1 GBP = 120.00
breaking news

യുകെയിലെ പുതിയ കുടിയേറ്റ നിയമ ഭേദഗതി: നിയമപരമായി എത്തിയവരുടെ പ്രതീക്ഷയ്ക്ക് കരിനിഴൽ; ഇടപെടലുകളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും. ആശങ്കകൾ അകറ്റാൻ വെബിനാർ സംഘടിപ്പിക്കുന്നു

യുകെയിലെ പുതിയ കുടിയേറ്റ നിയമ ഭേദഗതി: നിയമപരമായി എത്തിയവരുടെ പ്രതീക്ഷയ്ക്ക് കരിനിഴൽ; ഇടപെടലുകളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും. ആശങ്കകൾ അകറ്റാൻ വെബിനാർ സംഘടിപ്പിക്കുന്നു

ലെസ്റ്റർ: യുകെയിലെ പുതിയ കുടിയേറ്റ നിയമ ഭേദഗതികൾ നിയമപരമായി എത്തിയ മലയാളി സമൂഹം ഉൾപ്പെടെയുള്ളവരുടെ സ്ഥിരതാമസ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് വരുന്നു.

യുകെയിലെ ഇമിഗ്രേഷൻ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ പുതുതായി കുടിയേറിയവരിൽ വലിയ രീതിയിലുള്ള ആശങ്കകൾ ഉളവാക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (LKC) ഒരു ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. ILR (സ്ഥിരതാമസം) വിഷയത്തിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആശങ്കകളും അവ്യക്തതയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബിനാർ നടത്തുന്നത്. ലെസ്റ്ററിലെ വിദഗ്ധ നിയമോപദേശ സ്ഥാപനമായ ലൂയിസ് കെന്നഡി സോളിസിറ്റർസ് സ്ഥാപനവുമായി സഹകരിച്ചാണ് LKC ഈ സംരംഭം ഒരുക്കുന്നത്. പുതിയ മാറ്റങ്ങളെക്കുറിച്ച് നേരിട്ട് സംവദിക്കുവാനും സംശയനിവാരണം നടത്തുവാനും ഗവൺമെൻ്റ് നടത്തുന്ന ഓൺലൈൻ കൺസൾട്ടേഷൻ പോലുള്ള കാര്യങ്ങളിൽ ഉള്ള സംശയങ്ങൾ തീർക്കുവാനും എല്ലാവർക്കും ഇതിലൂടെ അവസരം ലഭിക്കും. വെബിനാർ നവംബർ 30, 2025, ഞായർ ഉച്ചയ്ക്ക് 2 മണിക്ക് (UK TIME) ഓൺലൈൻ ആയിട്ടാണ് നടക്കുക. LKC സംഘടിപ്പിക്കുന്ന ഈ സുപ്രധാന വെബിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടാതെ, ഈ നിയമമാറ്റങ്ങൾ സംബന്ധിച്ച ആശങ്കകൾ പങ്കുവെച്ച് ഹോം സെക്രട്ടറി, ലോക്കൽ എംപിമാർ എന്നിവർക്ക് LKC ഇതിനോടകം തന്നെ നിവേദനം നൽകിയിട്ടുമുണ്ട്. നിയമമാറ്റങ്ങളിലൂടെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും LKC-യുടെ സാധ്യമായ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ നഴ്സിംഗ്, കെയർ മേഖലകളിലെ തൊഴിലാളികളെയാണ് ഈ നീക്കം നേരിട്ട് ബാധിക്കുന്നത്.

പുതിയ നിയമനിർദ്ദേശങ്ങൾ പ്രകാരം സ്ഥിരതാമസം (ILR) നേടുന്നതിന് അപേക്ഷിക്കാനുള്ള നിലവിലെ 5 വർഷത്തെ കാലയളവ് 10 വർഷമായും, കെയർ വർക്കർമാർ പോലുള്ളവർക്ക് 15 വർഷമായും വർദ്ധിക്കാൻ സാധ്യതയുണ്ട്. ILR-ന് ആവശ്യമായ വാർഷിക ശമ്പള പരിധി £38,700 പൗണ്ടായി ഉയർത്തുന്നത് കുറഞ്ഞ ശമ്പളമുള്ള വിസയിലെ ജീവനക്കാർക്ക് സ്ഥിരതാമസം നിഷേധിക്കാൻ കാരണമാകും.

ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ കൂട്ടപ്പലായനം ഗുരുതരമായ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾക്ക് കാരണമാകും. നികുതി (Tax), നാഷണൽ ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള സർക്കാർ വരുമാനം കുറയുന്നതുമൂലം ഗവൺമെൻ്റിന്
വൻ സാമ്പത്തിക നഷ്ടം ഉണ്ടാകും. ദീർഘിപ്പിച്ച വിസ ആവശ്യകതകൾ കാരണം തൊഴിലാളികൾ ചൂഷണത്തിന് ഇരയാകാനും ആധുനിക അടിമത്തം (Modern Slavery) പോലുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.

നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് നമുക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും ശബ്ദമുയർത്താം.
“Unity is Strength.”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more