1 GBP = 107.12
breaking news

അറിവിലും ആസ്വാദനത്തിലും ഏറെ പുതുമകളുമായി ‘ജ്വാല’ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി

അറിവിലും ആസ്വാദനത്തിലും ഏറെ പുതുമകളുമായി ‘ജ്വാല’ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി

സുജു ജോസഫ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ‘ജ്വാല’ ഇ-മാഗസിന്‍ ഒകടോബര്‍ ലക്കം പുറത്തിറങ്ങി. ജ്വാല മാസികയുടെ 24- )o ലക്കമാണ് ഈ മാസം പുറത്തിറങ്ങിയിരിക്കുന്നത്. പ്രവാസി മലയാളികളെ വായനയിലേക്കും എഴുത്തിലേക്കും വളര്‍ത്തുന്നതില്‍ യുക്മ സാംസ്‌കാരിക വേദിയുടെ പ്രസിദ്ധീകരണമായ ജ്വാലയുടെ പങ്ക് വളരെ വലുതാണ് എന്ന് ആമുഖത്തില്‍ ചീഫ് എഡിറ്റര്‍ ശ്രീ.റജി നന്തിക്കാട്ട് ചൂണ്ടിക്കാട്ടുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, വായന ജീവനായി കരുതുന്ന ഒരു തലമുറയ്ക്ക് മാത്രമേ സംസ്‌കാരത്തേയും ഭാഷയേയും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് പത്രാധിപക്കുറിപ്പ് എടുത്തു പറയുന്നു.

‘ആട് ജീവിതം’ എന്ന നോവലിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ മനംകവര്‍ന്ന ബെന്യാമീന്‍ എഴുതിയ ബെന്യാമീന്റെ കഥകള്‍ ആണ് ഈ ലക്കത്തിലെ ആകര്‍ഷണം. അഞ്ച് മിനികഥകളിലൂടെ അദ്ദേഹം വീണ്ടും വായനക്കാരുടെ മുന്നിലേക്ക് ആസ്വാദനത്തിന്റെ വലിയൊരു വാതില്‍ തുറന്ന് വെയ്ക്കുന്നു. നൈന മണ്ണഞ്ചേരി എഴുതിയ ‘മാതൃത്വത്തിന്റെ വര്‍ത്തമാനകാല പ്രസക്തി’ എന്ന ലേഖനം ജാതിയ്ക്കും മതത്തിനും അതീതമായി ഒരു യുവതലമുറ എന്ത്കൊണ്ട് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു.

സാഹിത്യകാരന്‍ എം. സുകുമാരനുമായി നടത്തിയ സംഭാഷണമാണ് ഈ മാസത്തെ മറ്റൊരു പ്രധാനപ്പെട്ട വിഭവം. ‘ലഹരി നുരയുന്ന അകത്തളങ്ങള്‍’ എന്ന ലിബിന്‍.ടി.എസ്സിന്റെ ലേഖനം സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നു. കൂടാതെ ദീപു ശശി തത്തപ്പള്ളിയുടെ ‘ഒരു പിറന്നാള്‍ സെല്‍ഫി’ എന്ന കഥയും വി.ജയദേവിന്റെ ‘വെടിമണി മുഴക്കം’ എന്ന കവിതയും ആസ്വാദനത്തിന്റെ പുതുതലങ്ങള്‍ തീര്‍ക്കുന്നു. ഷൈനിഷ് തില്ലങ്കരിയുടെ ‘ഒഴിവ് ദിനത്തിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥയും ഹേമ ചന്ദ്രന്റെ ‘ദോശ’ എന്ന കവിതയും ‘ചാലി മാഷും കണക്ക് ജപവും’ എന്ന സുനില്‍ എ.എസ്സ്. എഴുതിയ അനുഭവവും വായനക്കാര്‍ക്ക് ഇക്കുറി മികച്ച അനുഭവം ആകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

യുകെയിലെ പ്രവാസി മലയാളികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ മാസവും പുറത്തിറങ്ങുന്ന ‘ജ്വാല’ ഇ-മാഗസിന്‍ പ്രശംസനീയമായ ഒരു മാതൃകയാണ് എന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് കവളക്കാട്ടില്‍ അറിയിച്ചു. ആഴത്തിലുള്ള വായനയ്ക്കും അര്‍ത്ഥ പൂര്‍ണ്ണമായ ആസ്വാദനത്തിനും ‘ജ്വാല’യുടെ ഓരോ ലക്കവും പ്രചോദനമാകട്ടെ എന്ന് യുക്മ ജനറല്‍ സെക്രട്ടറിയും ജ്വാല ഇ-മാഗസിന്‍ മാനേജിങ് എഡിറ്ററുമായ ശ്രീ. സജീഷ് ടോം ആശംസിച്ചു.

യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ നിസ്സീമമായ സഹകരണത്തിന് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു. സാല്‍ഫോര്‍ഡില്‍നിന്നുള്ള കൊച്ചു സുന്ദരി അഡോറ ജോസഫ് ആണ് ഒക്‌റ്റോബര്‍ ലക്കം മുഖചിത്രമായി നമ്മുടെ മുന്നിലേക്കെത്തുന്നത്. എല്ലാ മാസവും പത്താം തീയതിപ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിനിലേക്ക് പുതുമയുള്ളതും മൗലികവുമായ സൃഷ്ടികള്‍ [email protected] എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

ജ്വാല ഒക്ടോബര്‍ ലക്കം ഇവിടെ വായിക്കാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more