1 GBP = 127.35
breaking news

ഒരേസമയം ഒന്നിലധികം കാൻസറുകൾ കണ്ടെത്താൻ പുതിയ രക്തപരിശോധന; ഇംഗ്ലണ്ടിലെ 200 ജിപി സർജറികളിൽ പരീക്ഷണം

ഒരേസമയം ഒന്നിലധികം കാൻസറുകൾ കണ്ടെത്താൻ പുതിയ രക്തപരിശോധന; ഇംഗ്ലണ്ടിലെ 200 ജിപി സർജറികളിൽ പരീക്ഷണം

ലണ്ടൻ: കരൾ, അണ്ഡാശയം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ ഉൾപ്പെടെ ഒന്നിലധികം കാൻസർ രോഗങ്ങൾ നേരത്തേ കണ്ടെത്താൻ ലക്ഷ്യമിട്ട് പുതിയ രക്തപരിശോധനാ രീതി എൻഎച്ച്എസ് പരീക്ഷിക്കുന്നു. ഇംഗ്ലണ്ടിലെ ഏകദേശം 200 ജിപി സർജറികളിലായി 20,000ത്തിലധികം രോഗികളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തും.

45 വയസ്സിന് മുകളിലുള്ളവരിൽ വയറുവേദന, വിട്ടുമാറാത്ത വയറുവീക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കാണ് പരിശോധനയിൽ പങ്കെടുക്കാൻ അവസരം. രക്തത്തിലെ പ്രത്യേക പ്രോട്ടീനുകളുടെയും ഡിഎൻഎ ശകലങ്ങളുടെയും സാന്നിധ്യം പരിശോധിച്ചാണ് കാൻസർ സാധ്യത വിലയിരുത്തുന്നത്. സംശയാസ്പദമായ ഫലങ്ങൾ ലഭിക്കുന്നവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കാൻ ഇത് ഡോക്ടർമാരെ സഹായിക്കും.

ബർമിംഗ്ഹാം സർവകലാശാലയുടെ നേതൃത്വത്തിൽ സർക്കാർ ധനസഹായത്തോടെ നടത്തുന്ന STRIDE-RCT എന്ന പരീക്ഷണത്തിലൂടെ പുതിയ പരിശോധനയുടെ കൃത്യതയും എൻഎച്ച്എസിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതയും വിലയിരുത്തും. കുടൽ, ആമാശയം, അന്നനാളം, കരൾ, പാൻക്രിയാസ്, അണ്ഡാശയം, വൃക്ക, മൂത്രാശയം, പ്രോസ്റ്റേറ്റ് തുടങ്ങി വിവിധ അവയവങ്ങളിലെ കാൻസറുകൾ കണ്ടെത്തുകയാണ് ലക്ഷ്യം.

Please Read: പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന്; കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥി; കലാമേള ഉദ്ഘാടനം ചെയ്യും…..ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ കലാമാമാങ്കത്തിന് തിരിതെളിയും; യുകെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ

രോഗികളുടെ ജിപി സർജറിയിൽനിന്ന് ഒന്നോ രണ്ടോ ട്യൂബ് രക്തസാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രജ്ഞർ പരിശോധിക്കും. കാൻസറിന്റെ സൂചനകൾ കണ്ടെത്തുന്നതിനൊപ്പം ശരീരത്തിലെ ഏത് ഭാഗത്താണ് ട്യൂമർ രൂപപ്പെട്ടിരിക്കുന്നതെന്നും തിരിച്ചറിയാൻ പരിശോധന സഹായിച്ചേക്കും.

അതേസമയം, പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ കാൻസർ സ്ഥിരീകരിച്ചുവെന്ന് അർഥമില്ല. നെഗറ്റീവ് ഫലം ലഭിക്കുന്നതും കാൻസർ ഇല്ലെന്ന ഉറപ്പല്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

വ്യക്തമായ ലക്ഷണങ്ങളില്ലാതെ തിരിച്ചറിയാൻ പ്രയാസമുള്ള വയറിനുള്ളിലെ കാൻസറുകൾ പലപ്പോഴും രോഗം വ്യാപിച്ച ശേഷമാണ് കണ്ടെത്തുന്നത്. നേരത്തെയുള്ള രോഗനിർണയം ചികിത്സ വിജയിക്കാനും രോഗികളുടെ അതിജീവനസാധ്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് എൻഎച്ച്എസ് അധികൃതർ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിൽ പ്രതിവർഷം പാൻക്രിയാസ്, ആമാശയം, കരൾ, അണ്ഡാശയം, കുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകൾ ഏകദേശം 71,000 പേരിൽ കണ്ടെത്തുന്നുണ്ടെന്നും ഇതിൽ 35,000ത്തോളം പേർ മരിക്കുന്നുണ്ടെന്നുമാണ് കണക്ക്. രോഗലക്ഷണങ്ങളിലെ അവ്യക്തത മറികടന്ന് കൂടുതൽ പരിശോധന ആവശ്യമുള്ളവരെ നേരത്തേ കണ്ടെത്താൻ പുതിയ രക്തപരിശോധന സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more