1 GBP = 106.30
breaking news

യുക്മ ദേശീയ കലാമേളകളിലെ സ്ഥിരം ജേതാക്കളായ ഹരിയും കൃപയും ഒപ്പം നോർത്ത് വെയ്ൽസിൽ നിന്നെത്തിയ ശോഭയും ഗായകരായെത്തുന്ന സ്റ്റാർസിംഗർ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു

യുക്മ ദേശീയ കലാമേളകളിലെ സ്ഥിരം ജേതാക്കളായ ഹരിയും കൃപയും ഒപ്പം നോർത്ത് വെയ്ൽസിൽ നിന്നെത്തിയ ശോഭയും ഗായകരായെത്തുന്ന സ്റ്റാർസിംഗർ 3യുടെ  പുതിയ എപ്പിസോഡ് വൈറലാകുന്നു

സജീഷ് ടോം, (സ്റ്റാർ സിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

ഇഷ്ടഗാനങ്ങളുമായി മത്സരാർത്ഥികൾ എത്തുന്ന ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങൾ കൂടുതൽ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകർ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാർഥികളാണ്‌ സ്റ്റാർസിംഗർ 3 യിൽ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ നാലാം എപ്പിസോഡ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകവഴി കൂടുതൽ സ്ഥിരം പ്രേക്ഷകരെ നേടിക്കൊണ്ട് ഗർഷോം ടി വി.യും പുത്തൻ നാഴികക്കല്ലുകൾതാണ്ടി മുന്നേറുകയാണ്. യുക്മ ദേശീയ കലാമേളകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സീനിയർ- ജൂനിയർ വിഭാഗങ്ങളിൽ സ്ഥിരം ജേതാക്കളായ ഹരികുമാർ വാസുദേവനും കൃപാ മരിയാ ജോർജും പാടുവാൻ എത്തുകയാണ് ഈ എപ്പിസോഡിൽ. അതുപോലെ തന്നെ, നോർത്ത് വെയ്ൽസിൽ നിന്നുള്ള ആദ്യമത്സരാർത്ഥിയായി ശോഭ ആൻ ജോർജ് കൂടി എത്തിയപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിക്കുകയാണ് നാലാം എപ്പിസോഡ്.

ജാനകിയമ്മയുടെ ഗാനങ്ങളെ ഒരു പൂക്കാലമായി നെഞ്ചിലേറ്റുന്ന കൃപ ‘കൂടെവിടെ’ എന്ന സിനിമയിലെ “പൊന്നുരുകും പൂക്കാലം” എന്ന ഗാനമാണ് ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ മറ്റൊരു ജോൺസൺമാഷ് ഗാനവുമായെത്തുന്ന കൃപ, യുക്മ സ്റ്റാർസിംഗർ സീസൺ 2 ജേതാവ് അനു ചന്ദ്രയുടെ സ്വന്തം തട്ടകമായ സ്വിണ്ടനിൽനിന്നു തന്നെയാണെത്തിയിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണു പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സ്റ്റാർ സിംഗർ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മത്സരാർത്ഥിയാണ് കൃപ.

രണ്ടാമത്തെ ഗാനവുമായെത്തുന്നത് ഷെഫീൽഡിൽ നിന്നുള്ള ഹരികുമാറാണ്. യുക്മ ദേശീയ കലാമേളകളിൽ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും സമ്മാനാർഹനാകുന്ന ഹരി, ഇക്കഴിഞ്ഞ ദേശീയ കലാമേളയിൽ സംയുക്ത കലാപ്രതിഭ കൂടിയായും തിളങ്ങിയിരുന്നു. ഹരിയോടൊപ്പം ദേശീയ കലാപ്രതിഭാ പട്ടം പങ്കുവച്ചത് സ്റ്റാർസിംഗർ 3യിലെ മറ്റൊരു മത്സരാർത്ഥിയായ സാൻ ജോർജ് തോമസ് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത മാത്രം. കൈതപ്രം- ജോൺസൻ മാഷ്- യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരക”വുമായാണ് ഹരി എത്തുന്നത്.

നോർത്ത് വെയിൽസിലെ പ്രസിദ്ധമായ സ്നോഡോണിയയിൽ നിന്നും എത്തുന്ന ശോഭ ആൻ ജോർജ് ആണ് ഈ എപ്പിസോഡിലെ അവസാന ഗായിക. യു എ ഇ യിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യു.കെ.യിലെത്തിയ ശോഭ എൻ എച്ച എസ്സിൽ പ്രൊജക്റ്റ് ഓഫീസർ ആയി ജോലിചെയ്യുന്നതിനോടൊപ്പം തൻറെ സംഗീത സ്വപ്നങ്ങളെയും താലോലിക്കുന്നു. ജ്യോത്സന ആലപിച്ച “സുഖമാണീ നിലാവ്” എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ശോഭ എത്തുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഗർഷോം ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസിംഗർ 3 യുടെ ഓരോ പുതിയ എപ്പിസോഡുകളുമാണ് തുടർന്നുവരുന്ന ആഴ്ചകളിൽ യൂട്യൂബ് ലിങ്ക് സഹിതം വാർത്തയായി യു.കെ.യിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ വരുന്നത്. യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ സ്റ്റാർസിംഗർ 3 യുടെ ബ്രാൻഡ്‌ന്യൂ എപ്പിസോഡുകളുമായെത്തുന്ന വാർത്തകൾ പരമാവധി ഷെയർ ചെയ്തു കൂടുതൽ സംഗീത പ്രേമികളിൽ എത്തിക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more