1 GBP = 128.52
breaking news

സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള – രെജിസ്ട്രേഷൻ പുരോഗമിക്കുന്നു!

സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള – രെജിസ്ട്രേഷൻ പുരോഗമിക്കുന്നു!

ക്രോളി: UK യിലെ മലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ദേശീയ കലോത്സവത്തിന് മുന്നൊരുക്കമായി നടത്തുന്ന സൗത്ത്ഈസ്റ്റ് റീജിയണൽ കലാമേള ഇത്തവണ ഒക്ടോബർ 3 ന് ശനിയാഴ്ച്ച വെസ്റ്റ് സസ്സക്സിലെ ക്രോളിയിൽ ഹേസൽവിക്ക് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന് ക്രോളി മലയാളീ കമ്മ്യൂണിറ്റിയാണ് ഇത്തവണ ആതിഥേയമരുളുന്നത്. ഈ വർഷത്തെ മുഖ്യ സ്പോൺസർ ആയി വരുന്നത് കാർഗോഫോഴ്‌സും, കാറ്ററിങ്ങ് സ്പോൺസർ റെയ്ഗേറ്റിലുള്ള ദ കേരള റെസ്റ്റോറൻ്റും ആണ്.

കലാമേളയുടെ നടത്തിപ്പിനായി റീജിയണൽ പ്രസിഡന്റ് ശ്രീ. ജിപ്സൺ തോമസിന്റെ അധ്യക്ഷതയിൽ വിവിധ കമ്മിറ്റികൾ രൂപികരിച്ചു കഴിഞ്ഞു. സെക്രട്ടറി സാംസൺ പോളിൻ്റെ നേതൃത്വത്തിൽ വിവിധ അസോസിയേഷനുകളുടെ രെജിസ്ട്രേഷൻ നടപടികളും, ട്രഷറർ തേജു മാത്യൂസിൻ്റെ നേതൃത്വത്തിൽ ഫൈനാൻസ് കമ്മിറ്റിയും എകോപിപ്പിച്ച് വരുന്നു.

സൗത്തീസ്റ് റീജിയണിലെ ഇരുപത്തിയേഴ് അംഗ അസോസിയേഷനുകളിൽ നിന്നുള്ള അറുന്നൂറോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമേള, കലാപ്രകടനങ്ങളുടെ വേദി എന്നതിലുപരി യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്. യുകെയിൽ ജനിച്ചുവളരുന്ന കേരളത്തിൻ്റെ സ്വന്തം പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്.

ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണ്.

സെപ്തംബർ 15 നായിരുന്നു രെജിസ്ട്രേഷന്റെ അവസാന തീയതി. അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ചു അത് ഏതാനും ദിവസങ്ങൾ കൂടി നീട്ടിയിട്ടുണ്ട്.

ക്രോളിയിൽ നടക്കുന്ന കലാമാമാങ്കത്തിൽ മത്സരിക്കാൻ താല്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 20 ഞായറാഴ്ച ക്ക് മുമ്പായി രജിസ്ട്രേഷൻ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷൻ ഭാരവാഹികളിൽ നിന്നും ലഭ്യമാകും

റീജിയണിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്ന ആദ്യ രണ്ടു സ്ഥാനക്കാർക്ക് നവമ്പർ 7 ന് ദേശീയ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

കലാമേള വേദി:

Hazelwick School
Three Bridges
Crawley
RH10 1SX

കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

പ്രസിഡണ്ട്:
ജിപ്‌സൺ തോമസ്സ് – 07453 288745

സെക്രട്ടറി:
സാംസൺ പോൾ – 07738 097779

ട്രഷറർ:
തേജു മാത്യൂസ് – 07915724718

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more