1 GBP = 106.82
breaking news

ജമീമയ്ക്കും ശിഖ പാണ്ഡെയ്ക്കും ഇടമില്ല; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ജമീമയ്ക്കും ശിഖ പാണ്ഡെയ്ക്കും ഇടമില്ല; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ന്യൂസീലൻഡ് ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്ക്കും ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തി. വെറ്ററൻ താരം ഝുലൻ ഗോസ്വാമിയും ടീമിലുണ്ട്. മിതാലി രാജ് ആണ് ക്യാപ്റ്റൻ.

കൊവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിലെ മോശം പ്രകടനങ്ങളാണ് ജമീമയുടെ സ്ഥാനം തെറിപ്പിച്ചത്. 1, 9, 0, 8, 4 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്കോറുകൾ. പിന്നീട് ദി ഹണ്ട്രഡിലും വനിതാ ബിഗ് ബാഷിലും തകർപ്പൻ പ്രകടനം നടത്തിയ യുവതാരം ടി-20 ടീമിൽ ഇടംപിടിച്ചെങ്കിലും ഏകദിന മത്സരങ്ങളിൽ കളിച്ചില്ല. പകരം കളിച്ച യസ്തിക ഭാട്ടിയ അവസരം മുതലാക്കുകയും ചെയ്തു.

സമീപകാലത്ത് ശിഖ പാണ്ഡെയും മോശം ഫോമിലാണ്. 32കാരിയായ താരത്തിനു പകരം യുവതാരങ്ങളായ മേഘന സിംഗും രേണുക സിംഗും ടീമിൽ കളിക്കും. ഇരുവരും കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ അരങ്ങേറിയ താരങ്ങളാണ്.

ലോകകപ്പിനു മുൻപ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. പര്യടനത്തിലെ ഒരു ടി-20യ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. ഇതിലും ജമീമയ്ക്ക് ഇടം ലഭിച്ചില്ല. ടി-20 ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.

ഫെബ്രുവരി 9ന് ടി-20 മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. 11ന് ആദ്യ ഏകദിന മത്സരം നടക്കും. ഫെബ്രുവരി 24ന് പര്യടനം അവസാനിക്കും. മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുക. മാർച്ച് 10ന് ന്യൂസീലൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും. കഴിഞ്ഞ ലോകകപ്പ് റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ട് ആണ് ഇന്ത്യയെ കീഴടക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more