിപാടികൾ അഭിനന്ദനാർഹമായ രീതിയിൽ വിജയകരമാക്കാൻ സാധിച്ചതെന്ന് എടുത്തുപറയേണ്ടതാണ്. എല്ലാറ്റിനുമുപരിയായി, ആത്മാർത്ഥമായ പിന്തുണ നൽകി കൂടെ നിൽക്കുന്ന ഓരോ അംഗങ്ങളുടെയും സഹകരണവും ഈ വിജയത്തിന് പിന്നിലുണ്ട്.
ഈ കലാമേളയുമായി സഹകരിച്ച എല്ലാവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് അജീഷ് കൃഷ്ണൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് അനുമോദനങ്ങൾ നേർന്നതിനൊപ്പം, ഈ കലാമേളക്കായി കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകർ, രക്ഷിതാക്കൾ, പ്രോത്സാഹനം നൽകിയവർ, മത്സരിച്ചവർ തുടങ്ങി എല്ലാവർക്കും ഈ കലാമേളയുടെ വിജയത്തിൽ തുല്യ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയികൾക്ക് അനുമോദനങ്ങളും ട്രോഫിയും:
ഈ കലാമേളയിലെ പ്രധാന പുരസ്കാരമായ കലാതിലകപ്പട്ടം രേവതി അജീഷിന് ലഭിച്ചു. കിഡ്ഡീസ് വിഭാഗത്തിൽ ആദം ജിന്റോ ജോസ് ചാമ്പ്യനായി. സബ് ജൂനിയർ വിഭാഗത്തിൽ ജോവാന എൽസ ജിന്റോയും ജൂനിയർ വിഭാഗത്തിൽ ജോവാന ജോസും ചാമ്പ്യന്മാരായപ്പോൾ സീനിയർ വിഭാഗത്തിൽ കലേഷ്.ടി. രമണിയും ചാംപ്യനായി. വിജയികളെയും മറ്റ് മത്സരാർത്ഥികളെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അനുമോദിച്ചു. ഈ കലാമേളയിൽ ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ വിജയികൾക്ക് യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
വിധികർത്താക്കൾക്ക് നന്ദി:
തങ്ങളുടെ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രഗത്ഭരായ വ്യക്തിത്വങ്ങളെ വിധികർത്താക്കളായി ലഭിച്ചത് ഈ കലാമേളയുടെ വിജയത്തിലെ ഒരു പ്രധാന ഘടകമാണ്. കലാമേളയുടെ വിധികർത്താക്കളായി സഹകരിച്ച ശ്രീമതി പ്രിയ നായർ, ശ്രീമതി അർച്ചന പ്രദീപ്, ശ്രീ അരുൺ സിംഗ്, അഡ്വ. ദിലീപ് കുമാർ, ശ്രീ കൃഷ്ണ പ്രസാദ് എന്നിവർക്ക് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
സംഘാടക സമിതിക്ക് പ്രത്യേക നന്ദി:
കലാമേള വിജയകരമാക്കുന്നതിന് നേതൃത്വം നൽകിയ കലോത്സവ കമ്മിറ്റിക്കും കോഓർഡിനേറ്റർമാരായ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വരുൺ സത്യബാബു, ഐശ്വര്യ നായർ എന്നിവർക്കും ഫുഡ് കമ്മിറ്റിക്കും ഈ കലാമേളയിൽ ആദ്യാവസാനം സഹകരിച്ച മറ്റ് കമ്മിറ്റി അംഗങ്ങൾക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കോഓർഡിനേറ്റർമാർ എന്ന നിലയിൽ വരുണും ഐശ്വര്യയും നടത്തിയ പരിശ്രമങ്ങൾക്ക് പ്രത്യേക നന്ദി അർപ്പിച്ചു.
സ്പോൺസർമാർക്കും സഹകാരികൾക്കും നന്ദി:
കലാമേളക്കാവശ്യമായ ശബ്ദസൗകര്യമൊരുക്കിയ ഡ്രീംസ് ഇവന്റ്സ്, ഭക്ഷണമൊരുക്കിയ സതേൺ സ്പൈസസ് ലെസ്റ്റർ, ട്രോഫികൾ ഡിസൈൻ ചെയ്ത SKYSHOPPERS Ltd. Kettering, കലോത്സവം ബൈലോ ഡിസൈൻ ചെയ്ത കമ്മ്യൂണിറ്റി അംഗം പ്രജീഷ്, പ്രധാന സ്പോൺസറായ ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ട്ഗേജ് അഡ്വൈസേഴ്സ്, വേദി ഒരുക്കിത്തന്ന ശ്രീമതി റീത്ത എന്നിവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.
മുന്നോട്ടുള്ള എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹകരണവും പ്രാതിനിധ്യവും ഉണ്ടാവണമെന്ന പ്രത്യേക അഭ്യർത്ഥനയും ഇതോടൊപ്പം മുന്നോട്ട് വെച്ചുകൊണ്ട് കലോത്സവത്തിന് പരിസമാപ്തി കുറിച്ചതായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
click on malayalam character to switch languages