1 GBP = 127.63
breaking news

സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ രഹസ്യ സൈനിക നീക്കം?; ഖശം ദ്വീപിൽ സ്ഫോടന പരമ്പര

സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ രഹസ്യ സൈനിക നീക്കം?; ഖശം ദ്വീപിൽ സ്ഫോടന പരമ്പര

വാഷിങ്ടൺ/തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകളിലൂടെ സമാധാന ധാരണയിലെത്താനുള്ള നീക്കങ്ങൾ തുടരുന്നതിനിടെ ഇറാനിലെ തന്ത്രപ്രധാനമായ ഖശം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹുർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു.

Please Read: ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി

ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാൻ താൽപര്യമില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ആക്രമണവിവരം പുറത്തുവന്നത്. തിങ്കളാഴ്ചയാണ് ഖശം ദ്വീപിൽ അമേരിക്കൻ സൈനിക നീക്കം നടന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനെതിരെ അമേരിക്ക രഹസ്യമായി നടത്തുന്ന പരിമിതമായ സൈനിക നടപടികളുടെ ഭാഗമാണ് ഏറ്റവും പുതിയ ആക്രമണമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യങ്ങൾ, ഉപയോഗിച്ച ആയുധങ്ങൾ, നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പെന്റഗൺ നേരിട്ട് പ്രതികരിച്ചില്ല. പകരം ചോദ്യങ്ങൾ യു.എസ് സെൻട്രൽ കമാൻഡിന് കൈമാറുകയായിരുന്നു. മേഖലയിലെ അമേരിക്കൻ സൈനികർക്ക് നേരെയുള്ള ഭീഷണികൾ പ്രതിരോധിക്കാൻ ഭരണകൂടം തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വാൾസ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചു.

ഹുർമുസ് കടലിടുക്കിലെ തന്ത്രപ്രധാന കേന്ദ്രം

ഹുർമുസ് കടലിടുക്കിന്റെ പ്രവേശനഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖശം ദ്വീപ് ഇറാന്റെ സൈനിക-തന്ത്രപ്രധാന മേഖലകളിലൊന്നാണ്. ഭൂഗർഭ മിസൈൽ സംവിധാനങ്ങൾ, നാവിക താവളം, വലിയ കടൽജല ശുദ്ധീകരണ പ്ലാന്റ് എന്നിവ ദ്വീപിലുണ്ട്. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിനോട് ചേർന്നുള്ള ദ്വീപിന്റെ തന്ത്രപ്രധാന്യം മേഖലയിലെ സൈനിക നീക്കങ്ങളിൽ നിർണായകമാണ്.

ഇറാനുമായുള്ള മുൻ സൈനിക ഏറ്റുമുട്ടലുകളുടെ ഭാഗമായി അമേരിക്ക ഈ ദ്വീപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഖശം ദ്വീപ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ അമേരിക്കൻ ഉദ്യോഗസ്ഥർ നേരത്തേ ചർച്ച ചെയ്തിരുന്നതായും വിവരമുണ്ട്.

സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയാകുമോ?

ഇറാന്റെ ആവശ്യങ്ങളും അമേരിക്കയുടെ നിലപാടും സംബന്ധിച്ച് നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സൈനിക നീക്കത്തിന്റെ വിവരം പുറത്തുവരുന്നത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എന്നാൽ ഒരുവശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത് ഇറാനെതിരെ രഹസ്യ സൈനിക നടപടികൾ തുടരുന്നുവെന്ന റിപ്പോർട്ട് മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാധ്യത ഉയർത്തുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങളിലോ ഉത്തരവാദിത്തത്തിലോ അമേരിക്ക ഔദ്യോഗികമായി കൂടുതൽ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more