മാഞ്ചസ്റ്റർ തിരുനാൾ ആഘോഷം ഇന്ന് – ആറാം ദിവസം വെള്ളിയാഴ്ച 5.30PM: ദിവ്യബലി, നൊവേന: റവ. ഫാ. ജോബി ജോൺ ഇടവഴിക്കൽ (ഡയറക്ടർ, സെൻ്റ് ജോൺ മിഷൻ, നോട്ടിംങ്ഹാം) …… പ്രധാന തിരുനാൾ നാളെ
Jul 04, 2025
യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെൻ്റ് തോമസ് ദി അപ്പോസ്തൽ മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ ആറാം ദിവസമായ ഇന്ന് വെള്ളിയാഴ്ച (04/07/25) വൈകുന്നേരം 5.30PM ന് റവ. ഫാ. ജോബി ജോൺ ഇടവഴിക്കൽ (ഡയറക്ടർ സെൻ്റ് ജോൺ മിഷൻ, നോട്ടിംങ്ഹാം) വി. കുർബാനയും നൊവേനയും അർപ്പിക്കും. ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാർത്ഥനകളിലെ പ്രത്യേക നിയോഗം മെൻസ് ഫോറം, വിമൺസ് ഫോറo, സെൻ്റ്. ബെനഡിക്ട് യൂണിറ്റ്, സേക്രട്ട് ഹാർട്ട് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവർത്തകർക്കും, കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങൾക്കും വേണ്ടിയാണ്. ഇന്നലെ വൈകുന്നേരം ലാറ്റിൻ റീത്തിൽ നടന്ന ദിവ്യബലിയ്ക്ക് ഷ്രൂസ്ബറി രൂപത വികാരി ജനറാൾ റവ.ഫാ. മൈക്കൾ ഗാനൻ കാർമികത്വം വഹിച്ചു. റവ. ഫാ. ജോസ് കുന്നുംപുറം നൊവേനയ്ക്ക് കാർമികനായി.
മാഞ്ചസ്റ്ററിൽ 2006 -ൽ ആരംഭിച്ച് 20 വർഷം പൂർത്തിയാക്കുന്ന തിരുനാളാഘോഷങ്ങളുടെ പ്രധാന തിരുന്നാൾ ദിനമായ നാളെ ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും. ആഷ്‌ഫോർഡ് മാർ. സ്ലീവാ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികനാവുമ്പോൾ പ്രെസ്റ്റൻ സെൻ്റ്. അൽഫോൻസാ കത്തീഡ്രൽ വികാരി റവ. ഡോ. വർഗീസ് തനമാവുങ്കൽ തിരുനാൾ സന്ദേശം നൽകും. വൈദികരായ റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, റവ. ഫാ. ഫ്രാൻസീസ് കൊച്ചുപാലിയത്ത് തുടങ്ങിയ വൈദീകർ സഹകാർമ്മികരാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും, സ്നേഹവിരുന്നും നടക്കും.
ജൂലൈ ആറാംതീയതി ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും.തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
click on malayalam character to switch languages