സംഗീത-നൃത്ത പ്രതിഭകൾക്ക് വീണ്ടും അവസരമൊരുക്കി 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്; സംഗീതോത്സവം സീസൺ 9 & ചാരിറ്റി ഇവൻറ്, മാർച്ച് 7 ന്, ഹോൺചർച്ചിൽ.
Nov 27, 2025
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും, മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു, ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങൊരുങ്ങുന്നു. ലണ്ടൻ നഗരിയുടെ ഹൃദയഹാരിയിൽ ഇദംപ്രദമായി നടത്തപ്പെടുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 & ചാരിറ്റി ഈവന്റിന് ഈ വർഷം അണിയറ ഒരുക്കുക ലണ്ടനിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനകളുടെ സഹകരണത്തോടെയാണ്. 2026 മാർച്ച് 7 നു ശനിയാഴ്ച്ച 2 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിക്കുകയും, മലയാള കവിതകളിൽ ആധുനികത, സാമൂഹികബോധം, ഹൃദയസ്പർശിയായ സംഗീതഭാവങ്ങൾ, പ്രകൃതിയോടുള്ള മമത എന്നിവ പകർന്നു നൽകിയ അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ തെളിഞ്ഞ ‘മഹത്വം’ മാത്രമാണ്. ഓ എൻ വി സാറിന്റെ മധുരിക്കും ഓർമ്മകളുമായി, സംഗീതോത്സവ വേദിയിൽ ഒരുക്കുന്ന സംഗീതാർച്ചനയിലൂടെ, മഹാകവിക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നതിനും, നവ പ്രതിഭകൾക്ക് അവസരമൊരുക്കുന്നതിനും, ജീവകാരുണ്യനിധി സ്വരൂപണത്തിനുമാണ് 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്, സംഗീതോത്സവം സമർപ്പിക്കുക. യൂ കെ യിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വേദി പങ്കിടുന്ന ഈ സംഗീതോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനവും, പാർക്കിങ്ങും ഒരുക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം, അതിസമ്പന്നമായ കലാവിരുന്നാവും ലണ്ടൻ നഗരിക്കു സമ്മാനിക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിലൂടെ സ്വരൂപിക്കുന്ന സഹായ നിധികൊണ്ട് കഴിഞ്ഞ എട്ടു വർഷങ്ങളായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ സംഘാടകർക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
കലയുടെ വർണ്ണ വസന്തം വിടരുന്ന സംഗീത വിരുന്നും, കലാസ്വാദകരുടെ വൻ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages