1 GBP = 125.62
breaking news

ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി

ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി

റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി.

യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രചാരണം നടന്നത്. കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ദീർഘകാല താമസാവകാശവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വവും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും നിർദിഷ്ട മാറ്റങ്ങൾ കുടുംബങ്ങളെയും തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു നിവേദനങ്ങൾ.

റെഡ്ഹിൽ മലയാളി അസോസിയേഷനിലെ പ്രചാരണത്തിന് നേതൃത്വം നൽകിയത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റും MARS പ്രസിഡന്റുമായ ജിപ്സൺ തോമസാണ്. MARS സെക്രട്ടറി എവിൻ അവിരാച്ചൻ, ട്രഷറർ ജോസിൻ പകലോമറ്റം എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെന്നി ജോസ്, ജോബി ഫിലിപ്പ്, സ്മിത ജോയസ്, ജോബിൻ ജോസ്, ബിജു ജോർജ്, സിജോ ഫ്രാൻസിസ്, വിനീത് പുലിക്കൽ, സിനി ഡേവിസ്, സിയ റോസ് മാത്യു എന്നിവരും പ്രചാരണത്തിൽ സജീവ പങ്കാളികളായി.

പ്രദേശത്തെ മലയാളി സമൂഹത്തിൽനിന്ന് 110-ലധികം പേരുടെ ഒപ്പുകൾ ശേഖരിച്ച സംഘം, റെയ്ഗേറ്റ്, ഡോർകിംഗ്, ഹോർലി മേഖലകളിലെ ബന്ധപ്പെട്ട എംപിമാർക്ക് നിവേദനം സമർപ്പിച്ചു. നിവേദനത്തിന്റെ രജിസ്റ്റർഡ് തപാൽ പകർപ്പ് എംപിമാരുടെ പാർലമെന്റ് വിലാസങ്ങളിലേക്കും അയച്ചു. ഇതിനു പുറമേ, ഐ എൽ ആർ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ കൺസൾട്ടേഷനുകളിലും സംഘടന പങ്കെടുത്തു.

റെഡ്ഹിൽ മലയാളി അസോസിയേഷൻ ഐ എൽ ആർ സംബന്ധിച്ച കൺസൾട്ടേഷൻ നടപടികളിൽ പങ്കെടുത്ത എൻജിഒ/സന്നദ്ധ സംഘടനയായി യു.കെ. സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നതും സംഘടനയുടെ ഇടപെടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മലയാളി സമൂഹത്തിന്റെ ആശങ്കകൾ ഔദ്യോഗിക ചർച്ചകളിലേക്ക് എത്തിക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം.
അതേസമയം, പരിചരണ മേഖലയിലെ (Care Workers) ജീവനക്കാർക്ക് ILR നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ഇളവുകൾ നൽകുന്നത് സർക്കാർ പരിഗണിക്കുന്നുവെന്ന വാർത്തകൾ യു.കെ. മലയാളി സമൂഹത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. പരിചരണ മേഖലയിലും ആരോഗ്യ-സാമൂഹിക സേവന രംഗങ്ങളിലും ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് സ്ഥിരതാമസാവകാശവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിർണായകമാണ്. അതിനാൽ, ഈ വിഭാഗത്തിന് അനുകൂലമായ ഇളവുകൾ ലഭിക്കുമെന്ന സൂചനകൾ സന്തോഷകരമായ വാർത്തയായാണ് സമൂഹം കാണുന്നത്.

എന്നാൽ, ഇളവുകൾ സംബന്ധിച്ച അന്തിമ സർക്കാർ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നതുവരെ തുടർനടപടികൾക്കായി കാത്തിരിക്കേണ്ടതുണ്ട്. ILR അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുടിയേറ്റക്കാരുടെ ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി യുക്മയും അംഗ സംഘടനകളും നടത്തിയ കൂട്ടായ പ്രവർത്തനം ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

യു.കെ.യിലെ മലയാളി സമൂഹത്തിന്റെ ഐക്യവും കൂട്ടായ ഇടപെടലും പൊതുനയ ചർച്ചകളിൽ ശബ്ദമുയർത്താൻ സഹായിക്കുന്നതിന്റെ ഉദാഹരണമാണ് റെഡ്ഹിൽ മലയാളി അസോസിയേഷന്റെ ഈ പ്രവർത്തനം. കുടിയേറ്റക്കാരുടെ ഭാവിയും കുടുംബങ്ങളുടെ സുരക്ഷിതത്വവും സംരക്ഷിക്കുന്ന തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more