1 GBP = 130.55
breaking news

സസെക്സ് തീരത്ത് പലസ്തീൻ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ച് ദിവസങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ആറ് വയസ്സുകാരിയായ പെൺകുട്ടിയും മരിച്ചു.

സസെക്സ് തീരത്ത് പലസ്തീൻ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ച് ദിവസങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ആറ് വയസ്സുകാരിയായ പെൺകുട്ടിയും മരിച്ചു.

ലണ്ടൻ: വെസ്റ്റ് സസെക്സിൽ കടലിൽ നിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടി കൂടി ആശുപത്രിയിൽ മരണമടഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് കുടുംബാംഗങ്ങളും നേരത്തെ മരിച്ചിരുന്നു. ആശുപത്രിക്ക് വേണ്ടിയും പലസ്തീനിയൻ ഫോറം ഇൻ ബ്രിട്ടൻ എന്ന സംഘടനയ്ക്ക് വേണ്ടിയും പ്രവർത്തിക്കുന്ന ഒരു നിയമസ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്.

ഷോർഹാം-ബൈ-സീയിൽ ചൊവ്വാഴ്ച ഉച്ചയോടെ സാറ എൽ-ഖവാസ് (14), മാതാപിതാക്കളായ ഹസ്സൻ എൽ-ഖവാസ് (55), സീന അലൈൻ (37) എന്നിവർ കുളിക്കുന്നതിനിടെ മരിച്ചിരുന്നു. ഇന്നലെ വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ് വയസ്സുകാരിയായ സാജ എൽ-ഖവാസും മരണത്തിന് കീഴടങ്ങി.

സംഭവം നടന്നതുമുതൽ സജ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഗൈസ് ആൻഡ് സെന്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനും ബ്രിട്ടനിലെ പാലസ്തീനിയൻ ഫോറത്തിനും വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകർ നൽകിയ നിയമപരമായ അറിയിപ്പിലൂടെയാണ് കുട്ടിയുടെ തിരിച്ചറിയലും മരണവിവരവും സ്ഥിരീകരിച്ചത്.

ലെബനനിലെ റാഷിദിയ ക്യാമ്പിൽ നിന്നുള്ള ഒരു പലസ്തീൻ അഭയാർത്ഥിയായിരുന്നു എൽ-ഖവാസ് എന്ന് പലസ്തീൻ എംബസി അറിയിച്ചു. തെക്കൻ ലെബനനിൽ മെഡിറ്ററേനിയൻ തീരത്താണ് റാഷിദിയ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

ലണ്ടനിൽ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്ന് സസെക്സ് പോലീസ് അറിയിച്ചു. ഷോർഹാമിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴാണ് അവർ വെള്ളത്തിലിറങ്ങിയതെന്ന് കരുതപ്പെടുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷോർഹാം കോട്ടയ്ക്ക് സമീപമുള്ള കടൽത്തീരത്ത് നിന്ന് നീന്താനായി നാലുപേരും വെള്ളത്തിലിറങ്ങിയെന്നും, പിന്നീട് അവർ അപകടത്തിൽപ്പെടുകയുമായിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് സസെക്സ് പോലീസ് ബുധനാഴ്ച അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ പ്രാഥമിക മൊഴികളും പരിശോധിച്ചതിൽ നിന്ന്, പുറത്തുനിന്നുള്ളവരുടെ ഇടപെടലുകളൊന്നുമില്ലാത്ത ദാരുണമായ ഒരു അപകടമായാണ് ഈ മരണങ്ങളെ നിലവിൽ വിലയിരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more