1 GBP = 113.63
breaking news

ഐഎഫ്എഫ്കെ; അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിൽ 2 മലയാളം സിനിമകൾ, മലയാളം കാറ്റ​ഗറിയിൽ 12 ചിത്രങ്ങൾ

ഐഎഫ്എഫ്കെ; അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിൽ 2 മലയാളം സിനിമകൾ, മലയാളം കാറ്റ​ഗറിയിൽ 12 ചിത്രങ്ങൾ

28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലിയും, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവുമാണ് ചിത്രങ്ങൾ.

മലയാള സിനിമ ഇന്ന് എന്ന കാറ്റ​ഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(​ഗ​ഗൻ ദേവ്), ബി 32 മുതൽ 44വരെ(ശ്രുതി ശരണ്യം), ഷെഹർ സാദേ(വിഘ്നേഷ് പി ശശിധരൻ). ആട്ടം(ആനന്ദ് ഏകർഷി), ദായം(പ്രശാന്ത് വിജയ്). ഓ. ബേബി(രഞ്ജൻ പ്രമോദ്), കാതൽ(ജിയോ ബേബി), ആനന്ദ് മോണാലിസ മരണവും കാത്ത്(സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും), വലസൈ പറവകൾ (സുനിൽ കുടമാളൂർ) എന്നിവയാണ് ചിത്രങ്ങൾ. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്ന് എഴുതിയ ‘ഫാമിലി’ ഡാര്‍ക്ക് കോമഡിയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നതുമായ ഒരു സിനിമാവിഷ്‌കാരമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം, ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീര്‍ണ്ണവും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതുമായ ‘പവര്‍ ഡൈനാമിക്സി’ലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നില്‍ജ കെ. ബേബി എന്നിവരടങ്ങുന്ന ഒരു കൂട്ടം മികച്ച അഭിനേതാക്കള്‍ അവരുടെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവം ഫാമിലിയിലൂടെ സാധ്യമാക്കുന്നു.

ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് തടവ് ചിത്രീകരണം നടന്നത്.
പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട്‌ പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്. ഛായാഗ്രഹണം – മൃദുൽ എസ്, എഡിറ്റിംഗ് – വിനായക് സുതൻ, ഓഡിയോഗ്രഫി – ഹരികുമാർ മാധവൻ നായർ, സംഗീതം – വൈശാഖ് സോമനാഥ്, ഫൈനൽ മിക്സ്‌ – റോബിൻ കുഞ്ഞിക്കുട്ടി MPSE എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more