1 GBP = 127.35
breaking news

കുട്ടികൾക്ക് ഇ-ബൈക്കും ഇ-സ്കൂട്ടറും വാങ്ങിനൽകരുത്; മാതാപിതാക്കൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്

കുട്ടികൾക്ക് ഇ-ബൈക്കും ഇ-സ്കൂട്ടറും വാങ്ങിനൽകരുത്; മാതാപിതാക്കൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്

ലണ്ടൻ: കുട്ടികൾക്ക് ഇലക്ട്രിക് ബൈക്കുകളും ഇ-സ്കൂട്ടറുകളും വാങ്ങിനൽകരുതെന്ന് മാതാപിതാക്കൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായും അപകടകരമായും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അധികാരങ്ങൾ വേണമെന്ന ആവശ്യവുമായി സ്കോട്ട്ലൻഡ് പൊലീസ് രംഗത്തെത്തി.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ഇ-ബൈക്കുകളും സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകളും പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. മുഖംമൂടിയും ബാലക്ലാവയും ധരിച്ച് ഇ-സ്കൂട്ടറുകളിൽ ചീറിപ്പായുന്ന യുവാക്കൾ പല നഗരങ്ങളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതായും പരാതിയുണ്ട്.

Please Read: യൂറോപ്പിലെ സൂപ്പർമാർക്കറ്റ് ഫ്രിഡ്ജുകൾ ഹാക്ക് ചെയ്ത് സൈബർ ആക്രമണം; ബ്രിട്ടനിലെ ഭക്ഷ്യവിതരണ മേഖലയിലെ സ്ഥാപനങ്ങൾക്കും തിരിച്ചടി

ബ്രിട്ടനിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. അതേസമയം, ഇ-ബൈക്കുകളുടെ വേഗപരിധി മറികടക്കുന്നതിനുള്ള മാർഗങ്ങളും കൂടുതൽ ശക്തിയുള്ള മോട്ടോറുകളും ത്രോട്ടിലുകളും ഘടിപ്പിക്കാനുള്ള കിറ്റുകളും ഓൺലൈനിൽ ലഭ്യമാണ്. സാധാരണ ഇലക്ട്രിക് പെഡൽ സൈക്കിളുകളുടെ നിയമപരമായ പരിധിയിൽ വരാത്ത ചില മോഡലുകൾ മോട്ടോർസൈക്കിൾ അല്ലെങ്കിൽ മോപ്പഡ് വിഭാഗത്തിൽപ്പെടുന്നതിനാൽ ലൈസൻസും ഇൻഷുറൻസും നിർബന്ധമാണ്.

പൊലീസ് സ്കോട്ട്ലൻഡിന്റെ ഉദ്യോഗസ്ഥ സംഘടനയായ സ്കോട്ടിഷ് പൊലീസ് ഫെഡറേഷൻ (SPF) ഇത്തരം വാഹനങ്ങൾ അപകടകരമായി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിലവിൽ പൊലീസിന് പരിമിതമായ അധികാരങ്ങളേ ഉള്ളൂവെന്ന് വ്യക്തമാക്കി. മുഖംമൂടിയും ബാലക്ലാവയും ധരിച്ച് വാഹനമോടിക്കുന്നവരെ തടഞ്ഞുനിർത്തി പരിശോധിക്കാനുള്ള അധികാരം ഉൾപ്പെടെ നിയമത്തിൽ മാറ്റം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

പൊലീസ് പിടിച്ചെടുക്കുന്ന ഇ-ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും എണ്ണം 60 ശതമാനത്തിലധികം വർധിച്ചതായാണ് കണക്ക്. വിഷയത്തിൽ കുറ്റകൃത്യങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് സ്കോട്ടിഷ് പാർലമെന്റിന്റെ ക്രിമിനൽ ജസ്റ്റിസ് കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മോട്ടോർ ഘടിപ്പിച്ച വാഹനങ്ങൾ കുട്ടികൾക്ക് വാങ്ങിനൽകുമ്പോൾ അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും നിയമവശങ്ങളും മാതാപിതാക്കൾ കൃത്യമായി മനസ്സിലാക്കണമെന്ന് SPF ചെയർമാൻ ഡേവിഡ് ത്രെഡ്‌ഗോൾഡ് ആവശ്യപ്പെട്ടു. നിയമലംഘനം നടത്തിയാൽ കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

നിയമവിരുദ്ധമായി മാറ്റം വരുത്തിയ ഇ-ബൈക്കുകൾ പൊതുനിരത്തുകൾക്ക് അനുയോജ്യമല്ലെന്നും അപകടകരമാണെന്നും പൊലീസ് സ്കോട്ട്ലൻഡിലെ റോഡ് പോളിസിങ് വിഭാഗം ഡെപ്യൂട്ടി മേധാവി സൂപ്രണ്ട് ആൻഡി ബാർക്ലേ പറഞ്ഞു.

സാമൂഹികവിരുദ്ധമോ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുക്കാനും കൂടുതൽ കാലം കസ്റ്റഡിയിൽ സൂക്ഷിക്കാനും പൊലീസിന് അധികാരം നൽകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് സ്കോട്ട്ലൻഡിലെ കമ്മ്യൂണിറ്റി സേഫ്റ്റി മന്ത്രി കിർസ്റ്റൺ ഓസ്വാൾഡ് വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള നിയമങ്ങൾ പൂർണമായി മനസ്സിലാക്കണമെന്നും അവർ അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more