1 GBP = 128.51
breaking news

കോംഗോയിൽ എബോള ഭീതി: അമേരിക്കൻ ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചു

കോംഗോയിൽ എബോള ഭീതി: അമേരിക്കൻ ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അപൂർവ ഇനം എബോള വൈറസ് ബാധ അതിവേഗം പടരുന്നു. കോംഗോയിൽ രോഗബാധിതരെ ചികിത്സിച്ചിരുന്ന അമേരിക്കൻ ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം അയൽരാജ്യമായ ഉഗാണ്ടയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു പ്രവിശ്യകളിലായി ഇതുവരെ 300ലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 118 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉഗാണ്ടയിലും എബോള ബാധിച്ച് രണ്ട് പേർ മരണപ്പെട്ടു. ഇറ്റൂരി പ്രവിശ്യയുടെ ആസ്ഥാനമായ ബുനിയയിലാണ് അമേരിക്കൻ ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ-മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ. ജീൻ-ജാക്വസ് മുയേംബെ അറിയിച്ചു.

തുടക്കത്തിൽ നടത്തിയ പരിശോധനകളിൽ എബോളയുടെ തെറ്റായ സ്ട്രെയിൻആണ് തിരഞ്ഞതെന്നും ഇതേത്തുടർന്ന് ഫലം നെഗറ്റീവായത് രോഗവ്യാപനം മുൻകൂട്ടി തിരിച്ചറിയുന്നതിന് തടസ്സമായതായും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. “ആദ്യഘട്ടത്തിലെ പരിശോധനകൾ തെറ്റായ സ്ട്രെയിൻ അടിസ്ഥാനമാക്കിയായിരുന്നു. ഇതിനാൽ ആഴ്ചകളോളം രോഗം തിരിച്ചറിയാൻ സാധിച്ചില്ല. വളരെ അപകടകാരിയായ ഒരു വൈറസിനെതിരെയാണ് നമ്മൾ ഇപ്പോൾ പോരാടുന്നത്,” ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റി ഗ്ലോബൽ ഹെൽത്ത് പോളിസി ഡയറക്ടർ മാത്യു എം. കവനാഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും വിദേശ സഹായ ഫണ്ടുകൾ വെട്ടിക്കുറച്ചതുമായ ട്രംപ് ഭരണകൂടത്തിന്റെ മുൻ തീരുമാനങ്ങളെയും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ഏപ്രിൽ 24നാണ് ബുനിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ഖനന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മോങ്ബ്‌വാലുവിലേക്കും, ഗോമ, ബ്യൂട്ടെംബോ, നയാകുണ്ടെ തുടങ്ങിയ പ്രദേശങ്ങളിലേക്കും രോഗം പടർന്നു. നിലവിൽ കോംഗോ സർക്കാർ മൂന്ന് പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതരിൽ 60 ശതമാനത്തിലധികം പേരും സ്ത്രീകളാണ്. ബാധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും 20 നും 39 നും ഇടയിൽ പ്രായമുള്ളവരാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.

അമേരിക്കൻ പൗരന്മാർക്ക് നിലവിൽ ഭീഷണയില്ലെങ്കിലും കടുത്ത പ്രതിരോധ നടപടികളുമായി യു.എസ് രംഗത്തെത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള വിമാനയാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കാനും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യു.എസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എബോള ബാധിത മേഖലയിലുണ്ടായിരുന്ന മറ്റ് ആറ് അമേരിക്കക്കാരെ നിരീക്ഷണത്തിനായി രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുന്നതായി സി.ഡി.സി അറിയിച്ചു.

എബോള വൈറസിന്റെ വളരെ അപൂർവമായ ഒരു വകഭേദമാണ്’ബുന്ദിബുഗ്യോ’ . 1976-ന് ശേഷം കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം തവണ എബോള പടർന്നുപിടിച്ചിട്ടുണ്ടെങ്കിലും ഈ വകഭേദം കണ്ടെത്തുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. നിലവിൽ ഈ പ്രത്യേക സ്ട്രെയിനെ പ്രതിരോധിക്കാൻ അംഗീകൃത വാക്സിനുകളോ കൃത്യമായ ചികിത്സയോ ലഭ്യമല്ല. ശരീരസ്രവങ്ങളിലൂടെ (രക്തം, ഛർദ്ദി തുടങ്ങിയവ) അതിവേഗം പടരുന്ന ഈ രോഗം അതീവ മാരകമാണ്. കടുത്ത പനി, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more