1 GBP = 106.30
breaking news

യുക്മ സ്റ്റാർസിംഗർ 3 രണ്ടാം റൗണ്ട് മത്സരങ്ങൾ തീപാറുന്നു………… പുതിയ എപ്പിസോഡിൽ താള- ലയങ്ങളോടെ പാട്ടിന്റെ പാലാഴി തീർക്കാനെത്തുന്നത് മനോജ്, ശോഭ, ഹരികുമാർ എന്നിവർ 

യുക്മ സ്റ്റാർസിംഗർ 3 രണ്ടാം റൗണ്ട് മത്സരങ്ങൾ തീപാറുന്നു………… പുതിയ എപ്പിസോഡിൽ താള- ലയങ്ങളോടെ പാട്ടിന്റെ പാലാഴി തീർക്കാനെത്തുന്നത് മനോജ്, ശോഭ, ഹരികുമാർ എന്നിവർ 
സജീഷ് ടോം 
(സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യിൽ, 1970 – 1980 കാലഘട്ടത്തിലെ മലയാള സിനിമാ ഗാനങ്ങളിൽ നിന്നും മത്സരാർത്ഥികൾ  തെരഞ്ഞെടുത്തുകൊണ്ടെത്തുന്ന ഹൃദ്യഗാനങ്ങളുടെ സംപ്രേക്ഷണമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ആദ്യ എപ്പിസോഡിൽ പാടിയ ജാസ്മിൻ, ആന്റണി, അനു എന്നിവർക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഈ എപ്പിസോഡിൽ ഗായകർ എത്തിയിരിക്കുന്നത്. ‘ഇഷ്ടഗാന റൗണ്ടി’ലെ ടോപ് സ്‌കോറർ ആയ മനോജ് നായർ, ശാലീന സുന്ദരങ്ങളായ ഗാനങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേക മികവ്കാട്ടുന്ന ശോഭ ആൻ ജോർജ്, ശാസ്ത്രീയ-  അർദ്ധ ശാസ്ത്രീയ ഗാനങ്ങളോടുള്ള പ്രിയം ഗാനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒളിച്ചുവക്കാത്തതോടൊപ്പം, പ്രിയങ്കരങ്ങളായ മെലഡികളെയും പ്രണയിക്കുന്ന ഹരികുമാർ വാസുദേവൻ എന്നിവരാണ് ഈ എപ്പിസോഡിലെ ഗായകർ.

1971 ൽ പുറത്തിറങ്ങിയ “സിന്ദൂരച്ചെപ്പ്” എന്ന ചിത്രത്തിലെ ‘ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ’ എന്ന ഗാനവുമായാണ് മനോജ് നായർ രണ്ടാം റൗണ്ടിൽ എത്തുന്നത്.  യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ മാഷ് ഈണമിട്ട ഈ ഗാനം, ദാസേട്ടന്റെ ശബ്ദസൗകുമാര്യത്തിൽ പഴയതലമുറയുടെ മനസ്സിൽ ഇന്നും ശ്രുതി മീട്ടുന്നുണ്ട്. ആദ്യ റൗണ്ടിലെ “ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ” പാടിനേടിയ തിളക്കം മനോജ് ഈ റൗണ്ടിലും നിലനിർത്തുണ്ടോ എന്ന് നമുക്ക് നോക്കാം.
ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു ഫാസിലിന്റെ “നോക്കെത്താദൂരത്തു കണ്ണുംനട്ട്” എന്ന സിനിമയും അതിലെ  “ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഗാനവും. മലയാള സിനിമാ സംഗീത രംഗത്തെ പ്രൗഢമായ രണ്ട് വ്യക്തിത്വങ്ങളായ ബിച്ചു തിരുമല എന്ന ഗാനരചയിതാവും ജെറി അമൽദേവ് എന്ന സംഗീത സംവിധായകനും ഇവിടെ ഒന്നിക്കുന്നു. അതുകൊണ്ടുതന്നെ ശോഭ ആൻ ജോർജ്‌ തിരഞ്ഞെടുത്തിരിക്കുന്ന ഈ ഗാനം ഏറെ പ്രിയതരമാകുന്നു. സ്റ്റാർസിംഗർ 3 യിൽ സംഗീതരംഗത്തെ ഈ ഗുരുസ്ഥാനീയരുടെ  ആദ്യ ഗാനമാണ് ആലപിക്കപ്പെടുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ശോഭ തെരഞ്ഞെടുത്തിരിക്കുന്ന ഈ ഗാനത്തിന്.
ഈ എപ്പിസോഡിലെ അവസാന ഗാനം ആലപ്പിക്കാനെത്തുന്നത് ഹരികുമാർ വാസുദേവനാണ്. ‘പവിഴംപോൽ പവിഴാധരംപോൽ പനിനീർ പൊൻമുകുളംപോൽ’ എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ഹരി എത്തുന്നത്.  ഒ.എൻ.വി. കുറുപ്പെന്ന മലയാളത്തിന്റെ മഹാകവിയുടെ കവിത്വം മുഴുവൻ ആവാഹിച്ചിരിക്കുന്ന ഒരുഗാനം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്ന പദ്മരാജൻ ചിത്രത്തിലെ, ജോൺസൺമാഷിൻറെ കയ്യൊപ്പുപതിഞ്ഞ ഈ ഗാനം അതിമനോഹരമായി ഹരി ആലപിക്കുന്നു.
ഇനി മൂന്ന് എപ്പിസോഡുകൾ കൂടിയാണ് “1970 – 1980 ഹൃദ്യഗാന” റൗണ്ടിൽ അവശേഷിക്കുന്നത്. സ്റ്റാർസിംഗറിന്റെ അടുത്ത റൗണ്ടിലേക്ക് ആരൊക്കെ പ്രവേശിക്കും എന്ന ആകാംക്ഷക്ക് വിരാമമാകാൻ അതുവരെ കാത്തിരിക്കേണ്ടിവരും. #uukmastarsinger3 എന്ന ഫേസ്ബുക്ക് പേജിലൂടെ ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കാണാവുന്നതാണ്. ഈ പുതിയ എപ്പിസോഡിലെ ഗാനങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് സന്ദർശിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more