1 GBP = 107.76
breaking news

സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളയ്ക്ക് റെഡിങ് ആബി സ്കൂളിൽ ഒക്ടോബർ 12 -ന് കൊടിയേറും!

സൗത്ത് ഈസ്റ്റ് റീജിയൺ കലാമേളയ്ക്ക് റെഡിങ് ആബി സ്കൂളിൽ ഒക്ടോബർ 12 -ന് കൊടിയേറും!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

സൗത്ത് ഈസ്റ്റ് റീജിയണിന്റെ പത്താമത് കലാമേളയുടെ അണിയറ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിച്ചു വരികയാണ്. കലാമേളയിൽ പങ്കെടുക്കുന്നവരോടും, രക്ഷിതാക്കളോടും അസോസിയേഷൻ ഭാരവാഹികളോടും തങ്ങളുടെ തയ്യാറെടുപ്പുകൾ ഊര്ജിതമാക്കാനായി സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ശ്രീ ആന്റണി എബ്രഹാം ആഹ്വാനം ചെയ്തു.

റെഡിങ്ങിലെ ആബി സ്കൂളാണ് ഇത്തവണത്തെ കലാമേളയുടെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ സ്റ്റേജുകളിലായി പരിപാടികൾ നടത്താനുള്ള സൗകര്യവും, റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകൾക്കും എത്തിപ്പെടാനുള്ള എളുപ്പവും, പാർക്കിംഗ് ലഭ്യതയും എല്ലാം പരിഗണിച്ചാണ് ഈ വേദിക്ക് അവസാനം നറുക്കു വീണത്.

1887 ൽ സ്ഥാപിക്കപ്പെട്ട ആബി സ്കൂൾ രാജ്യത്തെ എണ്ണപ്പെട്ട ഇൻഡിപെൻഡന്റ് സ്കൂളുകളിൽ ഒന്നാണ്. 130 ൽ പരം വര്ഷങ്ങളുടെ പാരമ്പര്യമുള്ള, പെണ്കുട്ടികൾക്കായുള്ള ഈ സ്കൂളിലാണ് ജെയ്ൻ ഓസ്റ്റിൻ എന്ന പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് പഠിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒക്ടോബർ 12 ശനിയാഴ്ച 10 മണിക്കു ഉത്‌ഘാടനം നിർവഹിക്കപ്പെടുന്ന കലാമേള, നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറിക്കൊണ്ട് അന്നേ ദിവസം തന്നെ പൂർത്തീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മത്സരങ്ങൾക്കൊടുവിൽ സംഘടിപ്പിക്കുന്ന സമാപന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.

പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ അംഗ അസോസിയേഷനുകൾ ചേർക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര് 8 ചൊവാഴ്ചയായിരിക്കും. ഇതിനായുള്ള വെബ്സൈറ്റ് അഡ്രസ്സും, ലോഗ് ചെയ്യാനുള്ള ഉപഭോക്തൃനാമം (user name), രഹസ്യ കോഡ് (password) എന്നിവ അതാതു അംഗ അസോസിയേഷനുകളുടെ പ്രസിഡന്റ് / സെക്രട്ടറി എന്നിവർക്ക് ഇമെയിൽ ചെയ്യുന്നതായിരിക്കും.

മത്സര ഇനങ്ങൾ

ഏകാംഗ ഗാനം (Solo Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. കുട്ടികൾ ഒഴികെയുള്ളവർ മലയാളം ലളിത ഗാനങ്ങൾ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. കുട്ടികളുടെ മത്സരത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള ഗാനങ്ങൾ പാടാവുന്നതാണ്. സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ സിനിമ ഗാനങ്ങൾ അനുവദനീയമല്ല.

പദ്യ പാരായണം (Poem Recitation): സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മലയാളത്തിൽ മാത്രമുള്ള പദ്യങ്ങൾ. 5 മിനിറ്റ് സമയ പരിധിയുണ്ട്.

ഏകാംഗാഭിനയം (Mono Act): ചമയങ്ങളൊന്നുമില്ലാതെ വിവിധ കഥാപാത്രങ്ങളെ ഒരാൾ തന്നെ സ്റ്റേജിൽ അവതരിപ്പിക്കുന്ന രീതി. സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മലയാളത്തിൽ മാത്രം. 5 മിനിറ്റ് സമയ പരിധിയുണ്ട്.

പ്രസംഗം (Elocution): സബ്-ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നുകിൽ മലയാളത്തിലോ അല്ലെങ്കിൽ ഇംഗ്ലീഷിലോ പ്രസംഗിക്കാം. സീനിയർ വിഭാഗക്കാർക്ക് മലയാളത്തിൽ മാത്രമേ മത്സരമുള്ളൂ. 5 മിനിറ്റ് സമയ പരിധിയുണ്ട്.

ഏകാംഗ ശാസ്ത്രീയ നൃത്തം (Classical Dance Solo – Bharatanatyam & Mohiniyattam): തനതായ ശാസ്ത്രീയ ഗാനങ്ങളോ സംഗീതമോ മാത്രമേ ഉപയോഗിക്കാവു. സിനിമ ഗാനങ്ങൾ അനുവദനീയമല്ല. ഭാരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിൻറെയും ചമയങ്ങൾ അതാതു നൃത്തത്തിന് അനുയോജ്യമായ രീതിയിലുള്ളതായിരിക്കണം. സമയ പരിധി 10 മിനിറ്റ്.

നാടോടി നൃത്തം (Folk Dance): ആഘോഷാവസരങ്ങൾക്കു മാറ്റുകൂട്ടാനായി അവതരിപ്പിക്കാറുള്ള ഈ നൃത്തരൂപത്തിനു വളരെ ലളിതമായ ചുവടുവെപ്പുകളാണ് സാധാരണ ഉപയോഗപ്പെടുത്താറ്. നൃത്തം ചെയ്യുന്ന ആളുടെ മെയ് വഴക്കവും സര്‍ഗ്ഗശക്തിയുമാണ് ഈ നൃത്താനുഷ്ഠാനത്തിന്റെ അളവുകോൽ. സമയ പരിധി 7 മിനിറ്റ്.

സിനിമാറ്റിക് ഡാൻസ് (Cinematic Dance/Free style dance – single and group ): പൂർണമായ ശാസ്ത്രീയ, അർദ്ധ-ശാസ്ത്രീയ നൃത്തങ്ങൾ സിനിമാറ്റിക് ഡാൻസ് ആയി അവതരിപ്പിക്കാൻ പാടുള്ളതല്ല. അർദ്ധ-ശാസ്ത്രീയ നൃത്ത രീതി സിനിമാറ്റിക് ഡാൻസിന്റെ ഭാഗമാക്കുന്നതിൽ കുഴപ്പമില്ല.

ഏകാംഗ സിനിമാറ്റിക് ഡാൻസിന്റെ സമയ പരിധി 5 മിനിട്ടാണ്. സമൂഹ സിനിമാറ്റിക് ഡാൻസിനു 3 മുതൽ 8 വരെ നർത്തകരെ ഉൾപ്പെടുത്താവുന്നതാണ്. സമയ പരിധി 7 മിനിട്ടാണ്.

സംഘ ശാസ്ത്രീയ നൃത്തം (Classical Group Dance): ഏതു തരത്തിലുള്ള ഭാരതീയ ശാസ്ത്രീയ നൃത്തവും അതിന്റെ തനതായ രൂപത്തിലോ (pure) സമ്മിശ്ര രൂപത്തിലോ (fusion) അവതരിപ്പിക്കാവുന്നതാണ്. 3 മുതൽ 8 വരെ നർത്തകർക്കു പകെടുക്കാവുന്ന സംഘ നൃത്തത്തിന് 10 മിനിറ്റ് സമയ പരിധിയുണ്ട്.

സംഘ ഗാനം (Group Song): പശ്ചാത്തല സംഗീതത്തിന്റെ സഹായമില്ലാതെ പാടുന്നത്. മലയാളം ലളിത ഗാനങ്ങൾ മാത്രമേ പാടാനായി തെരെഞ്ഞെടുക്കാവൂ. സിനിമാ, ഭക്തി ഗാനങ്ങൾ അനുവദനീയമല്ല. 3 മുതൽ 8 വരെ ഗായകരെ ഉൾപ്പെടുത്താവുന്നതാണ്. സമയ പരിധി 5 മിനിട്ടാണ്.

മൂകാഭിനയം (Mime): സംഭാഷണമില്ലാതെ ഒരു വിഷയമോ കഥയോ അരങ്ങിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന രീതി. മൈക്രോഫോൺ ഉപയോഗിക്കുവാൻ പാടുള്ളതല്ല. പാട്ടുകളോ സംഭാഷണമോ ഇല്ലാത്ത പിന്നണി സംഗീതം ആവശ്യമെങ്കിൽ ഉപയോഗിക്കാം. വെളുത്ത നിറം ആധാരമാക്കിയുള്ള ചമയം മുഖത്തുമാത്രം ഇടാവുന്നതാണ്. നിന്ദ്യമായതോ, അശ്ലീലമായതോ, അധിക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ ആംഗ്യങ്ങളും ഭാവപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്. 4 മുതൽ 6 പേർക്കുവരെ പങ്കെടുക്കാവുന്ന മൂകാഭിനയത്തിനു 5 മിനിറ്റ് ആണ് സമയ പരിധി.

ചിത്ര രചന (Drawing – various medium): യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചന മത്സരത്തിൽ സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പെട്ടവർക്ക് പങ്കെടുക്കാവുന്നതാണ്. ചിത്രം വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. എന്നാൽ രചനക്കാവശ്യമായ മറ്റു വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിനു ഏതു മാധ്യമവും മത്സരാർത്ഥികൾക്ക് ഉപയോഗിക്കാവുന്നതാണ്. സമയ പരിധി ഒരു മണിക്കൂർ. മത്സരാർത്ഥികൾ രാവിലെ 9.15 നു ഹാളിൽ എത്തേണ്ടതാണ്. 9.30 നു മത്സരം ആരംഭിക്കുമെന്ന് യുക്മ സാംസ്കാരിക വേദി അറിയിക്കുന്നു.

താഴെ പറയുന്ന അഞ്ചു പ്രായ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. 2019 സെപ്തംബർ 1 നു എത്ര വയസ്സ് പൂർത്തിയായി എന്നതായിരിക്കും പ്രായം നിര്ണയിക്കുന്നതിന്റെ മാനദൺഠം.

പ്രായ വിഭാഗങ്ങൾ

കുട്ടികൾ (Kids): 8 വയസ്സു വരെയുള്ളവർ
സബ്-ജൂനിയർ (Sub-junior): 8 വയസ്സിനു മുകളിൽ – 12 വയസ്സു വരെയുള്ളവർ
ജൂനിയർ (Junior): 12 വയസ്സിനു മുകളിൽ – 17 വയസ്സു വരെയുള്ളവർ
സീനിയർ (Senior): 17 വയസ്സിനു മുകളിൽ ഉള്ളവർ
പൊതു വിഭാഗം (Common): ഏതു പ്രായത്തിലുള്ളവരും

ഒക്ടോബർ 12 ന് നടക്കുന്ന റീജിയണൽ കലാമേളയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾക്ക് മാത്രമേ നവംബർ 2 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.

യുക്മയുടെ ഏറ്റവും കൂടുതൽ അംഗ അസോസിയേഷനുകളുള്ളതും യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ. മനോജ് കുമാർ പിള്ളയും ഉപാദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യനും പ്രതിനിധാനം ചെയ്യുന്ന കരുത്തുറ്റ സൗത്ത് ഈസ്റ്റ് റീജിയന്റെ കലാമേളയിൽ എല്ലാ അംഗ അസോസിയേഷനുകളിൽ നിന്നും കലാപ്രതിഭകളെ പങ്കെടുപ്പിക്കാൻ അസോസിയേഷൻ ഭാരവാഹികൾ അതീവ താല്പര്യത്തോടെ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more