1 GBP = 128.52
breaking news

കാന്റർബറി കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം; ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റ്

കാന്റർബറി കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം; ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റ്

യുക്മ ന്യൂസ് ടീം, സൗത്ത് ഈസ്റ്റ്

കാന്റർബറി: കാന്റർബറി മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ Canterbury Keralites Association (CKA) 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. അസോസിയേഷന്റെ ചരിത്രത്തിൽ ശ്രദ്ധേയമായൊരു നാഴികക്കല്ലായി ജെയ്റ്റി റെജി പ്രസിഡന്റായി.

2007-ൽ ആരംഭിച്ച CKAയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തമാകുന്നതിന്റെ പ്രതീകമായാണ് ജെയ്റ്റി റെജിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

പുതിയ കമ്മിറ്റിയിൽ മേഖ ബെന്നി വൈസ് പ്രസിഡന്റായും ലിഷ മാത്യു സെക്രട്ടറിയായും റോബിൻ മാനുവൽ ട്രഷററായും ടീന രാമചന്ദ്രൻ വി ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും.

പ്രേംകുമാർ ജി, ജോൺസൺ ജോർജ്, അജിത ആൻഡ്രൂസ് , ആൽവിൻ റെജി എന്നിവരാണ് പുതിയ ഭരണസമിതിയിലെ കമ്മിറ്റി അംഗങ്ങൾ.

പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഉൾപ്പെടെ പ്രധാനപ്പെട്ട നേതൃത്വസ്ഥാനങ്ങളിൽ വനിതകൾ എത്തുന്നുവെന്നതും പുതിയ കമ്മിറ്റിയുടെ പ്രത്യേകതയാണ്. പുതുതലമുറയുടെ പ്രാതിനിധ്യവും പരിചയസമ്പന്നരായ അംഗങ്ങളുടെ സാന്നിധ്യവും ഒരുമിക്കുന്ന ഭരണസമിതിയാണ് 2026–27 കാലയളവിൽ CKAയെ നയിക്കുന്നത്.

കാന്റർബറിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ കൂടുതൽ അടുത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിന്റെ ഭാഷയും കലയും സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് പുതിയ നേതൃത്വത്തിൽനിന്നുള്ള പ്രതീക്ഷ.

പ്രത്യേകിച്ച് യു.കെ.യിൽ ജനിച്ചുവളരുന്ന മലയാളി കുട്ടികളെയും യുവാക്കളെയും സംഘടനയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരിക, അവരുടെ കലാ-കായിക കഴിവുകൾക്ക് അവസരങ്ങൾ ഒരുക്കുക, കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പുതുതായി പ്രദേശത്തെത്തുന്ന മലയാളികൾക്ക് പിന്തുണ നൽകുക തുടങ്ങിയ മേഖലകളിൽ പുതിയ കമ്മിറ്റി കൂടുതൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് CKA കുടുംബം.

ഏകദേശം രണ്ട് പതിറ്റാണ്ടായി കാന്റർബറി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് കരുത്തുപകരുന്ന CKAയിൽ ആദ്യ വനിതാ പ്രസിഡന്റ് നേതൃത്വം ഏറ്റെടുക്കുന്നത് സംഘടനയുടെ വളർച്ചയിലെ പുതിയ അധ്യായമായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more