ലണ്ടൻ: റസിഡന്റ് ഡോക്ടർമാർ സർക്കാരിന്റെ ഏറ്റവും പുതിയ ഓഫർ നിരസിച്ചതോടെ നിശ്ചയിച്ച പണിമുടക്ക് സമരം മുന്നോട്ട് പോകുമെന്ന് ഉറപ്പായി. ഈ ആഴ്ചയിലെ പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ മുന്നോട്ടുവച്ച അവസാന വാഗ്ദാനം റസിഡന്റ് ഡോക്ടർമാർ തള്ളിക്കളഞ്ഞതിനെത്തുടർന്ന് ആശുപത്രികൾ പതിനായിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും ഓപ്പറേഷനുകളും റദ്ദാക്കുകയാണ്.
ഇംഗ്ലണ്ടിൽ ഏകദേശം മൂന്ന് വർഷമായി നിലനിൽക്കുന്ന ശമ്പള-ജോലി തർക്കത്തിൽ ഒരു സ്വതന്ത്ര മധ്യസ്ഥന് പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനോട് (ബിഎംഎ) ആവശ്യപ്പെടുന്നു.
2023 മാർച്ച് മുതൽ റസിഡന്റ് (മുമ്പ് ജൂനിയർ) ഡോക്ടർമാർ നടത്തുന്ന 14-ാമത്തെ സമരം മൂലം ആശുപത്രി സേവനങ്ങൾ എങ്ങനെ നേരിടുമെന്ന് എൻഎച്ച്എസ് മേധാവികൾ ആശങ്കാകുലരാണ്. അതിവേഗം വളരുന്ന “ഫ്ലൂ-നാമി” യെ നേരിടാൻ ഇതിനകം തന്നെ എൻഎച്ച്എസ് പാടുപെടുന്നുണ്ട്. ശസ്ത്രക്രിയ, കീമോതെറാപ്പി, കാൻസറിനുള്ള റേഡിയോ തെറാപ്പി എന്നിവയുൾപ്പെടെ ഏകദേശം 38,500 ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും ചികിത്സകളും ഇതിനകം തന്നെ പുനഃക്രമീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ആശങ്കൾ ഒഴിയുന്നില്ലെന്നാണ് ആശുപത്രി മേധാവികൾ നൽകുന്ന വിവരം.
പണിമുടക്കിനിടെ കൺസൾട്ടന്റ് (സീനിയർ) ഡോക്ടർമാർ തങ്ങളുടെ ജൂനിയർ സഹപ്രവർത്തകരുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ വളരെ തിരക്കിലായിരിക്കുമെന്നും, ക്രിസ്മസിന് മുമ്പ് കഴിയുന്നത്ര രോഗികളെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയുമോയെന്ന ആശങ്കയിലാണ് എൻഎച്ച്എസ് അധികൃതർ. സാധാരണയായി ഉത്സവ സീസണിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തണുപ്പ് കാലത്ത് അഡ്മിറ്റ് ചെയ്യേണ്ട രോഗികൾക്ക് കിടക്കകൾ നൽകാൻ കഴിയുമോയെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്.
അതേസമയം “വളരെ കുറച്ച്, വളരെ വൈകി” എന്ന് ബിഎംഎ വിശേഷിപ്പിച്ച കരാറിനെതിരെ റസിഡന്റ് ഡോക്ടർമാർ വോട്ട് ചെയ്തതിനെത്തുടർന്ന്, പേഷ്യന്റ്സ് അസോസിയേഷൻ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ആഹ്വാനം ചെയ്തു. നാളെ ബുധനാഴ്ച രാവിലെ 7 മണിക്ക് ആസൂത്രണം ചെയ്തതുപോലെ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ വാക്ക്ഔട്ട് പിൻവലിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും വിധത്തിലുള്ള ചർച്ചകൾക്ക് സാധ്യത തേടുകയാണ് ഹെൽത്ത് സെക്രട്ടറി.
click on malayalam character to switch languages