1 GBP = 129.82
breaking news

നാട്ടിലേക്ക് മടങ്ങിയ അമേരിക്കൻ, ഫ്രഞ്ച് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചു, കപ്പലിൽ ഹന്താവൈറസ് പടരുന്നു; അതീവ ജാഗ്രത

നാട്ടിലേക്ക് മടങ്ങിയ അമേരിക്കൻ, ഫ്രഞ്ച് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചു, കപ്പലിൽ ഹന്താവൈറസ് പടരുന്നു; അതീവ ജാഗ്രത

ലണ്ടൻ: ആഡംബര വിനോദസഞ്ചാര കപ്പലായ ‘എം.വി ഹോണ്ടിയസി’ൽ ഹന്താവൈറസ് പടരുന്നതായി റിപ്പോർട്ട്. വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരണപ്പെട്ടു. കപ്പലിൽനിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയ അമേരിക്കൻ, ഫ്രഞ്ച് പൗരന്മാർക്ക് രോഗം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ രണ്ട് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഫ്രാൻസിൽ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

മരിച്ചവരിൽ രണ്ട് പേർക്ക് വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കപ്പലിൽ ആദ്യം മരിച്ച ഡച്ച് പൗരന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതിനാൽ അദ്ദേഹത്തെയും വൈറസ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണയായി എലികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഹന്താവൈറസ്, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവ്വമാണ്. എന്നാൽ ഹോണ്ടിയസ് കപ്പലിൽ പടർന്നിരിക്കുന്നത് ‘ആൻഡീസ് സ്ട്രെയിൻ’ എന്ന അപകടകാരിയായ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു.

ഇത് മനുഷ്യർക്കിടയിൽ വേഗത്തിൽ പടരാൻ സാധ്യതയുള്ളതാണ്. പനി, കടുത്ത ക്ഷീണം, പേശി വേദന, വയറുവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.കപ്പലിലെ യാത്രക്കാരെ അതത് രാജ്യങ്ങൾ പ്രത്യേക വിമാനങ്ങളിൽ തിരികെയെത്തിച്ചു കൊണ്ടിരിക്കുകയാണ്.

മടങ്ങിയ 17 അമേരിക്കൻ പൗരന്മാരെ നെബ്രാസ്കയിലെ മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിലാക്കി. പ്രത്യേക ബയോ-കണ്ടൈൻമെന്റ് യൂണിറ്റുകളിലാണ് ഇവരെ എത്തിച്ചത്.സ്പെയിനിലെ ടെനറീഫിൽ നിന്നെത്തിയ 20 ബ്രിട്ടീഷഷ് യാത്രക്കാരെ മഴ്സിസൈഡിലെ ആരോ പാർക്ക് ആശുപത്രിയിൽ ഐസൊലേഷനിലാക്കി.

സ്പെയിൻ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് കർശനമായ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ 42 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമെങ്കിലും, പടരാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നത്.

ഏപ്രിൽ ഒന്നിന് അർജന്റീനയിലെ ഉഷുവയയിൽ നിന്നാണ് കപ്പൽ യാത്ര തുടങ്ങിയത്. നിലവിൽ സ്പെയിനിലെ കാനറി ദ്വീപുകളിൽ കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്. യാത്രക്കാരെ പൂർണമായും ഒഴിപ്പിച്ച ശേഷം കപ്പൽ നെതർലൻഡ്‌സിലേക്ക് തിരിക്കും. കപ്പലിലെ ജീവനക്കാരെയും യാത്രക്കാരെയും നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more