1 GBP = 127.10
breaking news

കുടുംബത്തെ കൊണ്ടുവരാൻ ഫ്രാൻസിലേക്ക്; കെന്റിൽ മത്സ്യബന്ധന ബോട്ട് തട്ടിയെടുക്കാൻ ശ്രമിച്ച സുഡാൻ സ്വദേശി അറസ്റ്റിൽ

കുടുംബത്തെ കൊണ്ടുവരാൻ ഫ്രാൻസിലേക്ക്; കെന്റിൽ മത്സ്യബന്ധന ബോട്ട് തട്ടിയെടുക്കാൻ ശ്രമിച്ച സുഡാൻ സ്വദേശി അറസ്റ്റിൽ

റാംസ്ഗേറ്റ്: കുടുംബത്തെ കൊണ്ടുവരാനായി ഫ്രാൻസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ കെന്റിൽ മത്സ്യബന്ധന ബോട്ട് തട്ടിയെടുക്കാൻ ശ്രമിച്ച 30കാരനായ സുഡാൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 3 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ റാംസ്ഗേറ്റിലെ റോയൽ ഹാർബറിലാണ് സംഭവം.

ജീവനക്കാർ ബോട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ‘കറൗസൽ’ എന്ന ഷെൽഫിഷ് മത്സ്യബന്ധന ബോട്ടിൽ ഇയാൾ അതിക്രമിച്ചു കയറിയത്. എൻജിൻ സ്റ്റാർട്ട് ചെയ്ത് അമിതമായി റേസ് ചെയ്തതോടെ ബോട്ടിനെ ബന്ധിച്ചിരുന്ന കയറുകൾ പൊട്ടുകയും ബോട്ട് തുറമുഖത്തിനുള്ളിലേക്ക് നീങ്ങുകയും ചെയ്തു.

തന്നെ ഫ്രാൻസിലേക്ക് കൊണ്ടുപോയി കുടുംബത്തെ തിരികെ കൊണ്ടുവരണമെന്ന് ഇയാൾ നിർബന്ധം പിടിച്ചതായി ബോട്ട് ക്യാപ്റ്റൻ ഒലി സ്വിഫ്റ്റ് പറഞ്ഞു. ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ബോട്ട് തിരികെ കരയോട് ചേർത്ത് പുതിയ കയറുകൾ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു.

സംഭവത്തിൽ ബോട്ടിന്റെ എൻജിനും വൈദ്യുത സംവിധാനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന് സഹഉടമ കൂടിയായ സ്വിഫ്റ്റ് ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം ഒരു ലക്ഷം പൗണ്ട് വരെ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ജീവൻ അപകടത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെന്റ് പൊലീസ് പുലർച്ചെ 3.17ന് ലഭിച്ച വിവരത്തെത്തുടർന്ന് സ്ഥലത്തെത്തി 30കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ, വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള നാല് ദിവസത്തിനിടെ യൂറോപ്പിൽ നിന്ന് 1,670 കുടിയേറ്റക്കാർ ചെറുബോട്ടുകളിൽ ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷത്തെ ഏറ്റവും തിരക്കേറിയ നാല് ദിവസത്തെ കാലയളവാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more