1 GBP = 128.35
breaking news

സംസ്ഥാന സര്‍ക്കാര്‍ ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു

സംസ്ഥാന സര്‍ക്കാര്‍ ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു. നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഉത്തരവ് ശനിയാഴ്ച സെന്‍കുമാറിന് കൈമാറും.

സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയായും നിയമിച്ചു. എന്നാല്‍ അവധിയില്‍ പ്രവേശിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സുപ്രീം കോടതിയിലെത്തി തിരിച്ചടി നേരിട്ടതിനു പിന്നാലെയാ് സര്‍ക്കാര്‍ നടപടി. സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.

സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്ന ഉത്തരവോടെയാണ് അപേക്ഷ തള്ളിയത്. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുകയും വിവിധ കോണുകളില്‍നിന്ന് വിമര്‍ശം ഉയരുകയും ചെയ്തിരുന്നു.

വിധിയില്‍ വ്യക്തത തേടിയും ഭേദഗതി ആവശ്യപ്പെട്ടുമായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളൊന്നും കേള്‍ക്കാന്‍ കോടതി തയാറായില്ല. ഏപ്രില്‍ 24ന് സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കാന്‍ നല്‍കിയ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നാണ് കോടതി ചോദിച്ചത്. കോടതി ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത് തന്നെ തെറ്റാണെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്.

രൂക്ഷമായ ഭാഷയിലായിരുന്നു സര്‍ക്കാരിനെതിരേ കോടതിയുടെ വിമര്‍ശനം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് തന്റെ നിയമനത്തിന് തടസം നില്‍ക്കുന്നതെന്നും അവരെ കോടതിയിലേക്ക് നേരിട്ട വിളിച്ചുവരുത്തണമെന്നും സെന്‍കുമാറിന്റെ അഭിാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. എന്നാല്‍ ചീഫ് സെക്രട്ടറിയെ ഉടന്‍ വിളിച്ചുവരുത്തേണ്ടെന്ന് നിരീക്ഷിച്ച കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും നിരീക്ഷിച്ചു.

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചൊവ്വാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു. ഇതോടെ ചൊവ്വാഴ്ചയ്ക്കകം സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ചുനല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയുടെ കടുത്ത നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് ഉറപ്പായി. സെന്‍കുമാറിനെ നിയമിക്കണമെന്ന വിധിയില്‍ ഭേദഗതി വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more