1 GBP = 120.07
breaking news

വൂസ്റ്ററിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനും കുറ്റക്കാർക്ക് കഠിനശിക്ഷ ഉറപ്പാക്കാനും വേണ്ടി ഇന്ത്യൻ സർക്കാരിന്റെ അടിയന്തര സഹായം തേടി കുടുംബം

വൂസ്റ്ററിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനും കുറ്റക്കാർക്ക് കഠിനശിക്ഷ ഉറപ്പാക്കാനും വേണ്ടി ഇന്ത്യൻ സർക്കാരിന്റെ അടിയന്തര സഹായം തേടി കുടുംബം

വോർസെസ്റ്റർ:- ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നവുമായി ബ്രിട്ടനിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിക്ക് തെരുവിൽ കുത്തേറ്റു ദാരുണന്ത്യം. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ (30) ആണ് നവംബർ 25-ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനും കുറ്റക്കാർക്ക് കഠിനശിക്ഷ ഉറപ്പാക്കാനും വേണ്ടി ഇന്ത്യൻ സർക്കാരിന്റെ അടിയന്തര സഹായം തേടിയിരിക്കുകയാണ് ദുഃഖത്തിലാണ്ട കുടുംബം.

നവംബർ 25-ന് പുലർച്ചെ 4:15-ഓടെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ (Barbourne Road) ഗുരുതരമായ പരിക്കുകളോടെയാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ദിവസം വൈകുന്നേരം മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചതായി വെസ്റ്റ് മെർസിയ പോലീസ് അറിയിച്ചു. നേരത്തെ കസ്റ്റഡിയിലെടുത്ത ആറാമതൊരാളെ കേസിൽ തുടർനടപടികൾ ഇല്ലാതെ വിട്ടയച്ചു. ഡെപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടർ ലീ ഹോൾഹൗസിന്റെ നേതൃത്വത്തിൽ കേസിൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. വിവരങ്ങൾ നൽകാൻ സാക്ഷികളോട് പോലീസ് ശക്തമായി അഭ്യർത്ഥിച്ചു.

ഹരിയാനയിലെ ചാർഖി ദാദ്രി ജില്ലയിലെ ജാഗ്രംബാസ് ഗ്രാമവാസിയാണ് വിജയ് കുമാർ. യുകെയിലേക്ക് വരുന്നതിന് മുൻപ് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. മികച്ച ഭാവിക്കായി സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഈ വർഷം ഫെബ്രുവരി 18-ന് ഉപരിപഠനത്തിനായി ഇദ്ദേഹം യുകെയിലേക്ക് പോയത്. ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ (UWE) മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു.

വിജയിയുടെ മരണത്തിൽ തകർന്നിരിക്കുന്ന കുടുംബം മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. യുകെയിലെ നിയമപരമായ സങ്കീർണ്ണതകളും സാമ്പത്തിക കാര്യങ്ങളും കാരണം മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബത്തിന് സ്വന്തമായി കഴിയുന്നില്ലെന്ന് സഹോദരൻ രവി കുമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉടനടി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more