1 GBP = 128.10
breaking news

മമ്മൂട്ടി ജന്മദിന സ്‌പെഷ്യല്‍ രക്തദാന ക്യാമ്പെയിന്‍ വമ്പന്‍ ഹിറ്റ്! ഇതുവരെ പങ്കാളികളായത് ആയിരങ്ങള്‍

മമ്മൂട്ടി ജന്മദിന സ്‌പെഷ്യല്‍ രക്തദാന ക്യാമ്പെയിന്‍ വമ്പന്‍ ഹിറ്റ്! ഇതുവരെ പങ്കാളികളായത് ആയിരങ്ങള്‍

കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം

40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകള്‍ പങ്കാളികളായതായി സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകള്‍ ഇതിനകം രക്തദാനം നടത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ രക്തദാന ക്യാമ്പയിന്‍ സജീവമായി തുടരുകയാണ്.

പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു. ദുബായ്, യു.എ.ഇ., ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി നിരവധി രക്തദാന പരിപാടികള്‍ ഇതിനകം നടന്നു. ക്യാമ്പയിന്‍ സെപ്റ്റംബര്‍ 8 വരെ തുടരും.

കേരളത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. ക്യാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നല്‍കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക രംഗത്തും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി രക്തദാനം നടത്തി. രമേശ് പിഷാരടി എം.എല്‍.എ. ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രക്തദാനം നടത്തുന്നതിനായി പങ്കാളികളായിട്ടുണ്ട്.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവരുടെ 11 സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 7500 വിദ്യാര്‍ത്ഥികള്‍ രക്തദാന ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തുക. യുവതലമുറയില്‍ രക്തദാനത്തിന്റെ പ്രാധാന്യം വളര്‍ത്തിയെടുക്കുന്നതിനും ഈ ക്യാമ്പയിന്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്.

എം ജി എം ഗ്രൂപ്പുകളുടെ രക്ത ദാന ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 8ന് തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആണ് ഉത്ഘാടകന്‍. ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികള്‍ ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തില്‍ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ ഒരു വലിയ സാമൂഹിക സേവന പ്രവര്‍ത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ഈ മഹത്തായ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. ”രക്തദാനം മഹാദാനം” എന്ന സന്ദേശവുമായി മമ്മൂട്ടി ആരാധകര്‍ ലോകമെമ്പാടും നടത്തുന്ന ഈ കൂട്ടായ്മ, ജന്മദിനാഘോഷങ്ങള്‍ക്ക് ഒരു സാമൂഹിക മുഖം നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനമായി മാറുകയാണ്. ഫോട്ടോ നോട്ട് :മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന ക്യാമ്പയിനില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ രമേശ് പിഷാരടി എം.എല്‍.എ രക്തം ദാനം നിര്‍വഹിക്കുന്നു ആശുപത്രി ഡയറക്ടര്‍ ഫാ.ജേക്കബ് ജോര്‍ജ് പാലക്കാപ്പിള്ളി, ഫാ.വര്‍ഗീസ് പൊന്തേംപ്പിള്ളി, ഫാ.എബിന്‍ കളപ്പുരക്കല്‍, ഡോ. നിനി എന്നിവര്‍ സമീപം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more