1 GBP = 129.93
breaking news

മമ്മൂട്ടി മുതൽ മൈക്കിൾ ജാക്സൻ വരെ വാഴ്ത്തിപ്പാടിയ കൈപ്പുണ്യം; യു കെ മലയാളികൾക്കായി രുചിയൂറും കേക്കുകൾ ഒരുക്കി ഉദയ് ശങ്കർ

മമ്മൂട്ടി മുതൽ മൈക്കിൾ ജാക്സൻ വരെ വാഴ്ത്തിപ്പാടിയ കൈപ്പുണ്യം; യു കെ മലയാളികൾക്കായി രുചിയൂറും കേക്കുകൾ ഒരുക്കി ഉദയ് ശങ്കർ

ലണ്ടൻ ∙ നെൽസൺ മണ്ടേലയും മൈക്കിൾ ജാക്സണും മുതൽ മലയാളത്തിന്റെ  സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടി വരെ വാഴ്ത്തിപ്പാടിയ കൈപ്പുണ്യമാണ് ഒറ്റപ്പാലംകാരൻ ഉദയ് ശങ്കറിന്റേത്. ലണ്ടൻ ഹിൽട്ടണും കാണിവൽ ക്രൂയിസ് ഗ്രൂപ്പും  ഒബ്റോയ് ഗ്രൂപ്പുമെല്ലാം കടമെടുത്ത പാചകത്തിന്റെ പരിചയസമ്പന്നത. തിരക്കിട്ട ജീവിതത്തിനിടയിലും പാചകകലയിലെ സിദ്ധിവൈഭവം ഉപയോഗിച്ച് ബ്രിട്ടനിലെ മലയാളികൾക്ക് കലർപ്പില്ലാത്ത ക്രിസ്മസ് കേക്കുകൾ നിർമിച്ചു നൽകുകയാണ് ഉദയ് ശങ്കർ. നാടിന്റെ രുചിഭേദങ്ങൾ നിറച്ച, റമ്മിൽ കുതിർത്ത, തനി നാടൻ പ്ലം കേക്കുകൾ. ഇവയ്ക്കൊപ്പം മറ്റു വ്യത്യസ്തതരം കേക്കുകളും ഒരുക്കി ഓൺലൈൻവഴി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ആഘോഷങ്ങൾ വീട്ടിൽ ഒതുങ്ങുന്ന കോവിഡ് കാലത്ത് ബ്രിട്ടനിലെ ഈ മലയാളി ഷെഫ്.

ബാല്യകാലത്ത് അമ്മ സാവിത്രിയിൽ നിന്നും  പിന്നീട്, 50 വർഷത്തിലേറെ ഷെഫായി ജോലിചെയ്തിട്ടുള്ള അച്ഛൻ ടി.എൻ കുട്ടി നായരിൽ നിന്നുമാണ് ഉദയ് ശങ്കർ പാചകത്തിന്റെ പൊരുളുകൾ പഠിച്ചെടുത്തത്. പിന്നീട് പ്രഫഷണലായി പഠിച്ച്  ഈ വൈദഗ്ധ്യത്തെ വിളക്കിയെടുത്തപ്പോൾ ഉദയ് വളരെ പെട്ടെന്ന് പ്രശസ്തിയുടെ പടവുകൾ കയറി. ഒബ്റോയിയും ഹിൽട്ടണും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സെക്ടറിലെ വമ്പൻ കമ്പനികളുടെ ഹോട്ടലുകളിൽ ഉദയ് പാചകത്തിന്റെ അമരക്കാരനായി. 

മൈക്കിൾ ജാക്സൺ, നെൽസൺ മണ്ടേല, സർ ആന്റണി ഹോപ്കിൻസ്, ജാക്കി ചാൻ, ആഞ്ജലീന ജോളി. ലിയാനാർഡോ ഡി കാപ്രിയോ. ടോം ക്രൂസ്, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഋതിക് റോഷൻ തുടങ്ങി മമ്മൂട്ടി വരെയുള്ള നിരവധി സെലിബ്രിറ്റികൾ ഈ രുചിക്കൂട്ടുകളുടെ രസമറിഞ്ഞവരാണ്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കും സൗദി രാജകുടുംബാംഗങ്ങൾക്കുമെല്ലാം വച്ചുവിളമ്പാൻ ഭാഗ്യം ലഭിച്ച ഷെഫാണ് ഉദയ്. 

ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി ബ്രിട്ടനിലെ മലയാളികൾക്ക് തങ്ങൾ ചെറുപ്പംമുതലേ രുചിച്ചു ശീലിച്ച പ്ലം കേക്കുകൾ കലർപ്പില്ലാതെ നൽകണമെന്ന മോഹമാണ് ഉദയ് ശങ്കറിനെ പുതിയ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. 

ആറു മാസം മുതൽ ഒരുവർഷം വരെ കേടുകൂടാതെ ഇരിക്കും വിധം സംരക്ഷണോപാധികളായി രാസവസ്തുക്കൾ ചേർത്താണ് ബ്രിട്ടനിലേക്കു കേരളത്തിൽ നിന്നുള്ള വിവിധ കമ്പനികളുടെ കേക്കുകൾ എത്തുന്നത്. ചെറുപ്പം മുതലേ ശീലിച്ച ഈ കേക്കുകൾ കാണുമ്പോൾ രാസവസ്തുക്കളെ ഗൗനിക്കാതെ എല്ലാവരും വാങ്ങുന്നതു കണ്ടാണ് ഈ ക്രിസ്മസ് കാലത്ത് കലർപ്പില്ലാത്ത നാടൻ കേക്കുകൾ സ്വന്തമായി നിർമിച്ച് ഓൺലൈനായി വിതരണം ചെയ്യാൻ ഉദയ് ശങ്കർ തീരുമാനിച്ചത്.  ഇംഗ്ലീഷ് ഫ്രൂട്ട് കേക്കുകൾ മാത്രം ലഭ്യമായ ബ്രിട്ടനിലെ ഉൾനാടൻ പട്ടണങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും മുൻകൂട്ടി ബുക്കുചെയ്താൽ ഓൺലൈനായി ഇവ എത്തിച്ചു നൽകും.

വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ഫ്ലേവറിലുമുള്ള ക്രിസ്മസ് പ്ലം കേക്കുകൾക്കു തൂക്കം അനുസരിച്ചാണ് വില. ഒപ്പം ഡെലിവറി ചാർജും നൽകണം. ഷെഫിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ (uday_chef)  കേക്കുകൾ ബുക്കു ചെയ്യാം. 07956033643 എന്ന ടെലിഫോൺ നമ്പരിൽ നേരിൽ ബന്ധപ്പെട്ടും കേക്കുകൾ ഓർഡർ ചെയ്യാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more