1 GBP = 129.37
breaking news

കീത്‌ലി  മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും….. അലക്സ് എബ്രഹാം സെക്രട്ടറി….. ജോർജ് പതിയിൽ ട്രഷറർ

കീത്‌ലി  മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും….. അലക്സ് എബ്രഹാം സെക്രട്ടറി….. ജോർജ് പതിയിൽ ട്രഷറർ

ബാബു സെബാസ്റ്റ്യൻ

കീത്‌ലി: കീത്‌ലി മലയാളി അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി. ഏപ്രിൽ 11-ന് കീത്‌ലിയിലെ വിക്ടോറിയ ഹാളിൽ നടന്ന ആഘോഷവിരുന്നിൽ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി. 

കെ.എം.എ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് പതിയിൽ  സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും അവതരിപ്പിച്ചു. 

കീത്‌ലി സീറോ മലബാർ ഇടവക വൈദികരായ ജോസ് അന്തിയാംകുളം, ജോയൽ പണ്ടാരപ്പറമ്പിൽ എന്നിവർ യോഗത്തിൽ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ യോഗത്തിന് സന്ദേശം നൽകി.

ചടങ്ങിനോടനുബന്ധിച്ച് അടുത്ത വർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയാണ് ചെറിയ സ്ഥാനമാറ്റങ്ങളോടെ ഒരു വർഷം കൂടി തുടരാൻ തീരുമാനിച്ചത്. ഡോ. അഞ്ജു ഡാനിയൽ  പ്രസിഡന്റായും, അലക്സ് എബ്രഹാം  സെക്രട്ടറിയായും, റീന മാത്യു വൈസ് പ്രസിഡന്റായും, നിഷ റാണി ജോയിന്റ് സെക്രട്ടറിയായും, ജോർജ് പതിയിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടോം ജോസഫ്, ഷിബു മാത്യു, സോജൻ മാത്യു, റോബിൻ ജോൺ, അനീഷ് പോൾ, ജോർജ് ജോസഫ്, അഞ്ജലി ലിന്റോ, ഷീബ ജോസഫ് എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും സംഘടനയുടെ അംഗങ്ങൾ ആശംസകൾ നേർന്നു.

യേശുക്രിസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ ഓശാന ഞായർ, അന്ത്യ അത്താഴം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ഈസ്റ്റർ നാടകം വേദിയിൽ അവതരിപ്പിക്കപ്പെട്ടു.  ഓശാനയുടെ ആഹ്ലാദത്തിൽ ആരംഭിച്ച് അന്ത്യ അത്താഴത്തിന്റെ നിശ്ശബ്ദതയിലൂടെയും കുരിശുമരണത്തിന്റെ വേദനയിലൂടെയും കടന്നുപോയ നാടകം, ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശയും ആത്മവിശ്വാസവും നിറഞ്ഞ സന്ദേശത്തോടെ സമാപിച്ചു.

വിഷുക്കണിയും ഒരുക്കിയിരുന്നു. കണ്ണിന് ആനന്ദം പകരുന്ന ഈ മനോഹര ദൃശ്യാവിഷ്കാരം, രാവിലെ കുട്ടികളെ വിശുദ്ധമായ വിഷുക്കണിയിലേക്ക് പരിചയപ്പെടുത്തുന്ന പാരമ്പര്യരീതിയും, കുടുംബത്തിലെ മുതിർന്നവർ സ്നേഹപൂർവ്വം കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ഹൃദ്യമായ ദൃശ്യവും ചേർത്തു, വിഷു ആഘോഷത്തിന്റെ സാംസ്‌കാരിക സൗന്ദര്യം വേദിയിൽ മനോഹരമായി പുനരാവിഷ്കരിച്ചു.

പ്രശസ്ത സിനിമാതാരം ശ്രീനിവാസനെ അനുസ്മരിച്ച് കെ.എം.എ അംഗങ്ങൾ അവതരിപ്പിച്ച ഹാസ്യനാടകം ഏറെ ശ്രദ്ധ നേടി. ശ്രീനിവാസന്റെ സിനിമകളിലെ കഥാപാത്രങ്ങളും പ്രശസ്ത ഡയലോഗുകളും ഉൾപ്പെടുത്തിയ അവതരണം പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. കെ.എം.എ കലാകാരനായ ഫെർണാണ്ടസ് വർഗീസ് വരച്ച ശ്രീനിവാസന്റെ ചിത്രവും ശ്രദ്ധേയമായി.

കേരള സ്റ്റൈൽ, നോർത്ത് ഇന്ത്യൻ , ഹോളിഡേ, വെസ്റ്റേൺ , ഇന്നോവേറ്റീവ് സ്റ്റൈൽ തുടങ്ങിയ വിവിധ വേഷഭാവങ്ങളിലൂടെ പുരുഷന്മാർ അവതരിപ്പിച്ച ഫാഷൻ ഷോയും ആഘോഷത്തിന് നിറം കൂട്ടി. കെ.എം.എ യിലെ വനിതകളും പുരുഷന്മാരും ചേർന്ന് അവതരിപ്പിച്ച ഫ്ലാഷ് മൊബ് മറ്റൊരു സർപ്രൈസ് പ്രകടനമായി മാറി. നിരവധി മലയാളം–ഹിന്ദി സിനിമാ ഗാനങ്ങളുടെ താളത്തിനൊത്ത് അവർ അവതരിപ്പിച്ച നൃത്തച്ചുവടുകൾ ആഘോഷവേദിയെ ആവേശഭരിതമാക്കി.

‘ഒരു വടക്കൻ വീരഗാഥ’ സിനിമയെ ഓർമ്മിപ്പിക്കുന്ന ഹാസ്യനാടകവും പ്രേക്ഷക പ്രശംസ നേടി. ഈസ്റ്റർ, വിഷു, ഈദ് എന്നീ ആഘോഷങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം അതിന്റെ മനോഹരമായ ചുവടുകളും വേഷങ്ങളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. 

ചടുലമായ ചലനങ്ങളോടും താളബദ്ധമായ പാദവിന്യാസങ്ങളോടും കൂടെ അവതരിപ്പിച്ച കാവടി നൃത്തം വേദിയെ ആഴത്തിലുള്ള ഭക്തിസാന്ദ്രതയാൽ നിറച്ചു. പരമ്പരാഗത വാദ്യങ്ങളുടെ താളമേളത്തോടൊപ്പം കാവടി, കുടം, വേൽ, മയിൽ എന്നിവയുടെ സൂക്ഷ്മവും കലാപരവുമായ ഉപയോഗം നൃത്തത്തിന് ദൃശ്യസൗന്ദര്യവും ഭക്തിഭാവവും കൂടുതൽ ശക്തമാക്കി.പോൾക്ക ഡോട്ട് സാരിയും റെട്രോ ഹെയർസ്റ്റൈലുമായി വനിതകൾ അവതരിപ്പിച്ച റെട്രോ ഡാൻസ് കൈയടികൾ നേടി.

സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്കാരത്തോടൊപ്പം അവതരിപ്പിച്ച റെപ്ലിക്ക ഡാൻസും ആഘോഷത്തിന്  വേറിട്ട മായാജാലം പകർന്നു. കുഞ്ഞുകുട്ടികളിൽ നിന്ന് കൗമാരക്കാരുവരെയുള്ള കുട്ടികളുടെ വിവിധ നൃത്താവിഷ്കാരങ്ങൾ വേദിയെ ഒരു സാംസ്‌കാരിക പൂക്കാലമാക്കി മാറ്റി. കെ.എം.എയിലെ  ഗായകരുടെ സോളോയും ഡ്യൂയറ്റ് ഗാനങ്ങളും സംഗീതാസ്വാദകർക്ക് മികച്ച അനുഭവമായി.

കോക്കനട്ട് ലഗൂൺ, യോർക്ക് ആയിരുന്നു ഭക്ഷണ ക്രമീകരണം ഒരുക്കിയത്. ലൈറ്റ്, സൗണ്ട്, വീഡിയോ വാൾ സംവിധാനങ്ങൾ ലാഡ്സ്  ഇവന്റ്സ്  കീത്‌ലി നിർവഹിച്ചു.ഡി.ജെയും നൃത്തവിരുന്നുമായി ആഘോഷങ്ങൾ സമാപിച്ചു. കീത്‌ലി മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡൻ്റ് ഡോ. അഞ്ജു ഡാനിയൽ സെക്രട്ടറി അലക്സ് എബ്രഹാം എന്നിവർ എല്ലാവരോടും നന്ദി രേഖപ്പെടുത്തി.  കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് എല്ലാവരുടേയും പിന്തുണയും അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more