1 GBP = 126.51

യുക്മ – ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് തുടക്കമായി; ബോൾട്ടൻ കൊമ്പൻ ക്യാപ്റ്റന് തുഴ കൈമാറിക്കൊണ്ട് സോജൻ ജോസഫ് എംപി ഉദ്‌ഘാടനം നിർവ്വഹിച്ചു

യുക്മ – ഫസ്റ്റ് കോൾ കേരളപ്പൂരം വള്ളംകളിക്ക് തുടക്കമായി; ബോൾട്ടൻ കൊമ്പൻ ക്യാപ്റ്റന് തുഴ കൈമാറിക്കൊണ്ട് സോജൻ ജോസഫ് എംപി ഉദ്‌ഘാടനം നിർവ്വഹിച്ചു

റോതെർഹാം: യുക്മ കേരളപ്പൂരം വള്ളംകളിക്ക് തുടക്കമായി. യുകെ പാർലമെന്റ് എംപി സോജൻ ജോസഫ് ബോൾട്ടൻ കൊമ്പൻ ക്യാപ്റ്റന് തുഴ കൈമാറിക്കൊണ്ടാണ് യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഉദ്‌ഘാടനം നിർവ്വഹിച്ചത്. രാവിലെ എട്ടുമണിയോടെ തന്നെ മാൻവേഴ്സ് തടാകക്കരയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒൻപതര മണിയോടെ തന്നെ യുകെയുടെയും ഇന്ത്യയുടേയും ദേശീയ പതാകകൾ ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ യുക്മ കേരളപ്പൂരം ആരംഭിച്ച ആദ്യ രണ്ടു വർഷങ്ങളിലും ബോട്ട് ക്ലെബ്ബിന്റെ തുഴക്കാരനായെത്തിയ അനുഭവം പങ്കുവച്ച് കൊണ്ടാണ് സോജൻ ജോസഫ് എംപി സംസാരിച്ചത്. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സന്നിഹിതനായിരുന്നു.

തുടർന്ന് ആദ്യ ഹീറ്റ്‌സിൽ ആദ്യ ബോട്ടിൽ മത്സരിക്കാനിറങ്ങുന്ന ബോൾട്ടൻ കൊമ്പൻ ടീമിന്റെ ക്യാപ്റ്റൻ മോനിച്ചൻ കിഴക്കേച്ചിറക്ക് തുഴ കൈമാറിക്കൊണ്ട് ഏഴാമത് യുക്മ കേരളപ്പൂരം വള്ളം കളി സോജൻ സോസെഫ് എംപി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. നാട്ടിലെ ജലമേളകളെ അനുസ്മരിപ്പിക്കുമാറ് യുകെയിലും മത്സരവള്ളം കളി സംഘടിപ്പിക്കുന്ന യുക്മ ഭാരവാഹികളെ എംപി അഭിനന്ദിച്ചു. യുക്മ ദേശീയ ഉപാധ്യക്ഷ സ്മിത തോട്ടം ഉദ്‌ഘാടന സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളുമാണ് വേദിയിൽ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, ചിലമ്പ് നാടൻപാട്ട് ബാൻഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങൾ എന്നിവയൊക്കെ ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു. 

യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ.ബിജു പെരിങ്ങത്തറ, ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ പുരോഗമിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more