- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; 'സങ്കടപ്പുഴ' നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ
- എല്ലാ നരകങ്ങളും തകർക്കപ്പെടും, സ്ഥാനാരോഹണം വരെയാണ് സമയം: ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്
- രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു
തഞ്ചാവൂരിലെ പൂക്കള്‍…
- Apr 27, 2017
കാരൂര്‍ സോമന്
തഞ്ചൈ എന്നാല്‍ അഭയാര്‍ത്ഥി എന്നാണര്‍ത്ഥം. ഒരു അഭയാത്ഥിയെ പോലെ തഞ്ചാവൂരിലെ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ സൂര്യന് തലയ്ക്ക് മീതേ കത്താന്‍ തുടങ്ങിയിരുന്നു. കോലമെഴുതിയ മുറ്റം കടന്ന്, ജമന്തിപൂക്കളുടെ ഗന്ധം നുകര്‍ന്ന്, ബംഗാള്‍ കടലില്‍ നിന്നെത്തുന്ന വരണ്ട കാറ്റില്‍ ആടിയുലഞ്ഞ് മുന്നോട്ട് നടന്നു. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നോ ശ്രീലങ്ക, പോളിനേഷ്യന്‍ ദ്വീപുകളില്‍ നിന്നോ എത്തിയ അഭയാര്‍ത്ഥികള്‍ കുടിപാര്‍ത്ത സ്ഥലമായ തഞ്ചാവൂര്‍ തമിഴ്നാട്ടിലെ മുപ്പത്തിനാലു ജില്ലകളിലൊന്നാണ്. ഇവിടുത്തെ ചരി്രത്തിന് ഭാരതത്തോളം പോന്ന ചരിത്രമുണ്ട്. തഞ്ചൈയിലെ പൂര്‍വ്വികര്‍ സിന്ധു നദീ തടങ്ങളില്‍ നിന്നും പാലായനം ചെയ്തവരാണെന്നു ചരിത്രകാരന്മാര് കരുതുന്നു. ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോര്‍ എന്ന സന്യാസിവര്യന്റെ പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോര്‍ പെരിയകോയില്‍ ആണ് ഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം.
തഞ്ചനന്‍ എന്ന അസുരന് പണ്ടു ഈ നഗരത്തില്‍ നാശ നഷ്ടങ്ങള്‍ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേര്‍ന്നു വധിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. മരിക്കുന്നതിനു മുന്‍പ് ഈ അസുരന് നഗരം പുന:സൃഷ്ടിക്കുമ്പോള്‍ തന്റെ പേരു നല്‍കണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങള്‍ അതനുവദിച്ചു നല്‍കുകയും അങ്ങനെ നഗരത്തിനു ആ പേരു നല്‍കുകയുമായിരുന്നു. തഞ്ചൈ തെരുവില്‍ തലയില്‍ പൂചൂടിയ സ്ത്രീകളുടെ നീണ്ടനിര. ഇതാണ് പൂക്കാരവീഥി. അവരുടെ വര്‍ണ്ണാഭമായ ചേലയ്ക്കും അരയില്‍ കൊളുത്തിവച്ചതു പോലെയുള്ള വലിയ കുട്ടകളും തഞ്ചൈയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്തു. കടകളില്‍ മാത്രമാണ് പുരുഷന്മാരെ കണ്ടത്. ഇവരിതെവിടെ പോയ് മറഞ്ഞിരിക്കുന്നു. മഞ്ഞ നിറമുള്ള ഓട്ടോയില്‍ കയറി തെരുവു കടന്ന് നഗരപ്രദക്ഷിണത്തിന് ഒരുങ്ങുമ്പോള്‍ അപ്പാവെ എന്ന റിക്ഷക്കാന്‍ ചോദിച്ചു, സര്- കോവിലില്‍ പോകണമാ?
നിജമാ, വേണം- എല്ലാ തെരുവുവഴികളും ചേര്‍ന്നു നില്‍ക്കുന്നത് ഇവിടേക്കാണ്. ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുന്നിലേക്ക്.
നഗരത്തില്‍ നീണ്ടു നിവര്‍ന്നു ഒരു വലിയ മേല്‍പ്പാലം. തെരുവിനെ അത് രണ്ടായി ഭാഗിച്ചിരിക്കുന്നു. പാലത്തിന് ഒരു വശം വാണിജ്യമേഖലയും മറുവശം ആധുനിക ആവാസകേന്ദ്രങ്ങളുമാണ്. പള്ളിയഗ്രഹാരം, കരന്തൈ, ഓള്‍ഡ് ടൗണ്‍, വിലാര്‍, നാഞ്ചിക്കോട്ടൈ വീഥി, മുനമ്പുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗണ്‍, ഓള്‍ഡ് ഹൗസിംഗ് യൂണിറ്റ്, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങള്‍. പുതുതായി നഗരപരിധിയില്‍ ചേര്‍ത്ത മാരിയമ്മന്‍ കോവില്‍, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാര്‍പട്ടി, നിലഗിരിവട്ടം എന്നിവയെക്കുറിച്ച് അപ്പാവെ ഈണത്തില്‍ പറഞ്ഞു. അയാളുടെ തമിഴിന് ഒരു സ്വരസാധനയുണ്ട്. നല്ലൊരു സംഗീതജ്ഞന്റെ കൈയില്‍ കിട്ടിയാല്‍ അയാളെ കൊണ്ടൊരു പാട്ടുപ പാടിക്കാതെ വിടില്ലെന്നുറപ്പായിരുന്നു. ഓട്ടോ കാര്‍ക്കിച്ചു തുപ്പി ഓടി കൊണ്ടിരുന്നു. തഞ്ചൈനഗരത്തെ മൊത്തമായി കണക്കാക്കുകയാണെങ്കില്‍ അതിന് വല്ലം (പടിഞ്ഞാറ്) മുതല്‍ മാരിയമ്മന്‍ കോവില്‍ (കിഴക്ക്) വരെ ഏകദേശം 100 ച കി മി വിസ്തൃതിയുണ്ട്.
വരണ്ട കാറ്റില്‍ നഗരത്തിലേക്ക് കാര്‍മേഘങ്ങള്‍ എത്തുന്നതു പോലെ. ഇവിടെ മഴ കൂടുതല്‍ കിട്ടുന്നത് സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. നഗരത്തെ ആദ്യമായി കാണുന്ന ആവേശത്തില്‍ പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍പ്പെട്ടത് തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരമായിരുന്നു. ചോള സാമ്രാജ്യത്തിന്റെ മുഖമുദ്ര പോലെ വെന്നിക്കൊടി പാറിച്ചു നില്ക്കുന്ന ഗോപുരമുകള്‍. 848 ല്‍ വിജയാലയ ചോളനാണ് തഞ്ചാവൂര്‍ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടത്. പാണ്ഡ്യവംശന്‍ മുത്തരായനെ കീഴടക്കിയ ശേഷം വിജയാലയന്‍ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനി(ദുര്‍ഗ്ഗ)യുടെ ക്ഷേത്രം ഇവിടെ പണിതത്രേ. അതോടെ തഞ്ചൈയുടെ സുവര്‍ണ്ണകാലത്തിനു തുടക്കമാവുകയായിരുന്നു. രാജരാജചോളന്റെയും അദ്ദേഹത്തിന്റെ പൗത്രന് രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി. രാജരാജചോളന് 985 മുതല്‍ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകര്‍ഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്.
ഓട്ടോ റിക്ഷ ഗോപുരവാതില്ക്കല് നിന്നു. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്. 12 വര്‍ഷം കൊണ്ടാണിതിന്റെ പണി തീര്‍ന്നത്. ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാര് നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയുമാണ് വിഷയം. മധുരമീനാക്ഷിയുടെ ഗോപുരവാതില്‍ പോലെയല്ല ഇവിടുത്തെ കൊത്തുപണികള്‍. രണ്ടിനും വൈജാത്യമേറെ. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ നിന്നാണു ചോള ഭരണകാലത്തെക്കുറിച്ചുള്ള അറിവുകള്‍ ചരിത്രകാരന്മാര്ക്ക് കിട്ടിയത്. അതിന്‍പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേര്‍ന്നു വീഥികള്‍ പണികഴിപ്പിക്കുകയും വഴികള്‍ക്കിരുവശവും ക്ഷേത്രനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുകയും ചെയ്തിരുന്നു.
രാജരാജചോഴന്റെ സ്മരണാര്‍ത്ഥം പണിത മണി മണ്ഡപം കടന്ന് ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനുള്ളിലേക്ക് കയറി. എന്തൊരു ശില്‍പ്പകല. തഞ്ചൈനഗരത്തെക്കുറിച്ചുള്ള ആദിമ അറിവു മുഴുവന്‍ ഇവിടെ സ്ഫുടം ചെയ്തു നിര്‍ത്തിയിരിക്കുന്നതു പോലെ. അന്നത്തെ കാലത്തെ ഏറ്റവും വലിയ ഹിസ്റ്റോറിക്കല്‍ ഡോക്യുമെന്റുകളിലൊന്ന്. നോക്കിനില്ക്കാന് തോന്നിപ്പിക്കും. ആദ്യകാലങ്ങളില്‍ തിരുവുടയാര്‍ കോവില്‍ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകള്‍ പണിതത്. 66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലന്‍ പെരുന്തച്ചന് എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹദീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ രാജ ചോഴന്‍ പണികഴിപ്പിച്ചതിനാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് രാജരാജേശ്വരന് എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും പേര് ലഭിച്ചു. പെരുവുടയാര്‍ കോവില്‍ എന്നത് പെരിയ ആവുടയാര്‍ കോവിലിനെ സൂചിപ്പിക്കുന്നു. ശിവന്റെ ഒരു നാമം ആണ് ആവുടയാര്‍ എന്നത്. ചോഴഭരണകാലത്താണ് ഈ പേരുകള്‍ നിലനിന്നിരുന്നത്. 1719 നൂറ്റാണ്ടിലെ മറാഠാസാമ്രാജ്യകാലത്ത് ഈ ക്ഷേത്രം ‘ബൃഹദ്ദേശ്വരം’ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങി.
കുഞ്ചരമല്ലന് രാജരാജപെരുന്തച്ചനാണ് രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിര്‍മ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതന്‍ സൂര്യന് എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു. ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 800-400 അടി ആണ്. എന്നാല്‍ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500-250 അടി എന്ന അളവിലാണ്. നിര്‍മ്മാണത്തിനു മൊത്തം 1.3 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത്. ആദ്യം കാണുന്ന കവാടത്തിന്റെ പേരു ‘കേരളാന്തകന്‍ തിരുവയില്‍’ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവര്‍മ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജന് ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകന്‍. അതിന്റെ ഓര്‍മ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകന്‍ തിരുവയില്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90′ – 55′ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശില്പ്പങ്ങള് ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തിയുടേയും (തെക്ക്)ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.
രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജന് തിരുവയില്‍. നിറയെ പുരാണകഥാസന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരത്തില്‍. ശിവമാര്‍ക്കണ്ഡേയപുരാണങ്ങള്‍ മാത്രമല്ല, അര്‍ജ്ജുനകിരാതസന്ദര്‍ഭവും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശില്പ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്നതാണ്. ഈ ഗോപുരത്തിലെ ചില ശില്‍പ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകള്‍ ഈ ഗോപുരത്തിലുണ്ട്.
തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കീര്‍ത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏര്‍പ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളില്‍ നൃത്തമാടുന്നതിനായി 400 നര്‍ത്തകികളും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നതായുള്ള സൂചനകള്‍ ഇവിടെ നിന്നു ലഭിച്ചിട്ടുണ്ടത്രേ.
ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, ശ്രീകോവില്‍, ഗര്‍ഭഗൃഹം, മുഖമണ്ഡപം ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങള്‍. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുള്‍പ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലില്‍ നിര്‍മ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ. നന്ദിമണ്ഡപത്തില്‍ ഉള്ള നന്ദി ഒറ്റകല്ലില്‍ നിര്‍മിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടണ്‍ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവര്‍ണ്ണങ്ങളിലുള്ള ചിത്രപണികള്‍ നിറഞ്ഞതാണ്. ചോഴ, നായ്ക്കര്‍, മറാഠ രാജാക്കന്മാര്ക്ക് ചിത്രപണികളോടും കരിങ്കല്‍ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തില്‍ പ്രകടമാണ്. പ്രകാരമണ്ഡപത്തില്‍ മാര്‍ക്കണ്ഡേയപുരാണം, തിരുവിളയാടല്‍ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ കാണാം. ക്ഷേത്രമതില്‍ക്കെട്ടില്‍ പോലും കൊത്തുപണികള്‍ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്.
ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന് ഏകദേശം 90 ടണ്‍ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റര്‍ നീളമുള്ള ചെരിവുതലം നിര്‍മ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ് അവയെ മുകളിലേക്കെത്തിച്ചത്. ഈ സ്ഥലത്തിന്റെ പേര് ചാരുപാലം എന്നാണ്. കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. വലിയ ഗോപുരങ്ങളും തോരണം എന്നു പേരുള്ള പ്രവേശനകവാടവും ക്ഷേത്രത്തിനുണ്ട്. 240.9 മീറ്റര്‍ നീളവും 122 മീറ്റര്‍ വീതിയുമുള്ള കെട്ടിടത്തിനു ചുറ്റുമായി രണ്ടു നിലയുള്ള മാളിക നിര്‍മ്മിച്ചിരിക്കുന്നു. ശിഖരം എന്നു വിളിക്കുന്ന താഴികക്കുടത്തിനു എട്ട് വശങ്ങളുണ്ട്. 7.8 മീറ്റര്‍ വീതിയുമുള്ള ഒറ്റക്കല്ലിലാണ് ഇതിന്റെ നിര്‍മ്മാണം. ക്ഷേത്രത്തിനുള്ളിലെ ചുവരുകളില്‍ കാണപ്പെടുന്ന ചുവര്‍ചിത്രങ്ങള്‍ ചോളചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ്.
മഹാമണ്ഡപത്തിന്റെ മുന്‍വശത്തു നിന്നപ്പോള്‍ ചരിത്രം വീണ്ടും പിന്നിലേക്ക് തിരിഞ്ഞതു പോലെ. കാര്‍മേഘങ്ങള്‍ കടന്ന് മഴവെയില് മുഖത്തടിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവ് പണി കഴിപ്പിച്ച പെരിയനായകി അമ്മാള്‍ ക്ഷേത്രം. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും സുബ്രഹ്മണ്യ ക്ഷേത്രവും പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നുവെന്നു തോന്നുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഗണപതി ക്ഷേത്രം മറാത്തരാജാവ് സര്‍ഫോജി പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളായ ദക്ഷിണാമൂര്‍ത്തി, സൂര്യന്, ചന്ദ്രന്, അഷ്ടദിക്ക്പാലകര്‍, ഇന്ദ്രന്, അഗ്നി, ഈസാനം, വായു, നിരുത്, യമന്‍, കുബേരന് തുടങ്ങിയവയുടെ സ്ഥാനങ്ങളും കാണാനാവും. മഴ ഇപ്പോള്‍ പെയ്യുമെന്നു തോന്നി. ഏകദേശം മൂന്നു മണിക്കൂറിലധികം ക്ഷേത്രത്തിനകത്ത് കാഴ്ചകള്‍ കണ്ടു നടന്നു. വിസ്മയവിഹാരമായി തോന്നുന്ന ശില്‍പ്പകല. ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങള്‍ തഞ്ചാവൂരില്‍ അനവധിയുണ്ടായിരുന്നുവത്രേ. രാജാക്കന്മാര് ഈ മണ്ഡപങ്ങളിലാണ് രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.
അവസാനത്തെ ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന് മൂന്നാമനു ശേഷം പാണ്ഡ്യന്മാര് ഇവിടം അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പാണ്ഡ്യരുടെ തലസ്ഥാനം മധുരയായിരുന്നതുകൊണ്ട് അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. പിന്നീട് 1553ല്‍ വിജയനഗര രാജ്യം തഞ്ചാവൂരില്‍ ഒരു നായിക്കരാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കന്മാരുടെ കാലഘട്ടം ആരംഭിക്കുകയായി. 17-ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത് മധുരൈ നായിക്കന്മാരാണു. പിന്നീട് മറാത്തക്കാരും ഈ പട്ടണവും പരിസരവും കൈവശപ്പെടുത്തി. 1674ല്‍ ശിവജിയുടെ അര്‍ദ്ധ സഹോദരന് വെങ്കട്ജിയാണു മധുരൈ നായ്കന്മാരില്‍ നിന്നും ഇതു പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നത്.
1749ല്‍ ബ്രിട്ടീഷുകാര്‍ തഞ്ചാവൂര്‍ നായക്കന്മാരുടെ പിന്മുറക്കാരെ തിരികെ അവരോധിക്കാനായി ശ്രമിച്ചെങ്കിലും പരജയപ്പെട്ടു. മറാത്താരാജാക്കന്മാര്‍ 1799 വരെ ഇവിടം വാണിരുന്നു. 1798ല്‍ ക്രിസ്റ്റിയന്‍ ഫ്രഡറിക് ഷ്വാര്‍സ് ഇവിടെ പ്രൊട്ടസ്റ്റന്റ് മിഷന് സ്ഥാപിച്ചു. പിന്നീടു വന്ന രാജാ സര്‍ഫോജി രണ്ടാമന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855ല്‍ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു.
തഞ്ചൈനഗരത്തിനു പുറത്ത് മഴ പെയ്തു തുടങ്ങി. കര്‍ണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അതിരറ്റതാണ്. തഞ്ചാവൂരിനെ ഒരിക്കല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ത്യാഗരാജര്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ എന്നിവര്‍ ഇവിടെയാണു ജീവിച്ചിരുന്നത്. ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂര്‍ ചിത്രങ്ങള്‍ എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്നു. തവില്‍ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്. തഞ്ചാവൂര്‍ പാവകളും ലോകപ്രസിദ്ധം.
പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സരസ്വതി മഹല്‍ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്. തമിഴ് സര്‍വ്വകലാശാലയും ശാസ്ത്ര കല്പിത സര്‍വ്വകലാശാലയും തഞ്ചൈ നഗരത്തിന്റെ തിലോത്തമങ്ങളാണ്. ഇതിനു പുറമെ പേരുകേട്ട മെഡിക്കല്‍ കോളേജുള്‍പ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
തഞ്ചൈ നഗരത്തെരുവില്‍ സൂര്യന് ജ്വലിച്ചു നിന്നു. കാവേരി നദീതടങ്ങളിലെ ഐതീഹ്യവും പേറി തഞ്ചൈ ചരിത്രാതീത കാലത്തിന്റെ പകര്‍ച്ച പോലെ പൗരാണികനഗരമായി നില കൊണ്ടു. മുന്നില്‍ പൂക്കാരി പെണ്ണുങ്ങളുടെ നീണ്ടനിര. അവര്‍ രാജരാജേശ്വര ക്ഷേത്രത്തിന്റെ കല്പ്പടവുകളിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. തെരുവുകളില്‍ അപ്പോഴും പുരുഷപ്രജകള്‍ ഒഴിഞ്ഞു നിന്നത് ഒരു തഞ്ചൈവിസ്മയമായി നില കൊണ്ടു…
Latest News:
ലണ്ടൻ പശ്ചാത്തലത്തിലെ മലയാള നോവലുമായി ആൻ പാലി!
''അഗാപ്പെ'' യുകെ മലയാളി എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആൻ പാലിയുടെ ലണ്ടൻ ...Breaking Newsസ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സ...
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ''എൻ്റെ ഇന്ത്യാ '' കവി...Associationsലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക...Literatureലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം മേരി അലക്സ് (മണിയ) ന്
സ്കോട്ലൻഡ് : സാഹിത്യ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി 2005 മുതൽ നിലകൊ ള്ളുന്ന സംഘടനയാണ...Literatureയു കെ മലയാളി എഴുതിയ 'തുറക്കട്ടെ മനസ്സുകൾ' പുസ്തക പ്രകാശനം നടത്തി
യുകെ മലയാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഷിജുമോൻ ജോസഫിന്റെ മുപ്പത്തഞ്ചോളം വരുന്ന പ്രചോദനാത്മകമ...Literatureമദർ തെരേസ ജനിച്ച നാട്ടിലൂടെ - യാത്രാനുഭവം - റജി നന്തികാട്ട്
സാഹിത്യകാരൻ കാരൂർ സോമനും ഞാനും 12 ദിവസം കൊണ്ട് 4 രാജ്യങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര...Literatureപ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ.
(പ്രശസ്ത പ്രവാസി സാഹിത്യകാരനും, ലോക റെക്കോർഡ് ജേതാവ് (യൂ.ആർ.എഫ്) ശ്രീ.കാരൂർ സോമനുമായി എഴുത്തുകാരൻ അ...Literatureജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന് (കാരൂര്‍ സോമന്, ചാരുംമൂട്)
കേരള ജനത ജനപ്രിയ നായകന് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മു...Literature
Post Your Comments Here ( Click here for malayalam )
Latest Updates
- ശക്തന്റെ മണ്ണിലേക്ക് കൗമാര കിരീടം: 1008 പോയിന്റ് നേടി സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നടന്നത്. ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണന്നത്. എല്ലാ തവണയും കേള്‍ക്കുന്ന
- സൽമാൻ ഖാന്റെ വീടിന് വൈദ്യുത വേലി സുരക്ഷ നടന് സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു . വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസിതിക്ക് സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകളും ഉണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും സൽമാൻ ഖാന്റെ അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം താരത്തിന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ
- ‘ISRO പോകുന്നത് നല്ല സമയത്തിലൂടെ; ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്’; ഡോ.വി. നാരായണൻ ഐഎസ്ആർഒ പോകുന്നത് നല്ല സമയത്തിലൂടെയാണെന്ന് നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. 14-ാം തീയതി ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കും. ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കും. നിരവധി ലോഞ്ചിങ് പരിപാടികളുമുണ്ടെന്ന് ഡോ.വി. നാരായണൻ പറഞ്ഞു. എല്ലാത്തിനും പ്രധാനമന്ത്രി അംഗീകാരം നൽകികഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണെന്ന് ഡോ. വി നാരായണൻ പറഞ്ഞു. നിലവിലെ
- പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 225-ാം വകുപ്പ് അനുസരിച്ച് ശിക്ഷ
- നാടകവേദിയുടെ നെഞ്ചുലച്ച് വെള്ളാർമല സ്കൂൾ; ‘സങ്കടപ്പുഴ’ നീന്തികടന്ന് ഉണ്ണിമാഷിൻ്റെ കുട്ടികൾ തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ നെഞ്ചുലച്ച് വീണ്ടും ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൻ്റെ ഓർമ്മ. ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസ്സിനെ ഒരോ സമയം ഹർഷാവരത്തിലേയ്ക്കും നൊമ്പരത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ നാടകാവിഷ്കാരം. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പ്രകടനം നിറകണ്ണുകളോടെയാണ് കാണികൾ കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ്
click on malayalam character to switch languages