കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് വികാരി ജനറൽ ഫാ. ഇമ്മാനുവൽ കല്ലറക്കൽ(69 വയസ്സ്) അയർലണ്ടിൽ വച്ച് അന്തരിച്ചു
Sep 02, 2026
കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസിന്റെ (Congregation of Holy Cross) വികാരി ജനറലും ഫസ്റ്റ് ജനറൽ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവൽ കല്ലറക്കൽ സി.എസ്.സി. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവൽ അച്ഛന് ശനിയാഴ്ച വൈകുന്നേരം വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമർജൻസി സർവീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ 8 മണിവരെ അയർലണ്ടിലെ വാട്ടർഫോർഡിൽ സെൻറ് ജോസഫ് ആൻഡ് സെൻറ് ബെനിൽടസ് ദൈവാലയത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികൾ അർപ്പിക്കും. വാട്ടർഫോർഡിൽ സീറോ മലബാർ സഭയുടെ ചാപ്ലൈന്റെയും , അയർലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് മൃതശരീരം അദ്ദേഹം ദീർഘകാലം സേവനം ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസിലെ അഗർത്തലയിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
കേരളത്തിൽ കോതമംഗലം രൂപതയിലെ തെന്നത്തൂരിൽ കല്ലറയ്ക്കൽ പരേതരായ ജോസഫ്, അന്ന ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനായിട്ട് 1956-ലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കൽ മൂത്ത സഹോദരനാണ്. സഹോദരിമാരിൽ 2 പേർ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവൽ നോർത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിൻസ് അംഗമാണ്. 44 വർഷമായി സന്യാസജീവിതവും 38 വർഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷൻ ആനിമേഷൻ, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
നോർത്ത് ഈസ്റ്റ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായും, അതിനുമുമ്പ് കേരളത്തിൽ അയ്മനത്ത് വൊക്കേഷൻ ഫെസിലിറ്റേറ്ററായും ഫോർമേഷൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഗർത്തല ഹോളി ക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്‌സുകളുള്ള അഗർത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുൻനിർത്തി 2015-ൽ ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ (AIACHE) ‘ബെസ്റ്റ് പ്രിൻസിപ്പൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിർവഹണത്തിലും സാംസ്കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലർത്തിയിരുന്നു.
2022-ലെ ജനറൽ ചാപ്റ്ററിലൂടെ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയിൽ മിഡ്‌വെസ്റ്റ് പ്രൊവിൻസിന് കീഴിലുള്ള കത്തീഡ്രൽ ഹൈസ്കൂളിൽ ചാപ്ലയിനായും സെന്റ് ജോൻ ഓഫ് ആർക്ക് ഇടവകയിൽ കൂദാശാ ശുശ്രൂഷകളിൽ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേർപാടിൻറെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖാർത്തരായിരിക്കുന്ന ഏവർക്കും അനുശോചനങ്ങൾ നേരുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages