എഡിറ്റോറിയൽ
ബ്രിട്ടനിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങു തകർക്കുകയാണ്. പ്രാദേശികമായി അസ്സോസിയേഷനുകളിലും മറ്റും ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ നിറഞ്ഞാടി. ഉണ്ണിയേശുവിന്റെ ജനനം അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷത്തിന്റെ പരിസമാപ്തി മലയാളി സംഘടനകളിൽ ജനുവരിയിലാകും നടക്കുക. എന്നാൽ വർണ്ണ ദീപങ്ങളും അലങ്കാരങ്ങളും കൊണ്ട് ക്രിസ്തുമസ് ആഘോഷം വരവേൽക്കേണ്ട നമ്മുടെ നാട്ടിൽ കറുത്ത പൊട്ടായി ഓഖിയെത്തിയത് തീരദേശ കുടുംബങ്ങളെ തീർത്തും അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുന്നു. വർണദീപങ്ങളാൽ അണിഞ്ഞൊരുങ്ങേണ്ട തീരത്തെ നിരത്തുകളിൽ കനത്ത നിശ്ശബ്ദതമാത്രം
പുല്‍ക്കൂടും ക്രിസ്മസ് മരങ്ങളും കരോള്‍ ഗാനങ്ങളുമൊന്നും ഇവിടെയില്ല, ഉയർന്നു കേൾക്കുന്നത് ആധി നിറഞ്ഞ നെഞ്ചിടിപ്പുകൾ. കടൽക്കലിയിൽ കാണാമറയത്തായ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പുകൾക്കിടയിൽ ഇവർക്ക് ആഘോഷിക്കാനാവില്ല. പതിവായി ക്രിസ്മസിന് വർണദീപങ്ങളാൽ അണിഞ്ഞൊരുങ്ങുന്ന തീരത്തെ നിരത്തുകളിൽ ഇപ്പോൾ കനം തൂങ്ങുന്ന നിശ്ശബ്ദത മാത്രം.
കുടിലുകളിലാകട്ടെ അടക്കിപ്പിടിച്ച തേങ്ങലുകളും. നാസിക് ധോൾ മുഴക്കി നക്ഷത്രവിളക്കുകളുടെ അകമ്പടിയിൽ വീടുകൾ തോറുമെത്തിയിരുന്ന കുഞ്ഞുസാന്തമാരെയും ഇക്കുറി കാണാനില്ല. കണ്ണീരടങ്ങാത്ത വീടുകളിൽ അമ്മമാരെ ആശ്വസിപ്പിച്ച് അവരും ഒതുങ്ങിക്കൂടി. വിലപ്പെട്ട ജീവന്റെ നേർപ്പാതി കടലിലാണ്. ഒപ്പം കടലെടുത്ത ജീവനുകളെയോർത്തുള്ള പ്രിയപ്പെട്ടവരുടെ വിലാപങ്ങളും.
സാധാരണ ക്രിസ്മസ് തീരത്തിന്റെ ഉത്സവമാണ്. ക്ലബുകളും സാംസ്കാരിക വേദികളുമെല്ലാം കലാപരിപാടികളുമായി സജീവമാകുന്ന ദിനങ്ങൾ. എന്നാൽ, ഇക്കുറി അതെല്ലാം മാറ്റിവെച്ച് പ്രാർഥനയിൽ മാത്രം ചടങ്ങുകൾ പരിമിതപ്പെടുത്തുകയാണ് എല്ലാവരും. ചിരിക്കാൻ പോലും മറന്നുപോയവർക്ക് മുന്നിൽ മറ്റുള്ളവരും ആഘോഷങ്ങൾ ഒഴിവാക്കുകയാണ്. ആഘോഷങ്ങളൊന്നും ഇത്തവണ വേണ്ടെന്നാണ് തിരുവനന്തപുരം തീരദേശ ജില്ലകളിലെ ഇടവകകളുടെ തീരുമാനം. പകരം ക്രിസ്മസ് ദിനത്തിൽ ഓഖി ദുരന്തബാധിതരായ കുടുംബങ്ങൾക്കൊപ്പം പ്രാർഥനകളിൽ മുഴുകി അവരുടെ ദുഃഖത്തിൽ പങ്കുചേരും. തീരദേശ പ്രദേശമായ പൂന്തുറയിൽ 28 പേരാണ് മടങ്ങിയെത്താനുള്ളത്. ഇവരുടെ വലിയ ചിത്രങ്ങൾക്കു മുന്നിൽ വാവിട്ട് കരയുന്നവരാണ് ക്രിസ്മസ് ദിവസങ്ങളിലെയും കണ്ണീർക്കാഴ്ച.
കടൽക്കലിയോർമകൾ രണ്ടാഴ്ചയിലേക്ക് കടക്കുമ്പോഴും മുന്നറിയിപ്പ് തർക്കങ്ങൾക്കും കണക്കുകളിലെ അവ്യക്തതകൾക്കുമപ്പുറം അനിശ്ചിതത്വത്തിെൻറ ജീവിതക്കടലിൽ പകച്ചുനിൽക്കുകയാണ് തീരജീവിതങ്ങൾ.- തിരിച്ചെത്താനുള്ളവരുടെ എണ്ണത്തിൽ അധികൃതരുടെ പട്ടികയിൽതന്നെ പലയക്കങ്ങളാണ്. ഇവർ ജീവനോടെ അവശേഷിക്കുന്നോ എന്നതിൽ ആർക്കും ഒരുറപ്പുമില്ല. വലിയ ബോട്ടിൽ പോകുന്നവർ 20-35 ദിവസം വരെ കടലിൽ തങ്ങുമെന്നും ഇവർ ക്രിസ്മസോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി കാത്തിരിക്കുന്നവർക്കും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുമൊപ്പമാകാം നമ്മുടെ ഈ ക്രിസ്തുമസ് ആഘോഷം. യുക്മ ഓഖി ദുരന്ത സഹായ നിധിയിലേക്ക് നിങ്ങളോരുത്തരുടേയും സഹായങ്ങൾ യുക്മ ചാരിക്ക് ഒപ്പമുണ്ടാകണമെന്ന് യുക്മ ന്യൂസ് ടീം അഭ്യർത്ഥിക്കുകയാണ്.
നിങ്ങളുടെ സഹായങ്ങൾ താഴെ പറയുന്ന അക്കൗണ്ട് നമ്പറിൽ അയക്കുക
UUKMA Charity Foundation
AC Number: 52178974
Sort Code : 403736
ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന യുകെ മലയാളികൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ? ഓഖി ദുരന്തത്തിൽ പെട്ടവർക്കായി കരുണയുടെ കയ്യൊപ്പ് തേടി യുക്മ….
click on malayalam character to switch languages