1 GBP = 128.86
breaking news

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം കിരീടം; ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചു, ഹീറോയായി സഞ്ജു സാംസൺ

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം കിരീടം; ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചു, ഹീറോയായി സഞ്ജു സാംസൺ

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.

ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡിനൊപ്പം കൂടുതൽ കിരീടങ്ങളെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങൾ നേടിയ വെസ്റ്റിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. കന്നിക്കിരീടം തേടിയെത്തിയ കീവീസിന്‍റെ രണ്ടാം ഫൈനൽ തോൽവിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റിരുന്നു.

മൂന്ന് വർഷം മുമ്പ് ഏകദിന കിരീടം ഓസീസിന് അടിയറവെക്കേണ്ടി വന്ന അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഈ കിരീട വിജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 255. ന്യൂസിലൻഡ് 19 ഓവറിൽ 159ന് ഓൾ ഔട്ട്. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാലു ഓവറിൽ 15 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. അക്ഷർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ റെക്കോഡ് സ്കോറിലെത്തിച്ചത്. ബുംറ മത്സരത്തിലെ താരമായും സഞ്ജു ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം ഓവറിൽ ഫിൻ അലനെ (ഏഴു പന്തിൽ ഒമ്പത്) തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് ന്യൂസിലൻഡിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയെ (രണ്ടു പന്തിൽ ഒന്ന്) ജസ്പ്രീത് ബുംറയും മടക്കി. ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്.

അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ (അഞ്ചു പന്തിൽ അഞ്ച്) അക്ഷർ ക്ലീൻ ബൗൾഡാക്കി. കീവീസ് മൂന്നു വിക്കറ്റിന് 47. ഒരറ്റത്ത് ഓപ്പണർ ടിം സീഫർട്ട് തകർത്തടിക്കുമ്പോഴും മറുതലക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എട്ടു പന്തിൽ മൂന്നു റൺസെടുത്ത മാർക് ചാപ്മാനെ ഹാർദിക് ബൗൾഡാക്കി. അഞ്ചാമനായി സീഫെർട്ടും മടങ്ങിയതോടെ കീവികളുടെ പ്രതീക്ഷകളും മങ്ങി. 26 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറുമടക്കം 52 റൺസെടുത്താണ് താരം പുറത്തായത്. ഡാരിൽ മിച്ചലും നായകൻ മിച്ചൽ സാന്‍റ്നറും ചേർന്ന് ടീം സ്കോർ നൂറു കടത്തി. അധികം വൈകാതെ 11 പന്തിൽ 17 റൺസെടുത്ത മിച്ചലിനെ അക്ഷർ പട്ടേൽ പുറത്താക്കി. 16ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽ ജെയിംസ് നീഷാം (ഏഴു പന്തിൽ എട്ട്), മാറ്റ് ഹെൻറി (പൂജ്യംഃ എന്നിവരെ ബൗൾഡാക്കി ബുംറയുടെ ഇരട്ടപ്രഹരം. തൊട്ടടുത്ത ഓവറിൽ സാന്‍റ്നറെയും (35 പന്തിൽ 43) ബുംറ ബൗൾഡാക്കി.

പത്താമനായി ജേക്കബ് ഡെഫിയെ അഭിഷേക് ശർമയും മടക്കിയതോടെ കീവീസ് ഇന്നിങ്സ് 159 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് മൂന്നാം ട്വന്‍റി20 ലോകകപ്പ് കിരീടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more