1 GBP = 105.58
breaking news

ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ലൗലി വില്‍ഫ്രഡ് അവസാന ഭാഗം

ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ലൗലി വില്‍ഫ്രഡ് അവസാന ഭാഗം

യുക്മ ന്യൂസ് വായനക്കാര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ അവസാന അദ്ധ്യായം.

‘ലൗലി വില്‍ഫ്രഡ്’
അദ്ധ്യായം 7
*****************

എന്റെ താമസ സ്ഥലം വരെ നടക്കുവാനാണ് തീരുമാനിച്ചത്. ഗയയില്‍ നിന്ന് മുപ്പതു മുപ്പത്തഞ്ചു മിനിറ്റ് നടന്നാല്‍ എത്താനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്. വളരെ വലിയ വീട്ടില്‍ രാത്രിയില്‍ ഒറ്റക്ക് കഴിയുന്നത് അവധിക്കാലത്തിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല. പിന്നെ അതൊരു പ്രയാസമുള്ള കാര്യമായി മാറി. ഇന്നും അങ്ങിനെ.
എന്തൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്?
അവള്‍ കൂടെയുള്ള കാര്യം പോലും ഞാന്‍ മറന്നുപോയല്ലോ.
ഞാനവളെ നോക്കി. ക്ഷമാപണത്തിന്റെ ശാരീരിക ഭാഷ എന്റെ നോട്ടത്തില്‍ ഉണ്ടായിരുന്നു.
അവള്‍ പതിയെ ചിരിച്ചു.
“ ഞാനും ക്രമേണ മൌനത്തിലാവുന്നു, അതല്ലേ ബസന്ത് നീയിപ്പോള്‍ ചിന്തിച്ചത് ?”
“അതെ. ഞാനങ്ങനെ ചിന്തിച്ചു.” ഞാന്‍ പറഞ്ഞത് സത്യമായിരുന്നു.
ഒരുപാട് സംസാരിക്കുന്ന അവള്‍ സംസാരം കുറച്ചു കൊണ്ടുവരുന്ന പോലെ എനിക്ക് തോന്നിയിരുന്നു.
“അതങ്ങനെയാണ് ബസന്ത്. നമ്മെ പോലെയുള്ളവര്‍ വളരെവേഗം ഇണങ്ങും. ഒക്കെ വാ തോരാതെ പറയും. പറഞ്ഞു കഴിയുമ്പോള്‍ വലിയ മഴ പെയ്‌തൊഴിഞ്ഞ പോലെയാണ്. മരം പിന്നെയും പെയ്യും. മാനം ചിരിക്കും. വല്ലാത്ത ഒരു വിരോധാഭാസം. ഞാന്‍ എന്നെ നിന്റെ മുന്നില്‍ തുറന്നു സംസാരിച്ചു. നീയും ഒട്ടൊക്കെ. ഈ രാത്രി നിന്റെ കിടക്കയില്‍ നിന്നോട് ചേര്‍ന്ന് ഉറങ്ങി ഉണര്‍ന്നു കഴിയുമ്പോള്‍ …കഴിയുമ്പോള്‍….”
ലൗലിയുടെ ശബ്ദം ചിലംബുകള്‍ കരയുന്നത് പോലെ തോന്നി. അന്നേരം ഞങ്ങള്‍ പോരിട്ടക്കാവ് ക്ഷേത്ര പരിസരത്തു കൂടി നടക്കുകയായിരുന്നു. ഞാന്‍ ക്ഷേത്രത്തിലേക്ക് നോക്കി. അത്താഴ പൂജ കഴിഞ്ഞ് ആളൊഴിഞ്ഞ ക്ഷേത്രം. പുറത്തെ വിളക്കില്‍ ഒരൊറ്റത്തിരി നിന്ന് കത്തുന്നു. അമ്പലപറമ്പിലെ ആലിന്‍ കൊമ്പില്‍ നിന്ന് ഒരു കാറ്റ് ബന്ധനം ഭേദിച്ച് പുറപ്പെട്ടു. തിരി അപ്പോഴും നിന്ന് കത്തുന്നു. എന്തൊരു അത്ഭുതമാണ്. ചില ഒറ്റത്തിരികള്‍ അങ്ങനെയാണ്. ഒരു കാറ്റിനും അവയെ ഊതിക്കെടുത്തി ജയിക്കാന്‍ പറ്റില്ല. അതൊരു സമസ്യയാണ്. എന്റെ മനപ്പൂര്‍വ്വം എടുത്തുടുത്ത വേഷങ്ങളെ വലിച്ചു കീറുന്ന വെളിച്ചത്തിന്റെ നഖനുനയാണ് ആ വെളിച്ചം. കാറ്റ് അതി ശക്തമായി വീശി. അതിനൊരു വാശിയുണ്ടായിരുന്നു. തിരി കെടുത്തി ഇരുള പരത്താനുള്ള വാശി. തിരി കെട്ടുപോകാതെ നിന്നു. അതിനും വാശിയാണ്. കേവലം പക്ഷങ്ങള്‍ പിടിച്ചുനില്‍ക്കുന്ന വാശികളുടെ യുദ്ധം തുടങ്ങുന്നു.
എനിക്ക് കരയണമെന്നു തോന്നി. ഞാന്‍ ശ്രമിച്ചു. പരാജയപ്പെടുകയും ചെയ്തു. എത്ര ആശകതനാണ് ഞെനെന്നുള്ളത് ഞാനറിഞ്ഞു.
വൈദ്യുത വിളക്കുകള്‍ എല്ലാം കെട്ടുപോയി.
അതൊരു സാധാരണ കാര്യമാണ്.
അങ്ങനെ ചിന്തിക്കാനാണ് എനിക്ക് തോന്നിയത്.
കാറ്റും തിരിയും ഞാന്‍ മനസ്സിലേക്ക് വലിച്ചു കേറ്റി. എന്നിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ പകച്ചുകൊണ്ട് അവളെ ഞാനെന്നോടു ചേര്‍ത്തു പിടിച്ചു. നടത്തക്ക് ഞാന്‍ വേഗതകൂട്ടി. സ്ഥൂലിച്ച എന്റെ ശരീരം പരാതിപ്പെട്ടു. ഞാന്‍ നടന്നുകൊണ്ടിരുന്നു.
“ബസന്ത്..”
“ പറയൂ ..”
“ ഈ രാത്രിയിലെ എന്റെ അന്തിക്കൂട്ടിനെക്കുറിച്ച് നീയെഴുതുമോ?. അതിനുള്ള. ധൈര്യമുണ്ടോ നിനക്ക് ?”
“ ഞാനെഴുതും. വാക്ക് തരുന്നു.”
എന്റെ ശ്വസഗതി കൂടുതല്‍ ശബ്ദം വച്ചു.
“ നിന്റെ സ്വകാര്യ ഡയറിയില്‍ അല്ല. പരസ്യമായി എഴുതുമോ എന്നാണെന്റെ ചോദ്യം “ അവള്‍ വിശദീകരിച്ചു.
“ എഴുതും.” വാശിയോടെ ഞാന്‍ പറഞ്ഞു.
“ ഞാനോപ്പമുള്ള ഈ രാത്രിയെ കുറിച്ചും എഴുതുമോ? മറകള്‍ ഇല്ലാതെ ?”
“ പിന്നല്ലാതെ ? പക്ഷേ അത് ഭാവി കാലത്തിലാണല്ലോ.”
“ കാലം വെറും ആപേക്ഷികമാണ് ബസന്ത്. എനിക്കും എകാന്തതക്കും നിറം വരുന്നത് കാലങ്ങളുടെ വൈരുധ്യം കൊണ്ട് മാത്രമാണ്. നീ നീയും ഞാന്‍ ഞാനുമാണ്. അങ്ങനെ തന്നെ ആയിരിക്കും.”
എനിക്കവള്‍ പറഞ്ഞത് പൂര്‍ണ്ണമായും മനസ്സിലായില്ല.
ഞങ്ങള്‍ വീടെത്തി.
കാത്തിരിക്കാന്‍ ആരുമില്ലാത്ത വലിയ വീട്.
അതിനു സന്തോഷമായി എന്നെനിക്കു തോന്നി.
അവള്‍ക്കും അങ്ങനെ തോന്നി കാണും .
വീട് അതിന്റെ ചുവരുകള്‍ കൊണ്ട് എന്നെ പുറം ലോകത്ത് നിന്ന് മറച്ചു.
കാക്കയായി മാറിയ അച്ഛന്റെ വലിയ കുപ്പായം കട്ടെടുത്ത് അണിഞ്ഞ കൊച്ചുകുട്ടിയായി ഞാന്‍. ഒരു നാല് വയസ്സുകാരന്‍. വലിപ്പം കൂടിയ അച്ഛന്‍ കുപ്പായം പോലെ ചുവരുകള്‍ എന്റെ മേല്‍ അയഞ്ഞു തൂങ്ങിക്കിടന്നു.
അവളെ കൂട്ടിരുത്തി ഞാന്‍ കുളിച്ചു.
എന്നിട്ട് ചുമര്‍ക്കുപ്പായം മാത്രമിട്ട് ഞാനൊരു കാപ്പി തിളപ്പിച്ചു.
നല്ലോണം തണുപ്പിച്ച കാപ്പിയില്‍ സര്‍ക്കാര്‍ കടയില്‍ നിന്ന് വാങ്ങിയ ബ്രാണ്ടി കൂട്ടിക്കലര്‍ത്തി ഒറ്റവലിക്ക് ഞാന്‍ കുടിച്ചു.
എന്റെ ചുമര്‍ക്കുപ്പായം കുറെ കൂടി അയഞ്ഞു.
“എടാ വല്ലതും കഴിക്ക്. നിന്റെ കൂമ്പു വാടിപ്പോകും.”
ലൗലി പറഞ്ഞു.
അവളുടെ ശബ്ദം എന്റെ അമ്മയുടെ ശബ്ദം പോലെ തോന്നി.
“ഇവിടെ ഒന്നുമില്ല. ഇന്ന് അത്താഴ പട്ടിണിയാണ്.”
“ ഓ..അത് സാരമില്ല. ചത്തു പോകാനൊന്നും പോകുന്നില്ല. നിനക്ക് ഉപ്പുമാങ്ങാ വേണോ . ആ കുട്ടികള്‍ തന്നത്….”
ഞങ്ങള്‍ ഉപ്പുമാങ്ങാ തിന്നു.
ഞാന്‍ കിടക്കയിലേക്ക് ചെന്നു. അവള്‍ എന്നെ ചായ്ച്ചു കിടത്തി. അരികില്‍ അവളും കിടന്നു.
“ഞാന്‍ എന്നെക്കൊണ്ട് നിന്നെ പുതപ്പിക്കുന്നു. ഉറങ്ങിക്കോളൂ …”
അവളെന്നെ ഗാഡമായി ആലിംഗനം ചെയ്തു.
“ അദ്ദേഹം ക്ഷമിക്കട്ടെ.” ഞാന്‍ പറഞ്ഞു.
“ ആര്?”
“ നിന്റെ മരിച്ചുപോയ ഭര്‍ത്താവ്.”
“ അദ്ദേഹത്തിനു സന്തോഷം തോന്നുകയേ ഉള്ളൂ…നിനക്ക് ഒരു രാത്രി ഞാന്‍ കൂട്ടിനുണ്ടായിരുന്നു എന്നറിഞ്ഞാല്‍.”
പിന്നെ എപ്പോഴോ ഞാനുറങ്ങി. നഗ്‌നനായ എന്റെ മാറില്‍ കിടന്നിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അവളും നഗ്‌നയായിരുന്നു.
അന്നു രാത്രി ഞാന്‍ കാക്കകളെ സ്വപനം കണ്ടില്ല.
അന്ന് രാത്രി ഞാന്‍ അമ്മയെ സ്വപനം കണ്ടു.
ഒരൊറ്റത്തിരി വിളക്ക് സ്വപനം കണ്ടു.
കാറ്റുകളെ കണ്ടു.
ആലിലകള്‍ കാറ്റുകളെ ശകാരിക്കുന്നത് കേട്ടു.
പിറ്റേന്നു ഞാന്‍ ഉണര്‍ന്നു.
കിടക്കയില്‍ ഞാനൊറ്റക്ക് ഉണര്‍ന്നു.
കലവും ഏകാന്തതയും തമ്മിലുള്ള ബന്ധങ്ങളും വൈരുധ്യങ്ങളും ഓര്‍ത്തു ഞാന്‍ കുറിക്കുന്ന ഈ വരികള്‍ അവള്‍ വായിക്കുന്നുവോ എന്നെനിക്കു ഉറപ്പിക്കാന്‍ ശേഷിയില്ല.
അത്രക്കും സുന്ദരിയായിരുന്നു അവള്‍.
ഒരു സ്വപ്നം പോലെ.
തെറ്റ്.
അലങ്കാരങ്ങള്‍ ഇല്ലാത്ത സ്വപനം പോലെ എന്ന് പറയണം.

ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ലൗലി വില്‍ഫ്രഡ് അദ്ധ്യായം ആറ് ഇവിടെ വായിക്കാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more